നെഹ്റുവിനോട് അന്ധമായ ആരാധനയില്ല
തിരുവനന്തപുരം l പ്രഥമ പ്രധാനമന്ത്രി ജവഹരിലാൽ നെഹ്റുവിനെതിരെ സംഘപരിവാർ കുറ്റപ്പെടുത്തലുകളിൽ ചില കാര്യങ്ങളിൽ വാസ്തവമുണ്ടെന്ന് എഴുത്തുകാരനും കോൺഗ്രസ് എം പിയുമായ ഡോ.ശശി തരൂർ . 1962ൽ ചൈനയു മായുള്ള യുദ്ധത്തിൽ ഇന്ത്യ തോറ്റതും അതിലേക്ക് നയിച്ച സംഭവങ്ങളും നെഹ്റുവിൻ്റെ പിടിപ്പുകേട് കൊണ്ട് സംഭവിച്ചതാണ് . നെഹ്റുവിൻ്റെ ജനാധിപത്യ മനോഭാവത്തെ സംഘ പരിവാരം ഭയക്കുന്നത് കൊണ്ടാണ് വിമർശനമെന്ന് പറയാൻ സാധിക്കില്ലെന്നും ശശി തരൂർ പറഞ്ഞു .
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് കെ.എൽ.ഐ.ബി.എഫ് ടോക്ക് സെഷനിൽ ‘വാക്കാൽ താണ്ടിയ ദൂരങ്ങൾ ‘ എന്ന വിഷയത്തിൽ സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ എൻ ഇ സുധീറിൻ്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . പുസ്തകോത്സവത്തിൽ രണ്ടാം ദിവസം കനത്ത തിരക്കായിരുന്നു . കുട്ടികളുടെ മാതൃകാ നിയമസഭ , പുസ്തക പ്രകാശനങ്ങൾ നടന്നു .
ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം എഴുതിയത് ഗുരുവിന്റെ കീർത്തി ദക്ഷിണേന്ത്യയ്ക്ക് പുറത്തെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ
‘ദി സേജ് ഹൂ റീഇമേജിൻഡ് ഹിന്ദൂയിസം: ദി ലൈഫ്, ലെസൺസ് & ലെഗസി ഓഫ് ശ്രീ നാരായണ ഗുരു’ എന്ന ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം താൻ രചിച്ചത് ഗുരുവിന്റെ കീർത്തി ദക്ഷിണേന്ത്യയ്ക്ക് പുറത്ത് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ശശി തരൂർ എംപി.
എംപിയായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആളുകളുടെ ഹൃദയങ്ങളിൽ ശ്രീനാരായണഗുരു
എന്തുമാത്രം ആരാധിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലായത്. പലയിടങ്ങളിലും ദൈവത്തെപ്പോലെയാണ് ഗുരുവിനെ ആരാധിക്കുന്നത്. പക്ഷെ, ഗുരുവിനെ ദക്ഷിണേന്ത്യയ്ക്ക് പുറത്ത് അധികം പേർ അറിയില്ല. അത് നികത്താൻ വേണ്ടിയാണ് ഗുരുവിനെക്കുറിച്ച് പുതുതായി പുസ്തകം രചിച്ചത്. പുസ്തകം നന്നായി മാർക്കറ്റ് ചെയ്യേണ്ടതുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
ഇംഗ്ലീഷിലും മലയാളത്തിലും പുറമേ മറ്റ് ഇന്ത്യൻ ഭാഷകളിലും പുസ്തകം വിവർത്തനം ചെയ്തു ഇന്ത്യയൊട്ടാകെ ഗുരുവിനെക്കുറിച്ച് അറിയണം. ഇന്ത്യയുടെ സെൻസസ് ചരിത്രത്തിൽ ജാതിക്കോളത്തിൽ മനുഷ്യൻ എന്നെഴുതിയ ആദ്യത്തെ വ്യക്തിയാണ് ശ്രീനാരായണഗുരുവെന്നും തരൂർ പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്ഥാപകനായി താൻ കാണുന്നത് ജവഹർലാൽ നെഹ്റുവിനെയാണ്. “എന്നാൽ ചില കാര്യങ്ങളിൽ ബിജെപി പറയുന്നതിൽ കാര്യമുണ്ട്. 1962 ൽ ചൈനയുമായി നടന്ന യുദ്ധത്തിലേക്ക് എത്തിച്ച കാര്യങ്ങളിൽ നെഹ്റുവിന് വീഴ്ച പറ്റിയിട്ടുണ്ട്. എന്നാൽ ബിജെപി എല്ലാ കുറ്റവും നെഹ്റുവിൽ ചാർത്തുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല,” തരൂർ വ്യക്തമാക്കി.
താൻ നെഹ്റുവിന്റെ ഫാൻ ആണെങ്കിലും വിമർശനരഹിതനായ ഫാൻ അല്ല. വളരെ ചെറുപ്പത്തിലെ താൻ വായനയിലേക്ക് തിരിഞ്ഞത് ആസ്മ മൂലമാണ്. അന്ന് ടിവിയോ മൊബൈൽ ഫോണോ ഇല്ല. അസുഖം കാരണം ഉറങ്ങാൻ പറ്റില്ല. പുസ്തകം മാത്രമായിരുന്നു ഏക ആശ്രയം.
ആറാം വയസ്സിലാണ് ആദ്യ കഥ എഴുതുന്നത്. പ്രശസ്ത ബാലസാഹിത്യകാരിയായ എനിഡ് ബ്ലൈട്ടനെ അനുകരിച്ചാണ് കഥ രചിച്ചത്. പത്താം വയസ്സിൽ ഫ്രീ പ്രസ് ജേർണലിൽ ആദ്യത്തെ കഥ അച്ചടിച്ചുവന്നു. ആ പ്രായത്തിൽ തന്നെ ആദ്യത്തെ നോവൽ എഴുതിയതും മഷിപുരണ്ടു. ഇപ്പോൾ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ളത് 28ാമത്തെ പുസ്തകമാണ്.
പല രാജ്യങ്ങളിലും വായന ചുരുങ്ങുകയാണെങ്കിലും കേരളം വായനയിൽ മുന്നോട്ട് പോവുകയാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.
1989 ൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ’ എന്ന ഫിക്ഷൻ ആക്ഷേപഹാസ്യമായി എഴുതിയത് അക്കാലത്ത് ആ ജോണറിൽ ഇന്ത്യയിൽ പുസ്തകൾ ഇല്ലാത്തതുകൊണ്ടായിരുന്നു.
ഇന്ന് വായിക്കാൻ സമയം ഇല്ലാത്ത പുതുതലമുറയ്ക്ക് വായിക്കാനായി കുറച്ചു പേജുകളുള്ള പുസ്തകങ്ങൾ ആകും നല്ലതെന്ന് തരൂർ അഭിപ്രായപ്പെട്ടു.
18 വയസിൽ ദൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠിക്കുമ്പോൾ താൻ ആന്റണിയായും പ്രശസ്ത സംവിധായിക മീര നായർ ക്ലിയോപേട്രയായും നാടകം കളിച്ചതൊക്കെ തരൂർ ഓർമ്മിച്ചു. ‘ഹൗ ടു സ്ലീപ്പ് അറ്റ് നൈറ്റ്” എന്ന തന്റെ പഴയ കവിതയിലെ വരികളും ശശി തരൂർ വായിച്ചുകേൾപ്പിച്ചു.



