യുഎഇ–ഒമാൻ ദേശീയ ദിനങ്ങൾ: ഹത്ത അതിർത്തിയിൽ റെക്കോർഡ് തിരക്ക്
ദുബായ്: യുഎഇയും ഒമാനും ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ലഭിച്ച അവധി ദിവസങ്ങളിൽ ഹത്ത അതിർത്തിയിൽ യാത്രക്കാരുടെ റെക്കോർഡ് തിരക്ക് അനുഭവപ്പെട്ടു. നവംബർ 25 മുതൽ ഡിസംബർ 2 വരെ 1,45,265 പേരാണ് ഹത്ത വഴി കടന്നുപോയതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു.യുഎഇയുടെ 54-ാം ദേശീയ ദിനത്തിന്റെയും, ഒമാന്റെ 55-ാം ദേശീയ ദിനത്തിന്റെയും അവധി ദിവസങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ വന്നതോടെയാണ് അതിർത്തിയിൽ യാത്രക്കാരുടെ ഒഴുക്ക് അസാധാരണമായി വർധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
അവധി ദിവസങ്ങളിൽ ഉണ്ടായ ഈ അപ്രതീക്ഷിത തിരക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി ജിഡിആർഎഫ്എ നടപ്പാക്കിയ സനദ് ടീം പ്ലാൻ (Sanad Team Plan) വലിയ വിജയമായിരുന്നു.ഉദ്യോഗസ്ഥരെ തന്ത്രപരമായി വിന്യസിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനം ശക്തമാക്കുകയും ചെയ്‌തതിലൂടെ യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിച്ചുവെന്ന് ജി ഡി ആർ എഫ് എ കൂട്ടിച്ചേർത്തു.
തിരക്കേറിയ ദിവസങ്ങളിലുപോലും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാനായതിൽ ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസമാണ് നിർണായകമായതെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. “യാത്രക്കാരുടെ സൗകര്യമാണ് ഞങ്ങളുടെ മുൻഗണന. അതിനായി ആവശ്യമായ എല്ലാ ഒരുക്കങ്ങളും മുൻകൂട്ടി ഉറപ്പാക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി യുഎഇയും ഒമാനും ആഘോഷങ്ങൾ ഒരേസമയം വരികയായിരുന്നു തിരക്ക് വർധിക്കാൻ പ്രധാന കാരണം. അവധി ദിവസങ്ങളും യാത്രക്കാർക്ക് ഏറ്റവും മികച്ച നൽകാനാണ് ശ്രമിച്ചതെന്ന് ലാൻഡ് ആൻഡ് പോർട്ട് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ സലാ അഹമ്മദ് അൽ ഖംസി അഭിപ്രായപ്പെട്ടു.
യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ പെട്ടെന്നുള്ള ഉയർച്ച നേരിടാൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികൾ സഹായകമായതായും, സേവന നിലവാരത്തെയോ സമയക്രമത്തെയോ ഇത് ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.ഏത് തിരക്കുള്ള സാഹചര്യമുണ്ടായാലും അതിനെ നേരിടാൻ ദുബായ് സംവിധാനങ്ങൾ പൂർണമായും തയ്യാറാണെന്ന് അധികൃതർ വ്യക്തമാക്കി. അതിർത്തി സേവനങ്ങൾ കാലാനുസൃതമായി കൂടുതൽ കാര്യക്ഷമമാക്കുകയും സംവിധാനങ്ങൾ കൂടുതൽ നവീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.



