വേൾഡ് ഗവൺമെന്റ്സ് സമിറ്റ് 2026: അതിഥികൾക്ക് പ്രത്യേക സ്വാഗതം
ദുബൈ: ലോകത്തിലെ വിവിധ സർക്കാരുകളുടെ ഭാവി രൂപപ്പെടുത്തുന്ന സുപ്രധാന വേദിയായ വേൾഡ് ഗവൺമെന്റ്സ് സമിറ്റ് 2026-ലേക്ക് എത്തുന്ന അതിഥികൾക്ക് പ്രത്യേക സ്വാഗതം ഒരുക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) . ദുബൈയിലെ വിമാനത്താവളങ്ങളിൽ സമിറ്റിന്റെ ലോഗോ പതിപ്പിച്ച പ്രത്യേക സ്റ്റാമ്പ് ഉപയോഗിച്ചാണ് യുഎഇയിലെത്തുന്ന പ്രതിനിധികളെ സ്വീകരിച്ചത്.
സർക്കാരുകളുടെ ഭാവി നിർണയിക്കുന്നതിലുള്ള ദുബൈയുടെ ദൗത്യവും ഭരണനവീകരണ കാഴ്ചപ്പാടും ആഗോള തലത്തിൽ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വ്യക്തമാക്കി. 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള 500-ത്തിലധികം മന്ത്രിമാർ ഉൾപ്പെടെ 150-ൽ അധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോക സർക്കാർ ഉച്ചകോടിക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്.
‘ഭാവി സർക്കാരുകളെ രൂപപ്പെടുത്തുന്നു’ എന്ന പ്രമേയത്തിലാണ് മൂന്ന് ദിവസങ്ങളിലായി ഉച്ചകോടി സംഘടിപ്പിക്കുന്നത്. രാഷ്ട്രതലവന്മാർ, സർക്കാർ തലവന്മാർ, മന്ത്രിമാർ, വിദഗ്ധർ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവരെ ഒരുമിപ്പിക്കുന്ന ഏറ്റവും ശ്രദ്ധേയമായ അന്താരാഷ്ട്ര വേദികളിൽ ഒന്നായി ഈ ഉച്ചകോടി മാറിയിട്ടുണ്ട്



