ദുബൈIഫെബ്രുവരി രണ്ടാം വാരം ബംഗളൂരുവിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി യുഎഇയിൽ നടത്തിയ എൻആർഐ ഇൻവെസ്റ്റ് സമ്മിറ്റ് ആൻഡ് ബയേഴ്സ് മീറ്റിന് മികച്ച പ്രതികരണം ലഭിച്ചതായി കർണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയും മുൻ മന്ത്രിയും നിയമനിർമാണ കൗൺസിൽ അംഗവുമായ നസീർ അഹമ്മദ് അറിയിച്ചു.
നിക്ഷേപ ഉച്ചകോടിയിൽ യുഎഇയിൽ നിന്ന് മികച്ച പങ്കാളിത്തം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദ്യ, ബയോടെക്, എയർ സ്പേസ്, ഉത്പാദനം, ഐടി തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിക്ഷേപകരെ ആകർഷിക്കുന്നതിന് കഴിഞ്ഞ മാസം യുഎഇയിൽ റോഡ് ഷോകൾ നടത്തിയിരുന്നു.
പ്രവാസികളായ നിക്ഷേപകർക്ക് വേണ്ടി കർണാടകയിൽ അഞ്ചു കോടിയുടെ അവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 500 കോടിക്ക് മുകളിൽ നിക്ഷേപമുള്ള വ്യവസായങ്ങളുടെ നടപടിക്രമങ്ങൾ മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിക്കും. ഇതിന് പുറമെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയും നിക്ഷേപ നടപടികൾക്ക് മേൽനോട്ടം വഹിക്കും.
ഇന്ത്യയിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ വികസനം നടക്കുന്ന സംസ്ഥാനമാണ് കർണാടകയെന്ന് ധനകാര്യ സെക്രട്ടറി ഡോ. പി.സി. ജാഫർ പറഞ്ഞു. പ്രതിവർഷം രണ്ടര ലക്ഷം എൻജിനിയർമാരാണ് സംസ്ഥാനത്ത് പഠിച്ചിറങ്ങുന്നത്. ഈ മാനവശേഷി കർണാടകക്ക് വലിയ സാദ്ധ്യതകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു നഗരത്തിന്റെ വികസനം കണക്കിലെടുത്ത് രണ്ടാമത്തെ വിമാനത്താവളം പണിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുനിഗല്, രാമനഗര, ബിഡദി, ഹരോഹള്ളി തുടങ്ങിയ സ്ഥലങ്ങൾ ഇപ്പോൾ പരിഗണനയിലാണ്. സംസ്ഥാനത്ത് രണ്ട് പുതിയ തുറമുഖങ്ങൾ നിർമിക്കും. ഉപഗ്രഹ നഗരങ്ങൾക്കുമായുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും ഡോ. പി.സി. ജാഫർ വ്യക്തമാക്കി. കർണാടക സർക്കാറിന്റെ വാണിജ്യ വ്യവസായ ഡിപാർട്ട്മെന്റ് സെക്രട്ടറി രമൺദീപ് ചൗധരി, ന്യൂസ് ട്രെയിൽ ഡയറക്ടർ സിദ്ദിഖ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
0 2 1 minute read