അനുഭൂതി പകരുന്ന പുസ്തകങ്ങൾ,മേള
കെ എം അബ്ബാസ്
ഷാർജ രാജ്യാന്തര പുസ്തകമേളയുടെ സ്വീകാര്യത വർഷം തോറും വർധിച്ചു വരുന്നു.ഇത്തവണ തുടക്കത്തിൽ തന്നെ എക്സ്പോ സെൻ്ററിലേക്ക് വായനക്കാരുടെ ഒഴുക്ക്.സ്വദേശികളും വിദേശികളും എന്ന വ്യത്യാസമില്ലാതെ,അക്ഷരങ്ങളുടെ അനുഭൂതി തേടി പതിനായിരങ്ങൾ.മലയാളത്തിൻ്റെ കൊടിക്കൂറ ഉയരത്തിൽ.ഏഴാം ഹാളിൽ മിക്ക പ്രസാധകരും പുതിയ കൃതികളുമായി ആകർഷിക്കുന്നു.ഇതിനിടെ ഉത്സവച്ഛായയിൽ റൈറ്റേഴ്സ് ഫോറത്തിൽ ഒന്നിനു പിറകെ ഒന്നായി പ്രകാശനങ്ങൾ.
ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ ഗ്രന്ഥശാലകൾക്ക് ഷാർജ ഭരണാധികാരി ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചിട്ടുണ്ട് .ധാരാളം മലയാള പുസ്തകങ്ങളും ഗ്രന്ഥശാലകൾ വാങ്ങും. 44-ാമത് പുസ്തക മേള പതിപ്പിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്ന് ഏറ്റവും പുതിയ പുസ്തകങ്ങളാണ് വാങ്ങുക. 118 രാജ്യങ്ങളിൽ നിന്നു 2,350 പ്രസാധകരും പ്രദർശകരും ഈ വർഷത്തെ മേളയ്ക്ക് എത്തിയിരിക്കുന്നു . പുതിയ അറബി, വിദേശ ഭാഷാ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്നു .ഷാർജയിലെ വായനക്കാർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരെ അവർ ലക്ഷ്യമിടുന്നു . ” ഇത് , ലോകമെമ്പാടുമുള്ള പുതിയ പ്രസിദ്ധീകരണങ്ങൾ ഗ്രന്ഥശാലകളിൽ ഉൾപ്പെടുത്താനുള്ള ഷാർജ ഭരണാധികാരിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു”. ഷാർജ ബുക്ക് അതോറിറ്റി അധ്യക്ഷ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. “ഗ്രന്ഥശാലകൾ മനുഷ്യ ചിന്തകളെയും സംസ്കാരങ്ങളെയും നാഗരികതകളെയും ബന്ധിപ്പിക്കുന്നു ,” അവർ പറഞ്ഞു.
“നിങ്ങൾക്കും ഒരു പുസ്തകത്തിനും ഇടയിൽ” എന്ന പ്രമേയത്തിൽ നടക്കുന്ന മേള ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിൽ ഒന്നാണ്. 118 രാജ്യങ്ങളിൽ നിന്നു 2,350 പ്രസാധകർ പങ്കെടുക്കുന്നു. 66 രാജ്യങ്ങളിൽ നിന്നുള്ള 250-ലധികം എഴുത്തുകാർ, കലാകാരന്മാർ, ചിന്തകർ.1,200-ലധികം സാംസ്കാരിക, ബൗദ്ധിക, കലാ പരിപാടികൾ.കേരളത്തിൽ നിന്ന് സച്ചിദാനന്ദനും ഇ സന്തോഷ് കുമാറും കെ ആർ മീരയും ഔദ്യോഗിക അതിഥികൾ .ഇതിനു പുറമെ അനൗദ്യോഗിക അതിഥികളായി ധാരാളം പ്രതിഭകൾ.
