ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് കീഴിലെ ആദ്യ ആഭരണ കയറ്റുമതി ചെയ്ത് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
14 രാജ്യങ്ങളിലായി 445 ഷോറൂമുകളുമായി ആഗോളതലത്തിലെ നാലാമത്തെ വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായി നിലകൊള്ളുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 2026 ജൂലൈ 15ന് പ്രാബല്യത്തിൽ വന്ന ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) പ്രകാരം യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് ആദ്യമായി ആഭരണങ്ങൾ കയറ്റുമതി ചെയ്തു. ഇന്ത്യൻ ആഭരണ വ്യവസായ രംഗത്തെ ഒരു സുപ്രധാന ചുവടുവെയ്പ്പിനെ അടയാളപ്പെടുത്തുന്നതാണ് ഈ കയറ്റുമതി. ഇന്ത്യയുടെ കരകൗശലവിദ്യയുടെ ആഗോള വ്യാപനത്തെയും ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാര കരാർ സൃഷ്ടിക്കുന്ന വിപുലമായ അവസരങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു.
കോംപ്രിഹെൻസീവ് ഇക്കണോമിക് ആൻഡ് ട്രേഡ് എഗ്രിമെന്റ് (സിഇടിഎ) എന്ന ഇന്ത്യ-യുകെ എഫ്ടിഎ, യുകെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിനും ഡ്യൂട്ടി ഫ്രീ ആനുകൂല്ല്യം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൾപ്പെടെ, ഇന്ത്യ ദീർഘകാലമായി കരകൗശല രൂപകൽപ്പനയിലും, ഉൽപ്പാദനത്തിലും മേൽക്കോയ്മ നിലനിർത്തുന്ന രത്നങ്ങളും ആഭരണ മേഖലയിലും ഇത് ബാധകമാകും. യുകെയിലുടനീളം റീട്ടെയിൽ സാന്നിധ്യമുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ സംബന്ധിച്ചിടത്തോളം, ഈ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന വ്യാപാര, ബിസിനസ് ഇടനാഴിയെ ശക്തിപ്പെടുത്തുന്നതാകും.
ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള ആഭരണങ്ങളുടെ ആദ്യ കയറ്റുമതിക്കാരാകുന്നതിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ഏറെ അഭിമാനമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. കരാറനുസരിച്ചുള്ള ആദ്യ ആഭരണ കയറ്റുമതി ഞങ്ങൾക്കും ഇന്ത്യൻ ജ്വല്ലറി വ്യവസായത്തിനും അഭിമാനകരമായ നാഴികക്കല്ലാണ്. ഇന്ത്യൻ കരകൗശലവിദ്യ ആഗോള വിപണികളിലുടനീളം ഏറെക്കാലമായി പ്രശംസിക്കപ്പെടുന്ന ഒന്നാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ, ‘മേക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദി വേൾഡ്’ എന്ന കാഴ്ചപ്പാടിനെ പിന്തുടരുന്നതിൽ ഞങ്ങൾ സ്ഥിരമായി വിജയം കൈവരിച്ചിട്ടുണ്ട്. മികച്ച ഇന്ത്യൻ കരകൗശലവിദ്യയെ ഭൂഖണ്ഡങ്ങളിലുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഞങ്ങള്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ആഭരണ കയറ്റുമതിക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന ഇന്ത്യ-യുകെ സിഇടിഎ കരാർ ഈ നീക്കങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതും മെച്ചപ്പെട്ട വിപണി പ്രവേശനം സാധ്യമാക്കുന്നതിനും, ഞങ്ങളുടെ വിതരണ ശൃംഖലയിൽ കൂടുതൽ കാര്യക്ഷമത കൊണ്ടുവരുന്നതിനും ഉപഭോക്താക്കൾക്ക് ശക്തമായ മൂല്യം കൈമാറുന്നതിനും യുകെയിലെ ബ്രാൻഡിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും. ലോകോത്തര കരകൗശലവിദ്യ, പുതുമ, രൂപകൽപ്പന എന്നിവ ഉറപ്പുവരുത്തുന്ന വിശ്വസനീയമായ ഉറവിടമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇരു സമ്പദ് വ്യവസ്ഥകൾക്കും കൂടുതൽ മൂല്യം സൃഷ്ടിക്കുന്ന ഇന്ത്യ– യുകെ വ്യാപാര ബന്ധത്തിന്റെ തുടക്കമായും ഇതിനെ കാണുന്നതായി എം.പി.അഹമ്മദ് കൂട്ടിച്ചേർത്തു.
