Dubai: +971506749971, India: +919746311413, kmabbas@gmail.com

Blog

ബുക്ക്

ഫയർ

ഗൾഫ് കാഴ്ച
അക്ഷരങ്ങൾ ആളുകളെ കൂട്ടിയോജിപ്പിക്കുന്ന വിധം
കെ എം അബ്ബാസ്

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് കൊടിയിറങ്ങി .പതിവ് പോലെ,ലക്ഷക്കണക്കിന് വായനക്കാർ,ആസ്വാദകർ തീർഥാടകരെപ്പോലെ,എക്സ്പോ സെൻ്ററിലേക്ക് ഒഴുകിയെത്തി.ദിർഹത്തിന് വില കൂടിയിട്ടും പുസ്തകങ്ങൾ വാങ്ങാൻ ധാരാളം ആളുകൾ. അറബ്,ഇംഗ്ലീഷ്,മലയാളം പുസ്തകങ്ങളാണ് ഏറ്റവും വിറ്റുപോകുന്നത് . ലോകത്തിൻ്റെ ഒരു മൂലയിൽ, ഒരു സംസ്ഥാനത്തെ ജനങ്ങൾ ബൗദ്ധികമായും സാംസ്കാരികമായും സർഗപരമായും എത്രമാത്രം
ഔന്നിത്യത്തിലാണെന്ന് രാജ്യാന്തര പുസ്തകമേള ചൂണ്ടിക്കാട്ടുന്നു . പുസ്തകമേളയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന സാഹിത്യരൂപം നോവല്‍. പുതിയത് പഴയത് എന്ന വേര്‍തിരിവില്ലാതെ ലക്ഷക്കണക്കിന് വായനക്കാരാണ് നോവലുകള്‍ ചോദിച്ചെത്തുന്നത്. ബഷീറിന്റെ പാത്തുമ്മയുടെ ആട്, ബാല്യകാല സഖി, എം ടിയുടെ രണ്ടാമൂഴം, കാലം, ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്നിങ്ങനെ പഴയ നോവലുകളും ഇപ്പോഴും വായനക്കാരെ ആകര്‍ഷിക്കുന്നു.
വായനയുടെ തുടക്കത്തില്‍ ഇവയൊക്കെ വായിച്ചവര്‍ക്കും പുനഃവായന ആസ്വാദ്യകരം. അവയിലെ കഥയിലേക്ക്, സങ്കേതത്തിലേക്ക് ഒരിക്കല്‍ കൂടി ഊളിയിടാം. അതോടൊപ്പം ബാല്യത്തിന്റെ നഷ്ടസ്മൃതിയില്‍ അഭിരമിക്കാം.
സാഹിത്യത്തെ ഗൗരവമായി കാണുന്നവര്‍ പഠനം പോലെയാണ് വായനയെ കണക്കാക്കുന്നത്. എഴുത്തുകാരന്‍ കഥാപാത്രങ്ങളെ എങ്ങനെ വിന്യസിച്ചിരിക്കുന്നുവെന്നും ഏത് പശ്ചാത്തലമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും മറ്റും സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കും.
നോവല്‍, പോയകാലത്തിന്റെ, ബൃഹത്തായ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുമാണ്. എസ് കെ പൊറ്റെക്കാടിന്റെ ദേശത്തിന്റെ കഥ, ഒരു കാലഘട്ടത്തിന്റെ വിശദമായ ആലേഖനമാണ്. ഗബ്രിയേല്‍ ഗാര്‍ഷ്യൂ മാര്‍കേസ് ലാറ്റിനമേരിക്കല്‍ മാന്ത്രികത അനാവരണം ചെയ്യുന്നു. അവയൊക്കെ, അനുഭൂതിയോടൊപ്പം വിജ്ഞാനവും പകരും.
പുതിയ കാലത്ത്, പാശ്ചാത്യ, ലാറ്റിനമേരിക്കന്‍ നോവല്‍ ശാഖയോടൊപ്പം മലയാളവും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. വൈവിധ്യതയാണ് മലയാളത്തിന്റെ കൈമുതല്‍. ടി ഡി രാമകൃഷ്ണൻ, ഇ സന്തോഷ് കുമാർ,രാജശ്രീ, പി വി ഷാജികുമാർ തുടങ്ങി നിരവധി പേർ വായിക്കപ്പെടുന്നു .ശരാശരി മലയാളിക്ക് അന്യമായ ഒരു ഭൂമികയില്‍ നിരാലംബനായ മനുഷ്യന്റെ ദുരിതപര്‍വം പലരും തുറന്നിടുന്നു.
