അബൂദബി I ബുർജീൽ ഹോൾഡിങ്സ് സി ഇ ഒയായി ഡോ. ഷംഷീർ വയലിലിനെ ബോർഡ് യോഗം തിരഞ്ഞെടുത്തു .ബോർഡ് ചെയർമാൻ പദവിയിലും ഡോ. ഷംഷീർ തുടരും . മധ്യപൗരസ്ത്യ ദേശം , ഇന്ത്യ , യൂറോപ്പ് എന്നിവടങ്ങളിൽ വ്യാപിച്ച വി പി എസ് ഹെൽത്ത് കെയർ സംരംഭത്തിൻ്റെ സ്ഥാപകനാണ് ഡോ.ഷംഷീർ . വി പി എസിൻ്റെ കീഴിൽ പബ്ലിക് ലിസ്റ്റഡ് ആശുപത്രി ശൃംഖലയാണ് ബുർജീൽ . ഫോബ്‌സ് പട്ടികയിൽ ഇടംപിടിച്ച ശത കോടീശ്വരനാണ് . ഇന്ന് വിപിഎസ് ഹെൽത്ത്‌കെയറിന് (അതിന്റെ പബ്ലിക് ലിസ്റ്റഡ് സ്ഥാപനമായ ബുർജീൽ ഹോൾഡിംഗ്‌സ് ഉൾപ്പെടെ) മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലായി 20-ലധികം ആശുപത്രികളും നിരവധി മെഡിക്കൽ സെന്ററുകളുമുണ്ട്.
ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ അൽശാമിൽ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സഊദി അറേബ്യയിൽ മികച്ച പ്രതികരണം ലഭിച്ചു. 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ നേടാൻ സാധിച്ചു . സഊദി അറേബ്യയിലെ നിക്ഷേപകരിൽ നിന്ന് സമാനതകളില്ലാത്ത പ്രതികരണമാണ് ലഭിച്ചതെന്ന് സ്റ്റോക് എക്സ്ചേഞ്ച് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി . ജിസിസിയിലെ സ്പെഷ്യലൈസ്ഡ് എജ്യൂക്കേഷൻ മുൻനിര ദാതാവായ ഗ്രൂപ്പിന്റെ ബുക്ക് ബിൽഡിംഗ് പ്രക്രിയ ഏകദേശം 6160 കോടി സഊദി റിയാൽ (1.456 ട്രില്യൺ രൂപ) മൂല്യം നേടി. ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ നിക്ഷേപകർക്കുള്ള ശക്തമായ വിശ്വാസമാണ് പ്രകടമാക്കുന്നത്.
“അൽശാമിൽ എജ്യുക്കേഷന്റെ വളർച്ചയിലും വിദ്യാഭ്യാസ രംഗത്ത് ഞങ്ങൾ പുലർത്തുന്ന വ്യത്യസ്തതയിലും നിക്ഷേപകർക്കുള്ള വിശ്വാസമാണ് മികച്ച പ്രതികരണത്തിലൂടെ പ്രകടമാകുന്നത്. സമൂഹത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള നല്ല മാറ്റങ്ങൾ കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം. ഈ യാത്രയിലേക്ക് ഞങ്ങൾ പുതിയ ഓഹരിയുടമകളെയും സ്വാഗതം ചെയ്യുന്നു,” അൽമസാർ അൽശാമിൽ ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
ജിസിസി മേഖലയിലെ വിദ്യാഭ്യാസ- ആരോഗ്യ രംഗത്തെ ഏറ്റവും വലിയ സംയോജിത നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോൾഡിങ്‌സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് അൽമസാർ അൽശാമിൽ എജ്യുക്കേഷൻ. ഡോ. ഷംഷീർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനാണ് . കൊച്ചി ലേക്‌ഷോർ ഹോസ്‌പിറ്റൽ ചെയർമാൻ കൂടിയാണ് ഈ മലയാളി .
0 28 1 minute read



