ഒന്നാം നമ്പർ മണ്ഡലം, ഒന്നാം നമ്പർ ബൂത്ത്; അശ്വിനി കുറിച്ചത് ‘ഒന്നാം’ വോട്ട്
മഞ്ചേശ്വരം: കേരളത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സവിശേഷമായൊരു ‘ഒന്നാം നമ്പർ’ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അശ്വിനി എന്ന വോട്ടർ. സംസ്ഥാനത്തെ ഒന്നാം നമ്പർ നിയോജകമണ്ഡലമായ മഞ്ചേശ്വരത്തെ ഒന്നാം നമ്പർ പോളിങ് ബൂത്തിൽ ഒന്നാമതായി വോട്ട് രേഖപ്പെടുത്തിയത് അശ്വിനി യാണ്.
ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരിലെ ഒന്നാം നമ്പർ ബൂത്തിലെ ആദ്യ വോട്ടർ അശ്വിനിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. മഞ്ചേശ്വരം ഗെരുക്കട്ടെയിൽ അംഗൻവാടി അധ്യാപികയായ അശ്വിനി, ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ കൂടി ഭാഗമായിരുന്നു. ഉദയവാർ ജി.എൽ.പി സ്കൂളിൽ ബൂത്ത് ലെവൽ ഓഫീസറായി നിയോഗിക്കപ്പെട്ടതിനാൽ ജോലിക്ക് നേരത്തെ പ്രവേശിക്കേണ്ടതുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അനുമതിയോടെയാണ് ഇവർ അതിരാവിലെ തന്നെ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്.
അമ്മ ഒന്നാം നമ്പർ ബൂത്തിലെ ആദ്യ വോട്ടറായപ്പോൾ മകൻ കാർത്തിക്കിന് ഇത് കന്നി വോട്ടിന്റെ ആവേശം കൂടിയാണ്. ബെജ്ഞാനപ്പടവ് കാനറ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ കാർത്തിക് ആദ്യമായാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകുന്നത്. 1087 വോട്ടർമാരുള്ള കുഞ്ചത്തൂർ ജി.വി.എച്ച്.എസ്.എസ് ഒന്നാം നമ്പർ ബൂത്ത് കൂടാതെ മറ്റു മൂന്ന് ബൂത്തുകൾ കൂടി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു



