ഗൾഫ് കാഴ്ച
പ്രതികൂല സാഹചര്യത്തിലും യാത്രക്കാർ ഒഴുകുന്നു
കെ എം അബ്ബാസ്
ദുബൈ,ദോഹ,മനാമ പോലുള്ള ഗൾഫ് നഗരങ്ങളുടെ പ്രതാപ കാലം അവസാനിച്ചുവെന്ന തരത്തിൽ ഇന്ത്യയിലടക്കം സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വിശകലനങ്ങൾ വരുന്നുണ്ട് .ചില അസൂയാലുക്കളുടെ കുളം കലക്കളാണിവ.ഒന്നു ചീഞ്ഞാൽ മറ്റൊന്നിനു വളമാകുമെന്നു അത്തരക്കാർ കരുതുന്നു.കുപ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഗൾഫ് ഉദ്യോഗാർത്ഥികൾക്ക് അറിയാം .ജീവിതോപാധിക്ക് ഇന്നും അവരെല്ലാം ലക്‌ഷ്യം വെക്കുന്നത് ഗൾഫ് നഗരങ്ങളെ.യുദ്ധ പശ്ചാത്തലത്തിലും വിമാനങ്ങളിൽ നിറയെ യാത്രക്കാർ .ടിക്കറ്റ് കിട്ടാനില്ല.യാത്രാനിരക്ക് സർവകാല റെക്കോർഡ് ഭേദിച്ചു . ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മാനം മുട്ടിയിരിക്കുകയാണ്.കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 25,000 രൂപ. വിഷു, തിരഞ്ഞെടുപ്പ് ആഘോഷങ്ങള്‍ക്ക് നാട്ടിലേക്ക് പോയവരില്‍, മടങ്ങിയെത്താൻ കഴിയാത്തവര്‍ പതിനായിരങ്ങള്‍ .
അടുത്തകാലത്തൊന്നും വിമാനനിരക്ക് ഇത്രയും ഉയര്‍ന്നിട്ടില്ല. വേനലവധി ആയതിനാല്‍ ധാരാളം കുടുംബങ്ങള്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തുന്നുവെന്നതും കാരണമാകാം. എന്നാലും ഇത്രയും വര്‍ധന പാടുണ്ടോയെന്നത് വലിയ ചോദ്യമാണ്. ഏപ്രില്‍ ഒന്നുമുതല്‍ നിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. മടങ്ങിപ്പോകാൻ തത്രപ്പെടുന്നവരെ ചൂഷണം ചെയ്യാന്‍ വിമാനക്കമ്പനികളും ട്രാവല്‍ ഏജന്‍സികളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയത് യുദ്ധ ബഹളത്തിനിടയിൽ ആരും കണ്ടില്ല. ഇന്ത്യ-ഗള്‍ഫ് മേഖലയിലെ വിമാനനിരക്ക് ലോകത്ത് മറ്റൊരിടത്തും കാണാത്തത്ര ഉയരത്തിലാണെന്നത്, മിക്ക രാഷ്ട്രീയ കക്ഷികളും വിസ്മരിച്ചു. ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തണമായിരുന്നു.
കഴുത്തറുപ്പന്‍ നിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കാലേക്കൂട്ടി വിമാനടിക്കറ്റ് വാങ്ങിവെയ്ക്കണമെന്നത് ഭൂരിപക്ഷം യാത്രക്കാര്‍ക്കും പ്രായോഗികമല്ല. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മിക്കവരും യാത്ര ഉറപ്പിക്കുന്നത്. ഓണ്‍ലൈന്‍ വഴിയോ ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ ടിക്കറ്റിനുവേണ്ടി ശ്രമിക്കുമ്പോള്‍ കീശകാലിയാകുംവിധം നിരക്ക് ഈടാക്കുന്നത് പകല്‍കൊള്ളയാണ്.
വേനലവധിക്കാലങ്ങളില്‍ നിരക്കു വര്‍ധിപ്പിക്കുന്നതിനെതിരെ ഗള്‍ഫിലെ ചില സംഘടനകള്‍ പണ്ട്നാട്ടിലെത്തി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അന്ന് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സുമായിരുന്നു ഏറെയും. കേരളത്തെയും ഗള്‍ഫിനെയും ബന്ധിപ്പിക്കാന്‍ കൂടുതൽ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കണമെന്നതും പ്രക്ഷോഭകാരികളുടെ ആവശ്യമായിരുന്നു. ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ക്ക് വേനലവധി നല്‍കുമ്പോള്‍ എയര്‍ ഇന്ത്യ മൂന്നിരട്ടിയോളം നിരക്ക് വര്‍ധിപ്പിക്കുന്നുവെന്നതായിരുന്നു കുറ്റപ്പെടുത്തല്‍. സ്വകാര്യ വിമാനക്കമ്പനികള്‍ രംഗത്തുവന്നാല്‍ നിരക്ക് കുത്തനെ കുറയുമെന്നായിരുന്നു അന്നത്തെ പ്രതീക്ഷ. ഗള്‍ഫിലെ ചില വിമാനക്കമ്പനികള്‍ ബജറ്റ് എയര്‍ലൈനറുകള്‍ എന്ന ആശയവുമായി ഗള്‍ഫ് ഇന്ത്യക്കാരെ പ്രലോഭിപ്പിച്ചു. എന്നാല്‍, കേരളത്തിന്റെ ആകാശം തുറന്നുകിട്ടിയപ്പോള്‍ സ്വകാര്യ വിമാനക്കമ്പനികളുടെ മട്ടുമാറി. ‘കാറ്റുള്ളപ്പോള്‍ തൂറ്റുക’ എന്ന നയം അവരും കണ്ണില്‍ ചോരയില്ലാതെ നടപ്പാക്കി. ഇന്ന് എയര്‍ ഇന്ത്യയെക്കാള്‍ നിരക്ക് ഈടാക്കുന്നത് സ്വകാര്യ വിമാനക്കമ്പനികളാണ്. ഗള്‍ഫിലെ ഒരു എയര്‍ലൈനര്‍ കോഴിക്കോട്ടു നിന്ന് ദുബൈയിലേക്ക് 40,000 രൂപവരെ ഈടാക്കുന്നു .
