ദുബൈ വിമാനത്താവളത്തിൽ ‘സ്മാർട്ട് റെഡ് കാർപെറ്റിന്’ മികച്ച സ്വീകാര്യത
ദുബൈലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ എമിഗ്രേഷൻ നടപടികൾ ലളിതമാക്കാൻ അവതരിപ്പിച്ച സ്മാർട്ട് റെഡ് കാർപെറ്റ് കോറിഡോറിന് മികച്ച പ്രതികരണമെന്ന് ജി ഡി ആർ എഫ് എ മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി .പാസ്പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ, ചുവന്ന പാതയിലൂടെ നടന്നു നിമിഷങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ഈ അത്യാധുനിക സംവിധാനം യാത്രകൾ കൂടുതൽ സുഗമമാക്കുന്നു. 20 മുതൽ 30 ശതമാനം വരെ സമയം ലാഭിക്കപ്പെടുന്നതായും അധികൃതർ വ്യക്തമാക്കി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് ദുബൈ എയർപോർട്ട്സുമായി സഹകരിച്ചാണ് നിർമിത ബുദ്ധി സാങ്കേതികവിദ്യയിൽ ലോകത്തിലെ തന്നെ ആദ്യത്തെ പാസഞ്ചർ കോറിഡോർ അവതരിപ്പിച്ചത്. നിലവിൽ ഇത് ടെർമിനൽ 3-ലെ ബിസിനസ് ക്ലാസ് ഡിപ്പാർച്ചർ ഹാളിലാണ് ലഭ്യമാകുന്നത്. ഈയിടെ ടെർമിനൽ 3-യിലെ വിപുലീകരണത്തോടെ കൂടുതൽ യാത്രക്കാർക്ക് ലഭ്യമായിരിക്കുന്നു.
ബയോമെട്രിക് സാങ്കേതികവിദ്യയും എ.ഐയും ഉപയോഗിച്ചാണ് ‘റെഡ് കാർപെറ്റ്’ പ്രവർത്തിക്കുന്നത്. യാത്രക്കാർ ഈ പാതയിലൂടെ നടന്നു നീങ്ങുമ്പോൾ, ക്യാമറകൾ അവരുടെ വിവരങ്ങൾ തിരിച്ചറിയുകയും മുൻകൂട്ടി നൽകിയിട്ടുള്ള ഡാറ്റാബേസുമായി ഒത്തുനോക്കി വിമാനയാത്രയ്ക്ക് അനുമതി നൽകുകയും ചെയ്യുന്നു.പാസ്പോർട്ട്, ബോർഡിങ് പാസ് തുടങ്ങിയ യാത്രാരേഖകൾ കാണിക്കേണ്ടതില്ല. ഒരാൾക്ക് ശരാശരി 6 മുതൽ 14 സെക്കൻഡ് വരെ മാത്രമാണ് നടപടികൾ പൂർത്തിയാക്കാൻ എടുക്കുന്നത്. ഒരേസമയം പത്ത് യാത്രക്കാരെ കടത്തിവിടാൻ കഴിയുന്നതുകൊണ്ട് യാത്രാനടപടികളുടെ വേഗത ഇരട്ടിയാകുന്നുവെന്നും കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കാർക്ക് ഏറെ സമയം ലാഭിക്കാനാകും.
ടെർമിനൽ 3-ലെ വിജയകരമായ പരീക്ഷണങ്ങൾക്കു പിന്നാലെ, സ്മാർട്ട് റെഡ് കാർപെറ്റ് സൗകര്യം എല്ലാ ടെർമിനലുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. അതിനുള്ള നടപടികൾ നടന്നുവരുന്നു.ലോകത്ത് ജീവിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും ഏറ്റവും മികച്ച നഗരമാക്കുക എന്ന ദുബായിയുടെ ദർശനത്തിലേക്കുള്ള നിർണ്ണായക ചുവടുവെയ്പായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
“റെഡ് കാർപെറ്റ് ആശയം, എമിഗ്രേഷൻ പ്രക്രിയയിലെ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റമാണ്. നിർമിത ബുദ്ധി സഹായത്തോടെ യാത്രക്കാർക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാം. ഒരേസമയം 10 പേർക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് പുതിയ സ്മാർട്ട് ടണൽ സജ്ജീകരിച്ചിരിക്കുന്നത്,” എന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ പ്രോജക്ട് മാനേജ്മെന്റ് ഓഫീസ് ഡയറക്ടർ ഫാത്തിമ സലീം അൽ മസ്റൂയി പറഞ്ഞു.



