Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ജയിൽ

ഈദ്

പെരുന്നാൾ സമ്മാനമായി ‘ഈദ് ഹോസ്പിറ്റാലിറ്റി’; ജയിൽ അന്തേവാസികൾക്ക് കുടുംബങ്ങളെ കാണാൻ അവസരമൊരുക്കി
————————————————
ദുബായ്: ചെറിയ പെരുന്നാൾ ദിനത്തിൽ അൽ അവീറിലെ നിയമലംഘകരുടെ താമസകേന്ദ്രത്തിലുള്ളവർക്ക് കാരുണ്യത്തിന്റെ സ്പർശമായി ദുബായ് ജി ഡി ആർ എഫ് എ യുടെ വേറിട്ട ഉദ്യമം. ഈദ് ദിനത്തിൽ പ്രിയപ്പെട്ടവരെ കൺകുളിർക്കെ കാണാനും സംസാരിക്കാനും അന്തേവാസികൾക്ക് അധികൃതർ അവസരമൊരുക്കി. ‘ഈദ് ഹോസ്പിറ്റാലിറ്റി’ എന്ന പേരിൽ നടപ്പിലാക്കിയ പദ്ധതിയിലൂടെ വിവിധ രാജ്യക്കാരായ നിരവധി പേർക്കാണ് തങ്ങളുടെ കുടുംബങ്ങളുമായി വീഡിയോ കോളിൽ സംസാരിക്കാൻ സൗകര്യം ലഭിച്ചത്.
പെരുന്നാൾ പോലെയുള്ള ആഘോഷവേളകളിൽ കുടുംബത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ കൊതിക്കുന്നവരാണ് ഇവിടുത്തെ അന്തേവാസികൾ. അവരുടെ ഈ മാനസികാവസ്ഥ മനസിലാക്കിയാണ് ജി.ഡി.ആർ.എഫ്.എ പ്രത്യേക വീഡിയോ കോൾ സൗകര്യം ഏർപ്പെടുത്തിയത്. നേരിൽ കാണുന്ന പ്രതീതിയിൽ പ്രിയപ്പെട്ടവരോട് ഈദ് ആശംസകൾ പങ്കുവെക്കാൻ ഇതിലൂടെ അവർക്ക് കഴിഞ്ഞു. കൂടാതെ, നാട്ടിലേക്ക് വിളിക്കാൻ സൗജന്യ മൊബൈൽ ഫോൺ കാർഡുകളും അധികൃതർ വിതരണം ചെയ്തു. പ്രിയപ്പെട്ടവരിൽ നിന്ന് അകലെയാണെന്നുള്ള വിഷമം മറന്ന് ഹൃദയങ്ങൾ തമ്മിൽ അടുത്ത വൈകാരിക നിമിഷങ്ങൾക്കാണ് ഈദ് ദിനം സാക്ഷ്യം വഹിച്ചത്.
ഒറ്റപ്പെടലിന്റെ വേദന കുറയ്ക്കാനും കുടുംബബന്ധങ്ങളുടെ മൂല്യം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, അന്തേവാസികൾക്ക് പകർന്നുനൽകിയ ആശ്വാസവും സന്തോഷവും ചെറുതല്ല.സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരിലേക്കും കാരുണ്യവും സ്നേഹവും എത്തിക്കാനുള്ള ദുബായ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയുടെ നേർക്കാഴ്ചയാവുകയാണ് ഈ ഹൃദയസ്പർശിയായ ഇടപെടൽ. ആഘോഷദിനങ്ങളിൽ ആരും ഒറ്റപ്പെടാൻ പാടില്ലെന്ന വലിയ മാനവിക സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ നീക്കം, ദുബായുടെ മനുഷ്യപ്പറ്റും കരുതലും കൂടുതൽ പ്രകടമാക്കുന്നു.

ഫോട്ടോ :വനിതാ അന്തേവാസികൾക്ക് കുടുംബങ്ങളെ ബന്ധപ്പെടാനുള്ള മൊബൈൽ കാർഡുകൾ വിതരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button