യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
യുഎഇയുടെ ഐക്യത്തിനും സഹവർത്തിത്വത്തിനുമായി ഇന്ത്യൻ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് മാതൃകാപരമെന്ന് ശൈഖ് നഹ്യാൻ
അബുദാബി : ദേശീയ ഐക്യവും സഹവർത്തിത്വവും ഉയർത്തികാട്ടി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രൗഡ് ഓഫ് ദി യുഎഇ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ഡോ ജമാൽ സനദ് അൽ സുവൈദി, അബുദാബി കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് ഡിപ്പാർട്ട്ടമെന്റ് ചെയർമാൻ ശാമിസ് അലി ഖൽഫാൻ അൽ ദാഹിരി, പ്രസിഡൻഷ്യൽ കോടതിയിലെ മതനീതിന്യായ ഉപദേഷ്‌ടാവ് അലി അൽ ഹാശിമി, അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അൽ ഖുബൈസി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
സഹിഷ്ണുതയും പരസ്പര സഹവർത്തിത്വവും ശക്തിപ്പെടുന്നതിലും ദേശീയ ഐക്യബോധം ഉയർത്തിപിടിക്കുന്നതിലും ഇന്ത്യൻ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് മാതൃകാപരമെന്ന് ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഇക്കാലയളവിലെ ആഗോള സാഹചര്യങ്ങളിൽ പോലും ഇന്ത്യൻ പ്രവാസി സമൂഹം നൽകിയ പിന്തുണയും യുഎഇ ഭരണനേതൃത്വത്തിൽ അർപ്പിക്കുന്ന വിശ്വാസവും എടുത്തുകാണേണ്ടതെന്നും അദേഹം വ്യക്തമാക്കി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്ത ഇയർ ഓപ് ഫാമിലിക്ക് ഉൾപ്പടെ പിന്തുണയേകുന്നതാണ് പ്രൗഡ് ഓഫ് ദി യുഎഇ പരിപാടിയെന്നും ശൈഖ് നഹ്യാൻ പറഞ്ഞു. ഇന്ത്യ യുഎഇ സൗഹൃദം ശക്തിപ്പെടുത്തുന്നതിൽ എം.എ യൂസഫലി നിർണായക പങ്കാണ് വഹിക്കുന്നതെന്നും, അദേഹത്തിന്റെ പ്രവർത്തനം മാതൃകാപരമെന്നും ശൈഖ് നഹ്യാൻ വ്യക്തമാക്കി.
പ്രൗഡ് ഓഫ് ദി യുഎഇ അടക്കമുള്ള പരിപാടികൾ ഇന്ത്യ – യുഎഇ ബന്ധം ശക്താമക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ പറഞ്ഞു. യുഎഇ ഭരണനേതൃത്വം ഇന്ത്യൻ പ്രവാസി സമൂഹത്തിന് എപ്പോഴും നൽകി വരുന്ന വലിയ പിന്തുണയ്ക്ക് എം.എ യൂസഫലി പ്രത്യേകം നന്ദി അറിയിച്ചു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഭരണമികവിനെ ആസ്പതമാക്കി എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ഡോ ജമാൽ സനദ് അൽ സുവൈദി എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ ശൈഖ് നഹ്യാൻ നിർവ്വഹിച്ചു.
ഇന്ത്യ-യുഎഇ ബന്ധം പ്രതിഫലിക്കുന്ന കുട്ടികൾ ഉൾപ്പടെ അവതരിപ്പിച്ച പരിപാടികളും വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. സാംസ്കാരിക നേതാക്കളും നിരവധി പ്രമുഖരും ചടങ്ങിൽ ഭാഗമായി.



