അന്താരാഷ്ട്ര നേഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് എസ്യുവി കാറുകൾ സമ്മാനം
അബൂദബി |അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ നേഴ്സുമാരെ കാത്തിരുന്നത് വമ്പൻ സമ്മാനങ്ങൾ .തിരഞ്ഞെടുക്കപ്പെട്ട പത്ത് പേർക്ക് ടൊയോട്ട ആർ എ വി 4 കാർ സമ്മാനിച്ചാണ് യുഎഇ യിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഗ്രൂപ്പിന്റെ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച നേഴ്സുമാരെ ആദരിക്കുന്നതിനായി നടത്തിയ ഡ്രൈവിംഗ് ഫോഴ്സ് അവാർഡ്സിലാണ് ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന സർപ്രൈസ് സമ്മാനം ഓരോരുത്തരെയും കാത്തിരുന്നത്. വിജയികളിൽ നാല് മലയാളികളുൾപ്പടെ ആറ് ഇന്ത്യാക്കാർ. ബാക്കിയുള്ളവർ ഫിലിപ്പൈൻസ്, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ.
“വേദിയിൽ എന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന് മാത്രമേ കരുതിയുള്ളൂ. ഇത്രയും വിലയേറിയ ഒരു സമ്മാനം പ്രതീക്ഷിച്ചതേയില്ല,” ഡ്രൈവിംഗ് ഫോഴ്സ് അവാർഡ് വിജയി അനി എം. ജോസ് പറഞ്ഞു. ബുർജീൽ മെഡിക്കൽ സിറ്റിയിൽ നേഴ്സിങ് എഡ്യൂക്കേഷൻ മാനേജരായ കണ്ണൂർ സ്വദേശി അനി യുഎഇ യിലെത്തിയത് 2015 ഇൽ. അൽ റീമിലെ ബുർജീൽ ഡേ സർജറി സെന്ററിൽ നേഴ്സായ പത്തനംതിട്ട സ്വദേശിനി അർച്ചന കുമാരി , ദുബൈ മെഡിയോർ ആശുപത്രിയിൽ നേഴ്സായ സിബി മാത്യു, അൽ ഐനിലെ ബുർജീൽ റോയൽ ഹോസ്പിറ്റലിൽ ഐസിയു നേഴ്സായ വിഷ്ണു പ്രസാദ് എന്നിവരാണ് മറ്റു മലയാളികൾ.അബുദബിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിലും ഗ്രൂപ്പ് കോ-സിഇഒ സഫീർ അഹമ്മദും വിജയികൾക്ക് താക്കോൽ കൈമാറി.