ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ ഈ മാസം 30ന്;ദുബൈ സ്റ്റേഷൻ ഉദ്ഘാടനം സെപ്റ്റമ്പറിൽ
ദുബൈ:ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ ഈ മാസം 30നു ആരംഭിക്കും.യു എ ഇ റെയിൽ ഗതാഗത ചരിത്രത്തിൽ ഒരു നാഴികക്കല്ലായി ഇത് മാറും.അബുദബിക്കും ഫുജൈറയ്ക്കുമിടയിൽ യാത്രാ റെയിൽ സർവീസുകളുടെ പ്രാരംഭ പ്രവർത്തന ഘട്ടമാണ് 2026 ജൂൺ 30 ന് ആരംഭിക്കുന്നത്.യു എ ഇയുടെ തെക്കുവടക്ക് യാത്രാ സമയം 1 മണിക്കൂർ 45 മിനിറ്റായി ചുരുങ്ങും.തുടക്ക ദിവസങ്ങളിൽ അബൂദബിയിൽ നിന്നു ഫുജൈറയിലേക്കും തിരിച്ചും ദിവസം മൂന്ന് വീതം ട്രെയിനുകൾ.
ദുബൈ ട്രെയിൻ സ്റ്റേഷനും അൽ ദൈദ് ട്രെയിൻ സ്റ്റേഷനും സെപ്റ്റംബർ 30 ന് ഔദ്യോഗികമായി തുറക്കും.തുടർന്ന് അൽ ദഫ്ര സ്റ്റേഷൻ 2026 ഡിസംബർ 30 ന് ആരംഭിക്കും.ഷാർജ ട്രെയിൻ സ്റ്റേഷൻ അടുത്ത വർഷം മാത്രമേ പൂർത്തിയാകൂ. 2027 മാർച്ച് 30 ന് തുറക്കുന്നതോടെ ഈ റൂട്ട് പൂർത്തിയാകും.അബുദബി-ഫുജൈറ റൂട്ടിലെ കംഫർട്ട് ക്ലാസിന് 55 ദിർഹമാണ് ഈടാക്കുക.പ്രീമിയം ക്ലാസിന് 120 ദിർഹത്തിൽ നിന്നും നിരക്ക് ആരംഭിക്കും. പാസഞ്ചർ റെയിൽ ഫ്ലീറ്റിൽ 13 ട്രെയിനുകൾ ഉൾപ്പെടുന്നു. ഓരോന്നിനും 400 യാത്രക്കാരെ ഉൾക്കൊള്ളാനാകും.ഇത്തിഹാദ് റെയിൽ മൊബൈൽ ആപ്ലിക്കേഷനും ഔദ്യോഗിക വെബ്‌സൈറ്റും ഉൾപ്പെടെ നിരവധി സൗകര്യപ്രദമായ ചാനലുകൾ വഴി ഉപഭോക്താക്കൾക്ക് യാത്രകൾ ബുക്ക് ചെയ്യാനും ടിക്കറ്റുകൾ വാങ്ങാനും കഴിയും.ഇത് പ്രവർത്തനക്ഷമമായി.അബുദബി കിരീടാവകാശിയും അബുദബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതോടെയാണ് ഈ പ്രഖ്യാപനങ്ങൾ വന്നത്.ശൈഖ് ഖാലിദ് സ്റ്റേഷന്റെ പ്രധാന സൗകര്യങ്ങൾ സന്ദർശിക്കുകയും പരിശോധിക്കുകയും ചെയ്തു. അതിന്റെ വിവര വിനിമയ സംവിധാനങ്ങളും പ്രവർത്തന സന്നദ്ധത നടപടിക്രമങ്ങളും അവലോകനം ചെയ്തു. സ്റ്റേഷന്റെ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഭാവി പദ്ധതികൾ, തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ ചലനം സുഗമമാക്കുന്നതിനുള്ള നടപടികൾ, പ്രവർത്തന കാര്യക്ഷമതയുടെയും സേവന മികവിന്റെയും ഉയർന്ന നിലവാരം നോക്കിക്കണ്ടു രൂപകൽപ്പന ചെയ്തിട്ടുള്ള സ്മാർട്ട് സൊല്യൂഷനുകളും ഉപഭോക്തൃ സേവന ഓഫറുകളും വിശദീകരിക്കപ്പെട്ടു




