ദുബൈ വേൾഡ് കപ്പ് : യാത്രക്കാരെ സ്വാഗതം ചെയ്യാൻ പാസ്‌പോർട്ടിൽ സ്മാരക സ്റ്റാമ്പ്
ദുബൈ : ലോകത്തെ ഏറ്റവും മൂല്യമേറിയ കുതിരപ്പന്തയ മാമാങ്കമായ ‘ദുബൈ വേൾഡ് കപ്പ് ‘ഇന്ന് നടക്കും . മുപ്പതാം വാർഷികം ആഘോഷമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത് . ഈ കായിക ഉത്സവത്തിന്റെ (പേൾ ജൂബിലി) ഭാഗമായി ദുബൈ രാജ്യാന്തര വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പ്രത്യേക സ്മാരക സ്റ്റാമ്പ് പതിപ്പിച്ചു തുടങ്ങി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആണ് യാത്രക്കാർക്കായി ‘ദുബൈ വേൾഡ് കപ്പ് 2026’ ലോഗോ പതിപ്പിച്ചുള്ള ഈ വേറിട്ട സ്വീകരണം ഒരുക്കിയിരിക്കുന്നത്.മാർച്ച് 28-ന് ദുബൈ മെയ്ദാൻ റേസ്‌കോഴ്‌സിലാണ് ഈ ആഗോള കുതിരപ്പന്തയ മത്സരം നടക്കുന്നത്. ഓരോ സന്ദർശകനും യുഎഇയുടെ തനതായ ആതിഥ്യമര്യാദയും സ്നേഹവും പകരാനാണ് ഈ സ്മാരക സ്റ്റാമ്പിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. പാസ്‌പോർട്ടിൽ പതിയുന്ന ഈ മുദ്ര ഓരോ യാത്രികനും എന്നെന്നും സൂക്ഷിക്കാവുന്ന മനോഹരമായ ഒരു ഓർമ്മയായി മാറും.ദുബായ് വേൾഡ് കപ്പിൽ പങ്കെടുക്കാനും കാണാനുമായി എത്തുന്ന സന്ദർശകർക്ക് വിമാനത്താവളങ്ങളിൽ സുഗമമായ യാത്രാനുഭവം ഉറപ്പാക്കാൻ ജിഡിആർഎഫ്എ പ്രത്യേക പാസ്‌പോർട്ട് കൺട്രോൾ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. യാതൊരു കാലതാമസവുമില്ലാതെ അതിവേഗ ഇമിഗ്രേഷൻ സേവനം നൽകി സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് ഈ സംഘത്തിന്റെ ചുമതല.
വേൾഡ് കപ്പിന്റെ 30-ാം പതിപ്പ് ഈ കായികമാമാങ്കത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ജിഡിആർഎഫ്എ എയർപോർട്ട് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖീതി പറഞ്ഞു. “രാജ്യത്തെത്തുന്ന യാത്രക്കാർക്ക് നൂതനമായ സംരംഭങ്ങളിലൂടെ ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം വ്യക്തമാക്കി.
0 1 1 minute read



