തൊഴിലാളികൾക്ക് ആശ്വാസമായി വീണ്ടും ‘ഗുഡ്‌നെസ് ബസ്’
ദുബൈ l നഗരത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന തൊഴിലാളികൾക്ക് റമസാനിൽ കൈത്താങ്ങായി ‘ഗുഡ്‌നെസ് ബസ്’ (നന്മയുടെ ബസ്) വീണ്ടും നിരത്തുകളിൽ. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം എത്തിച്ചു നൽകുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ബൈത് അൽ ഖൈർ സൊസൈറ്റി, ദുബൈ ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് വകുപ്പ് ഈ ജീവകാരുണ്യ ദൗത്യം ഏകോപിപ്പിക്കുന്നത്. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ നേരിട്ടെത്തി ഇഫ്താർ കിറ്റുകൾ കൈമാറുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അൽ ഖൂസ്, വാർസാൻ, ജബൽ അലി, ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (ഡി.ഐ.പി), മുഹൈസിന, അൽ തായ് തുടങ്ങി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രധാന ലേബർ ക്യാമ്പ് മേഖലകളിലാണ് ‘ഗുഡ്‌നെസ് ബസ്’ പര്യടനം നടത്തുന്നത്. ഓരോ ദിവസവും നിശ്ചിത സമയക്രമത്തിൽ ഇവിടെയെത്തുന്ന ബസിൽ നിന്ന് ആയിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്.
പുണ്യമാസത്തിൽ സഹാനുഭൂതി, പങ്കുവെയ്ക്കൽ, സാഹോദര്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. “ഈ റമസാനിൽ … നൽകാം, പങ്കിടാം, സേവിക്കാം” എന്ന സന്ദേശവുമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചാണ് ഗുഡ്‌നെസ് ബസ് മുന്നോട്ട് പോകുന്നത്.
പ്രവാസജീവിതത്തിൽ കുടുംബങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന, കഠിനാധ്വാനികളായ തൊഴിലാളികൾക്ക് നോമ്പുകാലത്ത് ഈ കരുതൽ വലിയൊരാശ്വാസമാണ്. കേവലമൊരു ഭക്ഷണവിതരണത്തിന് അപ്പുറം, നഗരത്തിന് തൊഴിലാളികളോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി മാറുകയാണ് ‘ഗുഡ്‌നെസ് ബസ്’



