900-ലേറെ വ്യാജ യാത്രാരേഖകൾ കണ്ടെത്തി
ദുബൈ:18 മാസത്തിനിടെ ദുബൈയിൽ 900-ലേറെ വ്യാജവും കൃത്രിമമായി തിരുത്തിയതുമായ യാത്രാരേഖകൾ കണ്ടെത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ്. അത്യാധുനിക ഡിജിറ്റൽ പരിശോധനാ സംവിധാനങ്ങളുടെയും പരിശീലനം നേടിയ വിദഗ്ധരുടെയും സഹായത്തോടെയാണ് വ്യാജ യാത്ര രേഖകൾ പിടികൂടിയത് .2025-ലും 2026-ന്റെ ആദ്യ പകുതിയിലുമാമാണ് 902 ക്രമക്കേടുകൾ കണ്ടെത്തിയത്.അതിർത്തി സുരക്ഷയിലും യാത്രാരേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിലും ലോകനിലവാരത്തിലുള്ള സംവിധാനമാണ് വികസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ്സ് ഇൻസ്പെക്ഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. പരമ്പരാഗത രേഖാപരിശോധനാ വിഭാഗമെന്ന നിലയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ ഏറ്റവും മികച്ച ട്രാവൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ സെന്ററാണ് ഇത് . സംശയം തോന്നുന്ന രേഖകൾ അതിവേഗം തിരിച്ചറിയാൻ ഈ സെന്ററിന് സാധിക്കും .ഡിജിറ്റൽ ഐഡന്റിറ്റികളും യാത്രാരേഖാ വ്യാജനിർമാണ രീതികളും കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ഒന്നര വർഷത്തിനിടെ ആകെ 20,307 യാത്രാരേഖകളാണ് വിശദമായി പരിശോധിച്ചത്. പാസ്‌പോർട്ടുകൾ, പ്രിന്റഡ് വിസകൾ, ഇലക്ട്രോണിക് വിസകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
20,307 രേഖകൾ പരിശോധിച്ചു; 902 ക്രമക്കേടുകൾ കണ്ടെത്തി
2025-ൽ മാത്രം 15,746 യാത്രാരേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 2026-ലെ ആദ്യ ആറുമാസത്തിനിടെ 4,561 രേഖകളും പരിശോധിച്ചു.ഈ കാലയളവിൽ ആകെ 902 ക്രമക്കേടുകളാണ് കണ്ടെത്തിയത്. വ്യാജരേഖകൾ, വിവരങ്ങൾ തിരുത്തിയ രേഖകൾ, ഡിജിറ്റലായി മാറ്റം വരുത്തിയ ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2025-ൽ 689 കേസുകളും 2026-ന്റെ ആദ്യ പകുതിയിൽ 213 കേസുകളും റിപ്പോർട്ട് ചെയ്തു.ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള മുൻകൂർ സുരക്ഷാ സംവിധാനങ്ങളും തത്സമയ പരിശോധനാ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിലൂടെ അതിർത്തിയിലെ ഭീഷണികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളതെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.



