അൽ അസാഈൽ, ഊദ് മൈത പാലങ്ങൾ തുറന്നു
ദുബൈ l അൽ അസാഈൽ,ഊദ് മൈത സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി രണ്ട് പാലങ്ങൾ തുറന്നതായി ആർ ടി എ ചെയർമാൻ മതർ അൽ തായർ അറിയിച്ചു . അൽ അസാഈൽ സ്ട്രീറ്റിൽ നിന്ന് അൽ വാസൽ ക്ലബ് സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് ആദ്യ പാലം സേവനം നൽകും .
രണ്ടാമത്തെ പാലം അൽ അസാഈൽ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡ് വഴി ബിസിനസ് ബേ ക്രോസിംഗിലേക്കു ഗതാഗതം സാധ്യമാക്കുന്നു. നാല് പ്രധാന കവലകളുടെ നവീകരണവും 4.3 കിലോമീറ്റർ ദൈർഘ്യമുള്ള പാലങ്ങളുടെയും രണ്ട് തുരങ്കങ്ങളുടെയും നിർമ്മാണവും 14 കിലോമീറ്റർ നീളുന്ന റോഡുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. വികസനം ഊദ് മൈത സ്ട്രീറ്റിന്റെ ശേഷി 50% വർദ്ധിപ്പിക്കുന്നു. 2030 ആകുമ്പോഴേക്കും 420,000 താമസക്കാരെ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത് . പദ്ധതിയുടെ 72% പൂർത്തിയായി.തുരങ്ക നിർമ്മാണ പ്രവർത്തനങ്ങളുടെയും 70% പൂർത്തിയായി . ദുബൈ -അൽ ഐൻ റോഡിൽ നിന്ന് ഊദ് മൈത സർവീസ് റോഡിലേക്കുള്ള ഗതാഗതത്തിന് തുരങ്കം സഹായകമാകും. ഈ വർഷം മൂന്നാം പാദത്തിൽ ഇത് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. റോഡ് വികസനങ്ങളും പാലങ്ങളും പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുന്നു.



