വിലങ്ങണിഞ്ഞ അനധികൃത കുടിയേറ്റക്കാർ അമേരിക്കയിൽ നിന്നില്ല,ഗൾഫിൽ നിന്നാണ് എത്തിയിരുന്നതെങ്കിലോ?ആരൊക്കെ ആ പാപഭാരം ഏൽക്കണമായിരുന്നു!എന്നാൽ,അമേരിക്കയിൽ നിന്നായതിനാൽ ആ കൂറ്റൻ സൈനിക വിമാനത്തിൻറെ ബാഹ്യരൂപ പ്രഘോഷണത്തിൽ , കടുത്ത മനുഷ്യാവകാശ ലംഘനത്തെ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ ഒളിപ്പിച്ചു.ലോകം “അപരിഷ്കൃത”രെന്ന് വിലയിരുത്തിയ അറബികൾ എത്ര മാന്യൻമാരും മാനവിക ബോധമുള്ളവരുമാണെന്ന് ഞാൻ ഓരോ പൊതുമാപ്പിലും നേരിട്ട് കണ്ടിട്ടുണ്ട്.അനധികൃത കുടിയേറ്റക്കാരെ കുറ്റവാളികളായാണ് എല്ലാ രാജ്യങ്ങളും കണക്കാക്കുന്നത്.പക്ഷേ,അങ്ങിനെ ആയിരിക്കുമ്പോഴും വിശപ്പാണ് യഥാർഥ കുറ്റവാളിയെന്ന് മനസിലാക്കി,എത്രയോ അനുകമ്പയോടെയാണ് ഗൾഫ് രാജ്യങ്ങൾ പെരുമാറുന്നത്.
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ അവിടത്തെ ബുദ്ധി ജീവി നോം ചോസ്കി, ട്രംപിൻ്റെ കക്ഷിയെ ഭീകരവാദികൾ എന്നാണ് വിശേഷിപ്പിച്ചത്.അത്രയ്ക്ക് ക്രൂരൻമാരും അപരിഷ്കൃതരുമാണവർ.പക്ഷേ,പൊതുബോധം മറിച്ചാണ്.
ഇതിനിടയിൽ,അമേരിക്കയുടെ മനുഷ്യാവകാശ ലംഘനത്തെ ഇന്ത്യൻ പ്രധാനമന്ത്രി എന്ത് കൊണ്ട് അപലപിച്ചില്ല?
കൊളംബിയൻ ,പ്രസിഡന്റ് പെട്രോ ഗുസ്താവയെ നോക്കുക. സ്വന്തം രാജ്യത്തെ പൗരന്മാരെ വിലങ്ങു വച്ചു തള്ളാൻ വന്ന യു എസ് സൈനിക വിമാനത്തെ ആ ചെറിയ രാജ്യം ഇറങ്ങാൻ അനുവദിച്ചില്ല. താരിഫ് ഭീഷണിയ്ക്ക് പോലും വഴങ്ങാതെ, ചാർട്ട് ചെയ്ത വിമാനത്തിൽ, അമേരിക്കയെ കൊണ്ടു തന്നെ പൗരന്മാരെ രാജ്യത്തെത്തിച്ചു. “കുടിയേറ്റക്കാരെ ആവശ്യമില്ലാത്ത രാജ്യത്ത് അവർ അവിടെ തുടരുവൻ ഞാൻ താല്പര്യപ്പെടുന്നില്ല,എന്നാൽ അവരെ തിരിച്ചയക്കുന്ന രാജ്യം എൻ്റെ പൗരൻമാരുടെ അഭിമാനവും അന്തസ്സും ബഹുമാനിക്കണം. ഞങ്ങളുടെ രാജ്യത്തേയ്ക്ക് ആ നിലയിലാണ് പറഞ്ഞയക്കേണ്ടത്.
,കൊളംബിയയെ ബഹുമാനിക്കണം,ഞങ്ങളുടെ ജനത്തെ ക്രിമിനലുകളായി കണക്കാക്കാതെ സിവിലിയൻ വിമാനത്തിൽ അയക്കണം,സ്വീകരിക്കാം” പെട്രോ പറഞ്ഞു.
അമേരിക്ക ഒരിക്കലും മനുഷ്യത്വത്തിന് വില കൽപിച്ചിട്ടില്ല.വലിയ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടെന്നല്ലാതെ,കാരുണ്യം വളർത്തിയിട്ടില്ല.അത് കൊണ്ടാണ്,ഇസ്രാഈലികൾ ഗസ്സയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കൂട്ടക്കൊലചെയ്യുമ്പോഴും ഓശാന പാടുന്നത്.
എല്ലാറ്റിനെക്കാളും അധമമായി തോന്നിയത്,നമ്മുടെ ഭരണകൂടം അമേരിക്കൻ സമീപനത്തെ ന്യായീകരിച്ചതാണ്.അനധികൃത കുടിയേറ്റക്കാരെ കാൽചങ്ങല അണിയിച്ചത്,അമേരിക്കൻ രീതി അങ്ങിനെയായത് കൊണ്ടാണത്രെ.”ചെളി തെറിപ്പിച്ചാലെന്താ,ആവിമാനത്തിൻ്റെ വലിപ്പം കണ്ടില്ലേ..”കെ എം അബ്ബാസ്
0 13 1 minute read