ഏതാണ്ട് 30 വർഷമായി ദുബൈ ദേരയിൽ ജീവിക്കുന്നു. നൈഫ് റോഡും സോമാലി ഗല്ലിയും മുർശിദ് ബസാറും നാട്ടിലെ മലയാളികൾക്കും സുപരിചിതമാണെന്നിരിക്കെ, എഴുത്തിലേക്ക് അവയെ കൊണ്ടുവരാനുള്ള ശ്രമമാണ് ദേര എന്ന ചെറിയ നോവലിലൂടെ നടത്തിയത്. ചില പരിചിത മുഖങ്ങളെ അതിന് കഥാപാത്രങ്ങളാക്കേണ്ടിവന്നു. ദേര ഏതൊരു സർഗാത്മക എഴുത്തുകാരനെയും ഭ്രമിപ്പിക്കുന്ന ഇടമാണെന്ന് ഇപ്പോൾ മനസിലാകുന്നു. മാർകേസിന് കാർത്തഹീന പോലെ, ഒർഹാൻ പാമുക്കിന് ഇസ്താംബൂൾ പോലെ, എം മുകുന്ദന് ഡൽഹി പോലെ, ദേരയുടെ വഴികളും കാഴ്ചകളും എഴുത്തുകാരെ മാടിവിളിക്കുന്നു. ദേരയുടെ വായന കഴിഞ്ഞ് ചിലർ പ്രതികരിച്ചപ്പോൾ ബോധ്യമായ വസ്തുതയാണിത്.
ദേരയെക്കുറിച്ച് ഇനിയും കഥകളും നോവലുകളും വന്നേക്കും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന സമ്പന്നരുടെയും ദരിദ്രരുടെയും വിയർപ്പ് ഇടകലരുന്ന, ഭാഗ്യനിർഭാഗ്യങ്ങളിലേക്ക് ജീവിതം ചാഞ്ചാടുന്നത് പോലെ രണ്ട് പൈതൃകങ്ങളിലേക്ക് യാത്രികരെ വഹിച്ചു പോകുന്ന അബ്രകളുള്ള, സുഗന്ധ ദ്രവ്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും രൂക്ഷഗന്ധം ഉയരുന്ന ഗല്ലികളുള്ള, ദേരയുടെ മനസിലേക്ക് അധികമാളുകൾ കടന്നുചെന്നിട്ടില്ല. പക്ഷേ, വരാതിരിക്കില്ല. അത്രയ്ക്ക് പ്രലോഭനീയമാണ് കാഴ്ചകൾ, അസംസ്‌കൃത വസ്തുക്കൾ. കഥാകാരൻ ശത്രുഘ്‌നൻ ‘ബ്ലാക്ക് ഓൺ ബ്ലാക്കായ’ സ്ത്രീകളുടെ വിഹാര കേന്ദ്രമാണതെന്ന് ഒരു കുറിപ്പിൽ എഴുതിയത് ഓർക്കുന്നു. ഒറ്റപ്പെടലിന്റെ വേദനയിറക്കി വെക്കാവുന്ന സങ്കടബെഞ്ചും അതിനെ പേറുന്ന നൈഫ് റോഡും കഥകളിൽ വന്നിട്ടുണ്ട്. എന്നാൽ, ഓർഹാൻ പാമുക്ക് ഇസ്താംബൂളിനെ കണ്ടതിന് സമാനമായല്ല, ‘ദേര’. അമൂല്യങ്ങളായ ഓർമകളുള്ള കാഴ്ച ബംഗ്ലാവ് പോലെയാണ്.
ഇതിനിടയിൽ ജോയ് മാത്യുവിന്റെ ‘ദേര’ എന്ന കവിത പിറവികൊണ്ടു. പക്ഷേ, അതിന് മുന്നേ ‘ദേര’ എഴുതിത്തുടങ്ങിയിരുന്നു. എഴുതി പൂർത്തിയായപ്പോൾ ശീർഷകം മാറ്റാനും തോന്നിയില്ല. ദേര, ഷാർജ രാജ്യാന്തര പുസ്തകമേളയിലാണ് പ്രകാശനം ചെയ്തത്. ഗ്രീൻ ബുക്സിന് നന്ദി,കാലയവനികക്കുള്ളിൽ മറഞ്ഞ കൃഷ്ണദാസിനും നന്ദി,
വായിച്ചവർക്ക് പ്രത്യേകം നന്ദി …k m abbas
1 24 1 minute read
ഗൾഫുകാർ വായിച്ചിരിക്കേണ്ടത് ….ദേര.