പെരുന്നാൾ തിരക്കിലും യാത്രാനടപടികൾ സുഗമമാക്കി വിമാനത്താവളങ്ങൾ
ദുബൈ : ബലിപെരുന്നാൾ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്കിനിടയിലും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രാനടപടികൾ സുഗമമാക്കി . പെരുന്നാൾ ദിനത്തിലെ റെക്കോർഡ് തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി വിമാനത്താവളത്തിലെ വിവിധ ടെർമിനലുകളിൽ അധികൃതർ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പെരുന്നാൾ ആദ്യദിനത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ട്രാഫിക് നിയന്ത്രണങ്ങളും യാത്രക്കാരുടെ സുഗമമായ നീക്കവും ഉറപ്പാക്കാൻ ടെർമിനൽ 1, 2, 3 എന്നിവടങ്ങളിലെ അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിൽ അദ്ദേഹം പ്രത്യേക പരിശോധന നടത്തി. കൂടാതെ, തിരക്കേറിയ ഈ സമയത്ത് സേവനമനുഷ്ഠിക്കുന്ന വിവിധ ഫീൽഡ് ടീമുകളുടെ സജ്ജീകരണങ്ങളും അദ്ദേഹം പരിശോധിച്ചു.
ജി.ഡി.ആർ.എഫ്.എ ദുബൈ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ , ദുബൈ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരായ മേജർ ജനറൽ മർവാൻ ജുൽഫാർ, ബ്രിഗേഡിയർ എക്സ്പർട്ട് ഹമീദ് അൽ ഹാഷിമി എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത് . ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ യാത്രക്കാരുടെ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ വിമാനത്താവളത്തിൽ സാധിക്കുന്നുണ്ട്. ജി.ഡി.ആർ.എഫ്.എ, പൊലീസ്, മറ്റ് തന്ത്രപ്രധാന വിമാനത്താവള പങ്കാളികൾ എന്നിവർ തമ്മിലുള്ള മികച്ച ഏകോപനമാണ് ഇതിന് സഹായിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആധുനിക സാങ്കേതിക സംവിധാനങ്ങളും തത്സമയ ആശയവിനിമയവും ഉള്ളതിനാൽ യാത്രക്കാർക്ക് വലിയ ക്യൂവിൽ നിൽക്കാതെ തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്.
വിമാനത്താവള കൗണ്ടറുകളിലും ചെക്ക്‌പോസ്റ്റുകളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പാസ്‌പോർട്ട് ഓഫീസർമാർക്കും മറ്റ് ജീവനക്കാർക്കും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പെരുന്നാൾ ആശംസകൾ നേർന്നു.



