ആ നക്ഷത്രങ്ങൾക്ക് വേണ്ടി
കെ എം അബ്ബാസ്
മനുഷ്യരാശിയുടെ നൻമയ്ക്കു വേണ്ടിയുള്ള ആത്‌മസമർപണം ഓർമിപ്പിക്കുന്നതാണ് പെരുന്നാൾ.ഇത്തവണയും
എങ്ങും ആഘോഷനിറവുണ്ട്.എന്നാൽ ഒരുപാട് ആയാസകരമായിരുന്ന മാസങ്ങൾക്കു ശേഷമുള്ള പെരുന്നാളാണ്.വേവലാതിയുടെ തുരങ്കപാത കടന്നാണ് ഏവരും ഇന്നിലെത്തിയിരിക്കുന്നത്.നമുക്ക് ചുറ്റും പക്ഷേ കുറേ,രോദനങ്ങൾ.ലബനനിൽ,ഫലസ്തീനിൽ കുറേ കബന്ധങ്ങൾ. അവരെ മറന്നുകൊണ്ട് നമുക്ക് എങ്ങിനെ ആഘോഷിക്കാൻ കഴിയും.എന്നാലും ഏത് കൂരിരുട്ടിലും വെളിച്ചം ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിക്കുക.ആഘോഷങ്ങളെ ഉൾക്കൊള്ളുക. ” ഈ നിമിഷവും കടന്നു പോകും”എന്ന് കരുതുക.കൊവിഡ് കാലത്തെ പെരുന്നാൾ ഓർക്കുക.അന്ന് ചുറ്റും എത്ര ഒഴിഞ്ഞ ഇരിപ്പിടങ്ങളായിരന്നു. സ്നേഹത്തിന്റെ, കരുതലിന്റെ നറുമണം പൊഴിച്ച മുഖങ്ങളുടെ അഭാവം. ഈ പെരുന്നാൾ ദിനം അവരെയും സ്മരിക്കുക.
നാട്ടിൽ പെരുന്നാൾ നിസ്കാരത്തിനെത്തുന്ന ആളുകളിൽ മിക്കവരും പള്ളിക്കാട് കൂടി സന്ദർശിക്കും. ഉറ്റവരുടെ മീസാൻകല്ലുകൾക്ക് മുന്നിൽ പ്രാർത്ഥനാനിർഭരരായി നിൽക്കും. നാട്ടിൽ പോകുമ്പോഴൊക്കെ ഉപ്പയുടെയും ഉമ്മയുടെയും ഖബറിടങ്ങൾക്കു മുന്നിൽ കണ്ണീരടക്കി നിൽക്കാറുണ്ട്. ഇത്തവണ അൽപം മഴ ചാറുന്നുണ്ടായിരുന്നു. ഉമ്മയുടെ ദുർബല ശരീരം അടക്കം ചെയ്ത മണ്ണ് നനയുന്നുണ്ടായിരുന്നു. ഉമ്മ മഴയത്തു നിൽക്കുന്നത് പോലെ തോന്നി. കുറച്ചപ്പുറത്ത് ഉപ്പയുടെ ഖബറിടമുണ്ട്. പക്ഷേ, ഉപ്പ മുമ്പേ ലോകം വെടിഞ്ഞുപോയയാളാണ്. ഉമ്മ അങ്ങിനെയല്ല, കൊവിഡ് കാലത്തെ അതിജീവിക്കാൻ കഴിയാതെ ഏതാനും മാസങ്ങൾക്കു മുമ്പ് മാത്രം വിട പറഞ്ഞവരാണ്. പവിത്രമായ ഒരു ബദർ ദിനത്തിൽ ‘പടച്ച തമ്പുരാനെയും റസൂലുല്ലാനെയും ബദ്രീങ്ങളെയും’ നിരന്തരം മന്ത്രിച്ചു ഞങ്ങളുടെ ഇടയിൽ നിന്ന് മറഞ്ഞു പോയതാണ്.ഞങ്ങളുടെ ചുറ്റും വലിയ ശൂന്യത രൂപപ്പെട്ടു.
