മംഗളൂരുവിൽ കോൺഗ്രസിൽ മുസ്‌ലിം
നേതാക്കളുടെ കൂട്ട രാജി
മംഗളൂരു: കർണാടക ഭരിക്കുന്ന കോൺഗ്രസിന്റെ ദക്ഷിണ കന്നട ജില്ലയിലെ നിരവധി മുസ്‌ലിം നേതാക്കളും ഭാരവാഹികളും വ്യാഴാഴ്ച കൂട്ടത്തോടെ രാജിവച്ചു.
മലപ്പുറം വേങ്ങര സ്വദേശി
അഷ്റഫിന്റെ ആൾക്കൂട്ട കൊല,
ചൊവ്വാഴ്ചയുണ്ടായ അബ്ദുറഹ്മാൻ വധം ഉൾപ്പെടെ
സംഭവങ്ങളോട് സർക്കാർ
സംവിധാനങ്ങൾ പുലർത്തുന്ന
സമീപനത്തിൽ പ്രതിഷേധിച്ചാണ്
രാജി.കെപിസിസി ജനറൽ സെക്രട്ടറി എംഎസ് മുഹമ്മദ്, ദക്ഷിണ കന്നട ജില്ല കോൺഗ്രസ് ന്യൂനപക്ഷ സെൽ പ്രസിഡന്റ് കെ.കെ.ഷാഹുൽ ഹമീദ്
എന്നിവരുടെ നേതൃത്വത്തിലാണ്
രാജി പ്രഖ്യാപിച്ചത്.
മംഗളൂരു ബോളാറിലെ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ നടന്ന അടിയന്തര യോഗത്തിൽ പാർട്ടി
പ്രവർത്തകർ നേതാക്കളെ സമ്മർദത്തിലാക്കുകയായിരുന്നു.
കഴിഞ്ഞ മാസം 27ന് മലയാളി
യുവാവിനെ ആൾക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തിയ
സംഭവത്തോട് പൊലീസും ഭരണകൂടവും സ്വീകരിച്ച സമീപനം
അബ്ദുറഹ്മാൻ വധത്തിലും
ആവർത്തിക്കുകയാണെന്ന്
നഗരത്തിലേയും പരിസരത്തേയും
വിവിധ തൊഴിൽ മേഖലകളിൽ
നിന്നുളള പ്രവർത്തകർ രോഷത്തോടെ ആരോപിച്ചു.
മുഖ്യമന്ത്രിയുമായി സംസാരിച്ചു,
അദ്ദേഹം പ്രശ്നപരിഹാരത്തിന്
സാവകാശം ആവശ്യപ്പെട്ടു എന്ന്
നേതാക്കൾ പറഞ്ഞെങ്കിലും
അണികൾ ശാന്തരാവുന്നതിന് പകരം കൂടുതൽ ക്ഷുഭിതരായി
വേദിയിലേക്ക് ഇരച്ചുകയറുകയാണ് ചെയ്തത്.
സമുദായത്തോട് ഒപ്പം നിൽക്കാൻ
ആവശ്യപ്പെട്ട് മുദ്രാവാക്യം വിളി
ഉയർന്നു.
ഇതോടെ നേതാക്കൾ വഴങ്ങി;പ്രവർത്തകർ അടങ്ങി.
ബൂത്ത് ലെവൽ പ്രവർത്തകർ മുതൽ ജില്ലാ, സംസ്ഥാന ഭാരവാഹികൾ വരെയുള്ള കോൺഗ്രസ് ശ്രേണിയിലെ നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു,
കെപിസിസി ജനറൽ സെക്രട്ടറി എംഎസ് മുഹമ്മദ് ,കെ.കെ. ഷാഹുൽ ഹമീദ് , മുൻ കോർപറേഷൻ കൗൺസിലർ അബ്ദുൾ റൗഫ്, സുഹൈൽ കണ്ടക് തുടങ്ങിയവർ പ്രസംഗിച്ചു.
സുഹൈൽ കണ്ടക് ആണ് ആദ്യം സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. ഷാഹുൽ ഹമീദ്, എം.എസ്. മുഹമ്മദ് തുടങ്ങിയ നേതാക്കൾ ഓരോരുത്തരായി പാർട്ടി പദവികളിൽ നിന്ന് രാജി പ്രഖ്യാപിച്ചു. കോൺഗ്രസ് നേതൃത്വത്തിനും സംസ്ഥാന സർക്കാരിനുമുള്ള ശക്തമായ സന്ദേശമായാണ് കൂട്ടായ രാജികളെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
അഷ്റഫ് വധത്തെത്തത്തുടർന്ന്
മംഗളൂരുവിൽ എത്തിയ വേളയിൽ
കോൺഗ്രസ് മുസ്‌ലിം നേതാക്കൾ
സർക്യൂട്ട് ഹൗസിൽ ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വരയെ
വളഞ്ഞ് പൊലീസ്,ഭരണകൂട
നിലപാടുകളോടുള്ള പ്രതിഷേധം
അറിയിച്ചിരുന്നു.