‘യാത്രചെയ്യാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല’ എന്ന ധാര്‍ഷ്ട്യവും അവര്‍ പ്രകടിപ്പിക്കുന്നു. അവശ്യ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അമിത നിരക്ക് ഈടാക്കാന്‍ പാടില്ലെന്നാണ് എല്ലാ ഭരണ വ്യവസ്ഥയും ചൂണ്ടിക്കാട്ടുന്നത്. ഇത് വിമാനക്കമ്പനികള്‍ക്കും ബാധകം. ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ സേവനം അര്‍പിക്കുക എന്ന ഉത്തരവാദിത്വം എയര്‍ലൈനറുകൾക്കുണ്ട് . യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ പറത്താന്‍ ഇന്ത്യൻ വിമാനക്കമ്പനികൾക്കു ബാധ്യതയുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി യാത്രാപഥം അംഗീകരിച്ചുകിട്ടാന്‍ എയര്‍ ഇന്ത്യ മുന്‍കാലങ്ങളില്‍ ശ്രമിച്ചിരുന്നു. ഇന്ന്, വിമാനയാത്രക്കാരുടെ ആവലാതികള്‍ ശ്രദ്ധിക്കാന്‍ പോലും സംവിധാനങ്ങളില്ല.പൊടുന്നനെ വിമാനനിരക്ക് നാട്ടിലെ കൊടും ചൂടിനെക്കാള്‍ അസഹ്യമാകുമെന്ന് വോട്ടുചെയ്യാന്‍ പോകുമ്പോള്‍ ആരും ഓര്‍ത്തില്ല. ഇതിനിടയില്‍ മലയാളികള്‍ ,മുംബൈ , ബംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നഗരത്തിലെത്താന്‍ ശ്രമം നടത്തുന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം, ഗോവ, കോയമ്പത്തൂര്‍ എന്നിങ്ങനെ മലയാളികള്‍ ഏറെ ആശ്രയിക്കുന്ന വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരക്കിനെക്കാള്‍ കുറവാണ് ഇവിടങ്ങളിൽ .പക്ഷെ ഏറെ അലച്ചിലുണ്ട്
.ഇതിനിടെ യുദ്ധം ലോക വ്യാപകമായി ഇന്ധനക്ഷാമം രൂക്ഷമാക്കി.ടിക്കറ്റ് നിരക്ക് ഇനിയും വർധിക്കും.കേരളത്തിലെ കടുത്ത ചൂടിൽ നിന്ന് രക്ഷ നേടാനും ധാരാളം ആളുകൾ ഗൾഫ് യാത്ര കൊതിക്കുന്നു .യുദ്ധത്തിന്റെ ഭീഷണിയൊന്നും അവരെ പിന്തിരിപ്പിക്കുന്നില്ല . ദുബൈ രാജ്യാന്തര വിമാനത്താവളം വീണ്ടും സജീവമായതായി ദുബൈ സിവിൽ ഏവിയേഷൻ അറിയിച്ചു.ഇറാൻ്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് താത്കാലികമായി അടച്ചിരുന്നു .മിക്ക സ്ഥലങ്ങളിലേക്കും വിമാന സർവീസുകൾ പുനരാരംഭിച്ചു. വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് വിമാന ഷെഡ്യൂളുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ യാത്രക്കാർ പരിശോധിക്കണം . എയർലൈനുകളുമായി ബന്ധപ്പെട്ടു പരിശോധിക്കാൻ അതോറിറ്റി നിർദ്ദേശിക്കുന്നു. നേരത്തെ, പ്രവർത്തന തടസ്സങ്ങൾ കാരണം ചില വിമാനങ്ങൾ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.മേഖലയിൽ താത്കാലിക വെടിനിർത്തൽ കുറേക്കൂടി യാത്രക്കാരെ സൃഷ്ടിക്കും .പതുക്കെ എല്ലാം സാധാരണ നിലയിലാകും .ഗൾഫ് നഗരങ്ങൾ വീണ്ടും കുതിക്കും .ദുബൈയെ സംബന്ധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു .പുതിയ മെട്രോ സുവർണപാത നിർമാണം ഉടൻ തുടങ്ങും .പറക്കും ടാക്സികൾക്കുള്ള വെർട്ടിപോർട് പൂർത്തിയായി.തൊഴിലവസരങ്ങൾ വർധിക്കും .യാത്രക്കാർ ഇനിയും കൂടും .എന്നാൽ എയർലൈനറുകൾ കുറച്ചുകൂടി ഔദാര്യം കാട്ടേണ്ടതുണ്ട് .



