പുതുവർഷരാവിൽ തൊഴിലാളികളെ ചേർത്തുപിടിച്ചു ദുബൈ
ദുബൈ lലോകം മുഴുവൻ പുതുവർഷപ്പുലരിയിൽ ആണ്ടപ്പോൾ ദുബൈ ജി ഡി ആർ എഫ് എ നോക്കിയത് ഈ മണ്ണിൽ വിയർപ്പൊഴുക്കുന്ന സാധാരണക്കാരിലേക്ക് .ആഘോഷങ്ങൾക്കിടയിൽ പലരുടെയും ശ്വാസമടക്കിപ്പിടിച്ച നിമിഷമായിരുന്നു ആ നറുക്കെടുപ്പ്. വെറും കയ്യോടെ വന്ന്, ഭാഗ്യം കൊണ്ട് സന്തോഷത്തിൽ അലിഞ്ഞ നിമിഷങ്ങൾ! അഞ്ച് ലക്ഷം ദിർഹത്തിലധികം (1.1 കോടിയിലധികം രൂപ) മൂല്യമുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
തൊഴിൽ വസ്ത്രങ്ങൾ മാറ്റി വെച്ച്, പുത്തൻ കാറുകളുടെയും തിളങ്ങുന്ന സ്വർണ്ണക്കട്ടികളുടെയും മൊബൈൽ ഫോണുകളുടെയും ഉടമകളായപ്പോൾ, പലരുടെയും കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊടിഞ്ഞു. വിയർപ്പിന് വിലയുണ്ടെന്ന് ദുബായ് അവരെ ഓർമ്മിപ്പിക്കുകയായിരുന്നു.
ചടങ്ങിന് പങ്കെടുക്കാൻ കഴിയാത്ത തൊഴിലാളികൾക്കും ഈ ആഘോഷങ്ങൾ അന്യമായില്ല. ‘ബ്ലൂ കണക്ട്’ ആപ്പിലൂടെയും ലൈവ് സ്ട്രീമിംഗിലൂടെയും അവരും ഈ മഹാമേളയുടെ ഭാഗമായി. നേരിട്ട് വരാൻ കഴിയാത്തവരും ഡിജിറ്റൽ ലോകത്തിലൂടെ തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചു. നേരിട്ടും ഓൺലൈനിലുമായി 50,00 0 ആളുകളാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു
തുടർച്ചയായ മൂന്നാം വർഷമാണ് ഇത്തരമൊരു വിപുലമായ ആഘോഷം നടക്കുന്നത്. “ഈ നഗരത്തിന്റെ വികസനത്തിന് നിങ്ങൾ നൽകിയ സംഭാവനകൾക്കുള്ള ചെറിയൊരു ആദരവ് മാത്രമാണിത്,” എന്ന ജി.ഡി.ആർ.എഫ്.എ അധികൃതരുടെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് തൊഴിലാളികൾ ഏറ്റുവാങ്ങിയത്.പുതുവർഷം പിറന്നത് കലണ്ടറിൽ മാത്രമല്ല, ഈ തൊഴിലാളികളുടെ മനസ്സിലുമാണ്



