ദുബൈയിൽ 200 കോടി ദിർഹം ചെലവിൽ റോഡ് ഇടനാഴി വരുന്നു
15 പാലങ്ങളും തുരങ്കപാതകളും
ദുബൈlദുബൈയിൽ ശൈഖ ലത്വീഫ ബിന്ത് ഹംദാൻ റോഡ് ഇടനാഴി വികസന പദ്ധതിക്ക് 200 കോടി ദിർഹത്തിന്റെ കരാർ നൽകിയതായി ആർ ടി എ ചെയർമാൻ മതർ അൽ താഹിർ അറിയിച്ചു.12 കിലോമീറ്റർ നീളത്തിൽ റോഡ് വികസിപ്പിക്കും.
3,200 മീറ്റർ വിസ്തൃതിയുള്ള 15 പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമ്മാണം പദ്ധതിയിൽ ഉൾപ്പെടുന്നു. റോഡ് ശൃംഖല വികസിപ്പിക്കുന്നത് ദ്രുതഗതിയിലുള്ള നഗര-സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം മുന്നേറുന്നതിനും നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ്. പ്രധാന റോഡ് ഇടനാഴികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ഇടനാഴിയാണ് ലത്വീഫ ബിന്ത് ഹംദാൻ ഇടനാഴി. ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രധാന വികസന പദ്ധതികളെ ഇത് പിന്തുണയ്ക്കും.ശൈഖ് സായിദ് റോഡിനെ അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്,ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്,ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്നു.650,000-ത്തിലധികം ജനസംഖ്യയുള്ള താമസ,വാണിജ്യ മേഖലകൾക്ക് ഇടനാഴി സേവനം നൽകുന്നു. ഇടനാഴിയിൽ മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും. ഇരു ദിശകളിലേക്കും പ്രതിദിനം 1,30,000-ത്തിലധികം യാത്രകൾ നടക്കും. ഉം അൽ ശീഫ് സ്ട്രീറ്റിനും എമിറേറ്റ്സ് റോഡിനും ഇടയിലുള്ള യാത്രാ സമയം 33 മിനിറ്റിൽ നിന്ന് 15 മിനിറ്റായി കുറയ്ക്കും.കിഴക്ക്-പടിഞ്ഞാറ് ഇടനാഴികളുടെ ശേഷി 12% വർദ്ധിപ്പിക്കുന്ന പദ്ധതിയാണ്. 2,300 മീറ്റർ നീളമുള്ള 7 പാലങ്ങളുടെയും 900 മീറ്റർ നീളമുള്ള 8 തുരങ്കങ്ങളുടെയും നിർമ്മാണം പദ്ധതിയിൽ ഉൾപ്പെടുന്നു.അൽ ഖുദ്രയിൽ നിന്ന് ജുമൈറയിലേക്കുള്ള സൈക്ലിംഗ് റൂട്ടുകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി 12.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുകൾ നിർമ്മിക്കും.