കഴിഞ്ഞ ദിവസം ഷാർജയിൽ വിമാനമിറങ്ങിയതു മുതൽ പ്രമുഖ എഴുത്തുകാരായ ടി ഡി രാമകൃഷ്ണനും ശൈലനും മറ്റും വിശ്രമിക്കാനേ കഴിഞ്ഞിരിക്കില്ല. ആദ്യ ദിവസമായ ബുധനാഴ്ച, മിക്ക പ്രസാധകരും പ്രദർശകരും പവലിയൻ ഉദ്ഘാടനത്തിന് ക്ഷണിച്ചു. മലയാളികളുടേത് മാത്രം നൂറോളം പവലിയനുകളുണ്ട്. എല്ലാവരും വേണ്ടപ്പെട്ടവർ. ഒന്നിന് പിറകെ ഒന്നായി പവലിയനുകൾ കയറിയിറങ്ങേണ്ടിവന്നു. തുടർന്നു , എത്ര പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്തുവെന്ന് അവർക്കു തന്നെ അറിയില്ല. സ്‌നേഹമസൃണമായ നിർബന്ധത്തിന് വഴങ്ങാതെ നിവർത്തിയില്ല. ആവശ്യക്കാരന് ഔചിത്യബോധമുണ്ടാകില്ലെന്ന് അറിഞ്ഞ് പരമാവധി വേദികളിലെത്തുന്നു. അക്ഷരങ്ങളെ സ്‌നേഹിക്കുന്നവർക്ക്, ഹൃദയംതൊട്ട് ആശംസ അറിയിക്കുന്നു. ലബ്ധ പ്രതിഷ്ഠനായ എഴുത്തുകാരന്റെ ഉത്തരവാദിത്തം എന്ന നിലയിൽ മാത്രമല്ല, സമൂഹത്തിൽ ഗൗരവ വായന അന്യം പോകാതിരിക്കാൻ ഒരു സാംസ്‌കാരിക ഇടപെടൽ കൂടിയാണ്.
ഇത്തരം നന്മകളാലും സമൃദ്ധമാണ് ഷാർജ രാജ്യാന്തര പുസ്തകമേള. ഇതിനും നേതൃത്വം നൽകുന്നത്, ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പുസ്തകമേള തുടങ്ങുന്നതിന് തലേന്ന് ശൈഖ് സുൽത്താൻ ഒരുക്കങ്ങൾ വിലയിരുത്താൻ, എല്ലാ ഹാളുകളിലുമെത്തി. ഉദ്യോഗസ്ഥർക്ക് വലിയ ആത്മവിശ്വാസം പകരുന്ന നീക്കമാണത്. പിറ്റേ ദിവസം, രാവിലെ ഉദ്ഘാടനം കഴിഞ്ഞതിന് ശേഷവും നിരവധി പവലിയനുകൾ സന്ദർശിച്ച് ആശംസ അർപിച്ചു.
രാജ്യാന്തര പുസ്തകമേളയുടെ ഈ തുറന്ന സമീപനവും വിദേശികൾക്ക് അവസരമൊരുക്കലുമാണ് ഷാർജയെ ശ്രദ്ധേയമാക്കുന്നത്. ഭാഷാ, ദേശ വ്യത്യാസമില്ലാതെ അക്ഷര ലോകം എല്ലാ വർഷവും എക്‌സ്‌പോ സെന്ററിൽ മേളിക്കുകയാണ്. ലക്ഷക്കണക്കിന് കൃതികളും ആളുകളും എത്തുന്ന മേളയുടെ നടത്തിപ്പിൽ കൈക്കുറ്റപ്പാടുകൾ ഉണ്ടാകുന്നത്, സ്വാഭാവികം. പക്ഷേ, അതിനെയെല്ലാം അപ്രസക്തമാക്കി സാംസ്‌കാരിക വിസ്മയമാണ് നടക്കുന്നത്.
പുസ്തകമേള, വളരുന്ന തലമുറയിൽ ചെലുത്തുന്ന സ്വാധീനം കനത്തതാണ്. കുട്ടികളെക്കൊണ്ട് മികച്ച രചനകൾ വായിപ്പിക്കാനും സർഗശേഷിയുള്ളവരെ എഴുത്തിന്റെ വഴിയിലേക്ക് തിരിച്ചുവിടാനും പുസ്തകമേളക്ക് കഴിയുന്നു.. സാങ്കേതിക വിദ്യയുടെ ഈ കാലത്ത് പുസ്തകങ്ങൾ വൻതോതിൽ വിറ്റഴിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നതിനു ഇതിനപ്പുറം തെളിവു വേണോ. അതെ , ഷാർജ രാജ്യാന്തര പുസ്തകമേള എന്തെല്ലാം അനുഭൂതികളാണ് നിറക്കുന്നത്.