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ, രണ്ട് രാജ്യങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ബിസിനസുകൾക് നിർണായകമായ ചുവടുവെയ്പ്പാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുകെ, യൂറോപ്പ് ഓപ്പറേഷൻസ് മേധാവി മുഹമ്മദ് സിയാദ് പറഞ്ഞു. യുകെയിൽ ശക്തമായ റീട്ടെയിൽ സാന്നിധ്യമുള്ള ഒരു ബ്രാൻഡ് എന്ന നിലയിൽ, ഞങ്ങളുടെ നിലവിലെ പ്രവർത്തനങ്ങൾക്കും വിപണിയിലെ ദീർഘകാല വളർച്ചാ തന്ത്രത്തിനും ഒരു പ്രധാന ഘടകമായി ഞങ്ങൾ ഈ കരാറിനെ കാണുന്നു. ഈ സാധ്യതയെ അടിസ്ഥാനമാക്കി, മാഞ്ചെസ്റ്ററിലും ലണ്ടനിലും പുതിയ ഷോറൂമുമുകൾ ആരംഭിക്കുന്നതുൾപ്പെടെ യുകെയിൽ സുപ്രധാന വിപുലീകരണ പദ്ധതികളാണ് ഞങ്ങൾ ആവിഷ്ക്കരിക്കുന്നത്. വിപുലീകരണ നീക്കത്തിലൂടെ രാജ്യത്തുടനീളം ഞങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നത് തുടരുകയാണ്. യുകെയ്ക്കപ്പുറം, ഞങ്ങളുടെ യൂറോപ്യൻ വളർച്ചാ നടപടികളുടെ ഭാഗമായി ഫ്രാൻസിലെയും അയർലൻഡിലെയും വിപണികളെയും ഞങ്ങൾ ലക്ഷ്യമിടുകയാണ്. യൂറോപ്യൻ ഭൂഖണ്ഡത്തിലേക്കുള്ള ഞങ്ങളുടെ കവാടമായാണ് യുകെ പ്രവർത്തിക്കുന്നത്. ഈ കരാർ ഒരു സാമ്പത്തിക നാഴികക്കല്ല് എന്നതിനപ്പുറം, ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തിനും സുസ്ഥിര വളർച്ചയ്ക്കുമുള്ള അടിത്തറയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടൻ ഗ്രീൻ സ്ട്രീറ്റ്, സൗത്താൾ, ലെസ്റ്റർ, ബർമിംഗ്ഹാം എന്നിവിടങ്ങളിലായി നാല് ഷോറൂമുകളുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുകെയിൽ ശക്തവും വളരുന്നതുമായ സാന്നിധ്യം ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. വൈവിധ്യമാർന്നതും വിവിധ സാംസ്കാരങ്ങളെ ഉൾക്കൊള്ളുന്നതുമായ ഉപഭോക്തൃ അടിത്തറ അടിസ്ഥാനമാക്കി സേവനം നൽകുന്ന ബ്രാൻഡ്, ഗുണനിലവാരം, സുതാര്യത, ഉപഭോക്തൃ കേന്ദ്രീകൃത സേവനം എന്നിവയോടുള്ള പ്രതിബദ്ധത ഉറപ്പാക്കി, സ്വർണം, വജ്രം, അമൂല്ല്യ രത്നാഭരണങ്ങൾ, ബ്രൈഡൽ ആഭരണങ്ങൾ എന്നിവയിലുടനീളം വിപുലമായ ആഭരണ ശേഖരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.




