അബ്ദുറഹ്മാൻ വധക്കേസിൽ
രണ്ടു പേർ കൂടി അറസ്റ്റിൽ
മംഗളൂരു:ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുരിയാൽ ഗ്രാമത്തിലെ ഇരക്കൊടിയിൽ മെയ് 27 ന് അബ്ദുൾ റഹിമാനെ വെട്ടിക്കൊല്ലുകയും കലന്ദർ ഷാഫിയെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.ബണ്ട്വാളിലെ തെങ്കബെല്ലൂരു ഗ്രാമത്തിലെ എം.സുമിത് ആചാര്യ (27), ബണ്ട്വാളിലെ ബഡഗബെല്ലൂരു ഗ്രാമത്തിലെ സി. രവിരാജ് (23) എന്നിവരാണ് അറസ്റ്റിലായത്.
ബണ്ട്വാൾ താലൂക്കിൽ കുരിയാൽ ഗ്രാമത്തിലെ കെ.ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പി.പൃഥ്വിരാജ് (21), എം.ചിന്തൻ (19) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തിൽ 15പേർക്കെതിരെയാണ് കേസെടുത്തത്.
പണിതീരാ വീടും പൈതങ്ങളും
പിന്നെ വൃദ്ധ മാതാപിതാക്കളും
മംഗളൂരു:കുരിയാൽ ഗ്രാമം കരയുകയാണ്,പ്രകൃതിക്കൊപ്പം.
ചൊവ്വാഴ്ച കഗുഡ്ഡെയിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട അബ്ദുൽ റഹ്മാൻ എന്ന റഹീം എന്ന മോനുവിനെ (34) അത്രമേൽ
നെഞ്ചേറ്റിയിരുന്നു ദേശം.
ആളുകൾക്ക് അവർ ആരെന്ന്
നോക്കാതെ ഉപകാരങ്ങൾ മാത്രം
ചെയ്തുപോന്ന യുവാവ്. “ഞങ്ങൾ പരമ ദരിദ്രരാണ്. ഞങ്ങളുടെ മകൻ നിരപരാധിയായിരുന്നു. അവൻ ആരുടെയും വീട്ടിൽ ഒരിക്കലും ഉപദ്രവിക്കാൻ പോയിട്ടില്ല.എന്നിട്ടും ഒരു കാരണവുമില്ലാതെ അവനെ കൊന്നുകളഞ്ഞു.വല്ല വിരോധവും
ഉണ്ടെങ്കിൽ രണ്ട് അടി കൊടുത്ത്
വിട്ടൂടായിരുന്നോ? സുഖമില്ലാത്ത
ഞങ്ങൾക്ക് ഇനി ആരാണ് മരുന്നുകൾ കൊണ്ടുവരിക?” പിതാവ് അബ്ദുൾ ഖാദറും ഭാര്യ ആസ്യയും കണ്ണീരോടെ പറഞ്ഞു.
ഞങ്ങൾക്ക് നീതി വേണം. കൊലപാതകികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം-അവർ കൂട്ടിച്ചേർത്തു.
പ്രാദേശിക പള്ളിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു എന്നതല്ലാതെ ഏതെങ്കിലും രാഷ്ട്രീയ, അല്ലെങ്കിൽ തീവ്രവാദ സംഘടനകളുമായി മോനുവിന് ബന്ധമില്ലായിരുന്നു എന്ന്
ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഒരു പൊലീസ് സ്റ്റേഷനിലും കേസിൽ പ്രതിയല്ല.
താമസിക്കുന്നതിനോട് ചേർന്ന് പണിതുകൊണ്ടിരുന്ന വീടിന്റെ പൂർത്തീകരണം മോനുവിന്റെ
സ്വപ്നമായിരുന്നു.ഭാര്യയും മൂന്ന് വയസ്സും ഒരു വയസ്സും എട്ട് മാസവും മാത്രം പ്രായമുള്ള രണ്ടു മക്കളും വൃദ്ധ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായി നിലക്കൊണ്ട യുവാവ് കഠിനാധ്വാനിയായിരുന്നുവെന്ന് സാക്ഷ്യം.
സംഭവദിവസം അതിരാവിലെ
ജോലിക്ക് പോയി ഉച്ചക്ക്
വീട്ടിലെത്തി മൂന്ന് മണിയോടെ
വീണ്ടും ഇറങ്ങുകയായിരുന്നു.
പിറ്റേന്ന് മൃതദേഹമാണ് മുറ്റത്ത്
എത്തിയത്.
അബ്ദുറഹ്മാൻ