എന്തെല്ലാം നനുത്ത അനുഭവങ്ങൾ ഉണ്ടെന്നോ? പെരുന്നാൾ വരുമ്പോൾ വീട് മുഴുവൻ ഉമ്മയായി മാറുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് ഉമ്മ വലിയ മായാജാലങ്ങൾ പലതും കാണിക്കും. ഒറ്റക്ക് പലരും ഭക്ഷണമുണ്ടാക്കുന്ന വൈഭവത്തെ, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഇന്ദ്രജാലം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ. അന്ന് , മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് പെരുന്നാളിനെ വരവേൽക്കുക. അമ്മിക്കല്ലിനോടും ഊരലിനോടും വിറകടുപ്പിനോടും മല്ലടിച്ചും കുഞ്ഞുങ്ങളുടെ കരച്ചിലടക്കിയും, പൈക്കളെയും കോഴികളെയും തീറ്റിയും സന്ദർശകരെയും സ്വീകരിച്ചു ഉമ്മ വീടിന്റെ ഭാരമാകെ ചുമക്കുന്നു. ഒരാൾക്ക് അസാധ്യമായ കാര്യമാണ്. ഇതിനിടയിലും ഉമ്മ പൈക്കിടാങ്ങളോടും മൈലാഞ്ചിച്ചെടികളോടും കുശലം പറയുന്നുണ്ട്. ഞങ്ങൾക്ക് പുത്തനുടുപ്പ് അണിയിക്കുന്നുണ്ട്. വീട്ടിൽ വരുന്ന അയൽപക്കത്തെ കുഞ്ഞുങ്ങൾക്ക് സ്നേഹസമ്മാനം നൽകുന്നുണ്ട്. ദേഹമാസകലം മൂടുന്ന വെള്ളയുടുപ്പിൽ നിസ്കരിക്കുകയും ലോകത്തെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. പെരുന്നാളിന് ഉമ്മ കരുതിവെച്ച വെള്ള കാച്ചിത്തുണിയും പുള്ളിക്കുപ്പായവും തട്ടവും അണിയാൻ മറന്നുപോയേക്കാം. എന്നാലും ഉമ്മ പെരുന്നാളിന് നിരവധി വിഭവങ്ങൾ ഒരുക്കുന്നു. ഉപ്പയുടെ സഹോദരങ്ങൾ, മരുമക്കൾ, മക്കളുടെ ഭർത്താക്കന്മാർ എന്നിങ്ങനെ പള്ളിയിൽ പെരുന്നാൾ നിസ്കാരം കഴിയുമ്പോൾ തീൻമേശ നിറഞ്ഞിരിക്കും. രാത്രിയാകുമ്പോൾ അടുക്കള പിന്നെയും വൃത്തിയാക്കുന്നു. പിന്നീടും ഭക്ഷ്യധാന്യങ്ങൾ ഒക്കെയായി അടുക്കളയിലേക്കു വീണ്ടുമെത്തുന്നു. അടുപ്പിൽ വിറകൊരുക്കുന്നു. വീട്ടുകാർക്കെല്ലാം ഭക്ഷണമുണ്ടാക്കുന്നു. തുടർന്നന്നും പിന്നീടും അതേ നൈരന്തര്യം.
കൊവിഡ് കാലത്ത് ഉമ്മയ്ക്ക് ആശുപത്രിയിൽ പോകുമ്പോൾ, ഉമ്മയുടെ സ്നേഹത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ? ഇല്ലേയില്ല, ഉമ്മ അവശതയിലും എന്നോട് ചോദിക്കുന്നു, മോനേ, നിനക്ക് വീട്ടിൽ പോകണ്ടേ, കുളിക്കണ്ടേ, ഭക്ഷണം കഴിക്കണ്ടേ..




