ഷാർജ Iഇത്തവണയും മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ, തൊഴിലാളി ദിനം ആഘോഷിച്ചത് കൂട്ടമായി വിദേശ വിനോദ യാത്ര നടത്തി . യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്റ്റാർ ഹോൾഡിങ്, ഇത്തവണ പറന്നത് തായ്ലാൻഡിലേക്കാണ്. യുഎയിലെ കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന, തങ്ങളുടെ ഇരുപതിനായിരത്തിലധികം വരുന്ന തൊഴിലാളികളിൽ കഴിഞ്ഞ വർഷം, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച, പത്ത് തൊഴിലാളികൾക്ക് ‘സ്റ്റാർ പെർഫോർമർ ഓഫ് ദി ഇയർ’ അവാർഡ് നൽകി ആദരിച്ചാണ്, തായ്ലൻഡിലേക്ക് കൊണ്ടുപോയത്.
ഷാർജയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, കമ്പനി ചെയർമാൻ നിഷാദ് ഹുസ്സൈൻ, ഫൈവ് സ്റ്റാർ ഗോൾഡ് മെഡലും, മാനേജിങ് ഡയറക്റ്റർ ഹസീന നിഷാദ്, പ്രശസ്തിപത്രവും നൽകിയാണ് തൊഴിലാളികളെ ആദരിച്ചത്. പത്ത് വർഷത്തോളമായി ഇതേ കമ്പനിയിലിൽ ജോലിചെയ്യുന്നവരാണ്, അവാർഡ് നേടിയ മിക്ക തൊഴിലാളികളും. ചടങ്ങിന് ശേഷം തൊഴിലാളികൾക്ക് ഹൃദ്യമായ യാത്രയപ്പ് നടത്തി.
നാല് ദിവസത്തെ യാത്രക്കാവശ്യമായ പുതിയ വസ്ത്രങ്ങൾ, ബാഗ്, ഷൂസ് തുടങ്ങി എല്ലാ സൗകര്യങ്ങളും കമ്പനി ഓരോ തൊഴിലാളികൾക്കുമായി ഒരുക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എമിറേറ്റ്സിന്റെ എ380 യിലാണ്, ദുബായിൽനിന്നും തൊഴിലാളികൾ, തായ്ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക് പറന്നത്. ബാങ്കോക്കിലെ പ്രശസ്തമായ ഗോൾഡൻ ബുദ്ധയും, മാർബിൾ ടെമ്പിളും സന്ദർശിച്ച ശേഷം, പട്ടായയിൽ എത്തി. തുടന്ന് പട്ടായയിലെ മനോഹരമായ കോറൽ ഐലന്റിലേക്ക് സ്പീഡ് ബോട്ടിൽ യാത്രചെയ്തു. ഐലൻഡിൽ എത്തിയ ഓരോ തൊഴിലാളികളും കടലിന് മുകളിലൂടെ ആകാശത്ത് പറന്നുനടക്കുന്ന പാരാഗ്ലൈഡിങ്ങും, കടലിന്റെ ആഴങ്ങളിലെ പവിഴപുറ്റുകളും, ചെടികളും, വിവിധതരം മത്സ്യങ്ങളെയുമെല്ലാം, നേരിട്ട് കാണാൻപറ്റുന്ന പറ്റുന്ന അണ്ടർവാട്ടർ ടൂറും, ത്രില്ലടിപ്പിക്കുന്ന കടലിലൂടെയുള്ള ജെറ്റ് സ്കീ റൈഡും, ബനാന ബോട്ട് റൈഡുമെല്ലാം അവർ മതിമറന്നാസ്വദിച്ചു. തായ്ലാൻഡിലെ തനത് വിഭവങ്ങൾ നിറഞ്ഞുനിൽക്കുന്ന ഫുഡ് സ്ട്രീറ്റുകളിൽ കറങ്ങി പല വിഭവങ്ങൾ രുചിച്ചും, നിരത്തുകളിലെ നിരവധി വിനോദ പരിപാടികൾ കണ്ടാസ്വദിച്ചും, തൊഴിലാളികൾ യാത്ര മികച്ച ഒരനുഭവമാക്കി മാറ്റി.
0 1 1 minute read


