ഗുരുശ്രേഷ്ഠം പ്രതിഭാ സംഗമം നടത്തി
ദുബൈIവി.കെ.എം കളരി ‘ഗുരുശ്രേഷ്ഠം പ്രതിഭാസംഗമം’ സംഘടിപ്പിച്ചു.15 വര്‍ഷമായി വി.കെ.എം കളരിയില്‍ കളരി അഭ്യസിക്കുന്നവരെ ഗുരു പുരസ്കാരം നല്കി ആദരിച്ചു. യു എ ഇയില്‍ ആദ്യമായാണ് ഒരു കളരി സ്ഥാപനം ശിഷ്യര്‍ക്ക് ഗുരു പുരസ്കാരം നല്കി ആദരിക്കുന്നത്. 10 വര്‍ഷമായി വി.കെ.എം കളരിയില്‍ കളരി പഠിക്കുന്ന പൂർവ വിദ്യാര്‍ഥികള്‍ക്ക് ആദരവും നല്കി. 350 കുട്ടികളുടെ മെയ്താരിയില്‍നിന്നും പ്രതിരോധ എന്ന ലെവലിലേക്ക് എത്തിക്കുന്ന പരിപാടിയും നടന്നു. 42 വര്‍ഷത്തെ കളരിപ്പയറ്റ് ജീവിതത്തിനിടയില്‍ പഠിച്ചതെല്ലാം നാട്ടിലെ അതേ രീതിയില്‍ തുടര്‍ന്ന് അതിന്റെ പ്രാധാന്യം കുട്ടികളിലേക്ക് കൂടുതലായി എത്തിക്കുന്നതിനായി എട്ട് തലങ്ങളായി വിഭജിച്ചുവെന്ന് മേധാവി മണികണ്ഠന് ഗുരുക്കള്‍ പറഞ്ഞു. നാല് പതിറ്റാണ്ട് പിന്നിട്ട തന്റെ കളരി പാരമ്പര്യം പ്രവാസ ലോകത്ത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് താനെന്നും പൊന്നാനി സ്വദേശി കൂടിയായ മണികണ്ഠന് ഗുരുക്കൾ പറഞ്ഞു.
മെയ്പ്പയറ്റ് (മെയ്ത്താരി), വടിപ്പയറ്റ് (കോല്‍ത്താരി), വാള്‍പ്പയറ്റ് (അങ്കത്താരി), വെറും കൈ പ്രയോഗം തുടങ്ങി 8 ഘട്ടങ്ങളിലൂടെയാണ് ശിഷ്യര്‍ക്ക് പയറ്റ് ചൊല്ലിക്കൊടുക്കുന്നത്. അഞ്ച് വയസ്സുമുതല്‍ 60 വയസ്സുവരെയുള്ളവര്‍ കളരി പരിശീലിക്കുന്നുണ്ട്.
എക്സ്പോ 2020 വേദിയില്‍ രണ്ട് തവണ ആയോധന മുറ അവതരിപ്പിച്ചു.ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ് , ദുബൈ പോലീസ് പരിപാടികളിൽ അടക്കം നൂറിലേറെ വേദികളില്‍ കളരിപ്പയറ്റ് അഭ്യാസപ്രകടനം നടത്തി.