ഏറ്റവും പുതിയ എഴുത്തിലേക്ക് വരുമ്പോള്‍ ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്ന അനവധി സൃഷ്ടികള്‍ പിറന്നുവീണു. നോവല്‍, ചെറുകഥാ വിഭാഗങ്ങളില്‍ പതിരായിപ്പോയവ തീരെയില്ലെന്നുതന്നെ പറയാം. ഉള്ളടക്കത്തിലെ വൈവിധ്യം ശ്രദ്ധേയം . കടന്നുവന്ന വഴികളിലേക്ക് അവര്‍ സര്‍ഗാത്മകതയുടെ വെളിച്ചം പായിക്കുന്നു . നിർമിത ബുദ്ധിയുടെ കാലമാണിത് . ഈ നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നവരുണ്ട് .
നിർമിത ബുദ്ധി പോലുള്ള സാങ്കേതിക സംവിധാനത്തിന് സർഗ ജീവിതത്തിൽ സ്ഥാനമില്ലെന്നും എഴുത്ത് പൂർണമായും വൈയക്തികവും വൈകാരികമായ അനുഭവമാണെന്നും ബുക്കർ സമ്മാന ജേതാവ് പോൾ ലിഞ്ച് പറഞ്ഞു. ‘ഫിക്ഷൻ . ഫ്രീഡം, ഫിയർ’ എന്ന വിഷയത്തെക്കുറിച്ച് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ ഐ യുടെ കടന്നുവരവ് സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമാകും .
‘പ്രോഫറ്റ് സോങ്ങ്’ എന്ന ബുക്കർ സമ്മാനം നേടിയ നോവലിന്റെ എട്ടാം അധ്യായം എഴുതാൻ മാസങ്ങളെടുത്തു. ചില രചനാ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ സർഗാത്മകത നിലച്ചുപോകുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ലിഞ്ച് വിശദീകരിച്ചു.
സന്ദേശം നൽകുന്നതും പ്രബോധനം നടത്തുന്നതുമല്ല,അറിയാത്തതിനെ കണ്ടെത്തുക അസ്വസ്ഥപ്പെടുത്തുന്നതിനെ കണ്ടറിയുക എന്നതായിരിക്കണം നല്ല കലയെന്ന് പോൾ ലിഞ്ച് വ്യക്തമാക്കി.വിനോദത്തേക്കാൾ മറ്റുള്ളവരുടെ ദുരിതം മനസിലാക്കുന്നതാണ് ഫിക്ഷൻ എന്നും പോൾ ലിഞ്ച് പറഞ്ഞു.മനുഷ്യൻ്റെ സർഗചേതനയ്ക്ക് പകരമാകില്ല, നിർമിത ബുദ്ധി .ഇത്തവണ മലയാളത്തിൽ നിന്ന് കവി സച്ചിദാനന്ദൻ, കന്നഡയിൽ നിന്ന് ബാനു മുശ്താഖ് എന്നിവർ അവസാന ദിവസങ്ങളിൽ എത്തി . അവരെ കേൾക്കാൻ ആയിരങ്ങൾ . എഴുത്തുകാർ ഷാർജ പുസ്തകമേളയിൽ ഉള്ളുനിറഞ്ഞ് ആദരിക്കപ്പെടുന്നു .കാലം കെട്ടുപോയിട്ടില്ല .സമൂഹ മാധ്യമങ്ങളിലെ റീലുകൾ ചുരുക്കിക്കളഞ്ഞ സംവേദനശീലം അപകടകരമാണ് . പഴയ ആസ്വാദന വൈഭവം വീണ്ടെടുക്കാൻ പുസ്തക മേള പ്രേരിപ്പിക്കുന്നു.സിറാജ് ന്യൂസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button