ഡോ. മുഹമ്മദ് കാസിമിന്റെ ആത്മകഥ “ആതുര ജീവിത സാഫല്യം” എം.എ. യൂസഫലി പ്രകാശനം ചെയ്തു
ദുബൈ: ഗൾഫിലെ ആരോഗ്യ സേവന രംഗത്ത് അര നൂറ്റാണ്ട് പുറത്തിയാക്കുന്ന
പാലിയത്താഴത്ത് ഡോ. മുഹമ്മദ് കാസിമിന്റെ ആത്മകഥ “ആതുര ജീവിത സാഫല്യം” ദുബൈയിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രകാശനം ചെയ്തു.ഗൾഫാർ മുഹമ്മദലിയും ഡോ. ആസാദ് മൂപ്പൻ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.
പ്രഭാഷകനും ഗ്രന്ഥകാരനുമായ ബഷീർ തിക്കോടി തയ്യാറാക്കിയ ഈ കൃതി, ഡോ. മുഹമ്മദ് കാസിമിന്റെ വൈദ്യസേവന ജീവിതവും സാമൂഹിക ഇടപെടലുകളും വിശദമാക്കുന്നതാണ്.
ഫാദിൽ സമീർ കാസിം പ്രാർത്ഥന നടത്തി. ഡോ. തസ്നീം കാസിം അതിഥികളെ പരിചയപ്പെടുത്തി. തുടർന്ന് ബഷീർ തിക്കോടി പുസ്തകപരിചയം നടത്തി.ദുബൈ മുനിസിപാലിറ്റിയിലെ ഡയറക്ടർ ജുമാ ഖലീഫ, അഡ്വ. അബ്ദുൾ ഹമീദ് അൽ ജാസ്മി, പി.ബി. നവാസ് ഖാൻ, ബാദുഷ പാലിയത്താഴത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം നടന്നത്. മാരിയോട്ട് മറീനയിൽ നടന്ന പരിപാടിയിൽ വാണിജ്യ–സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു
ഡോ. മുഹമ്മദ് കാസിമുമായുള്ള ഹൃദയബന്ധവും കുടുംബബന്ധവും അനുസ്മരിച്ച് സംസാരിച്ച എം.എ. യൂസഫലി, പഠനകാലം മുതൽ തുടരുന്ന ആത്മബന്ധം ഇന്നും ശക്തമായി നിലനിൽക്കുന്നതായി പറഞ്ഞു. ഡോ. കാസിമിന്റെ ഊർജസ്വലത, കർമ്മനിരതത, അശരണരായ മനുഷ്യരോടുള്ള അനുകമ്പ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള സന്നദ്ധത എന്നിവ മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടറുടെ ജീവിതപാതയിലെ ഓർമ്മകൾ, കർമ്മങ്ങൾ, ആനന്ദങ്ങളും സങ്കടങ്ങളും, ഒപ്പം കൂടെ നിന്ന മനുഷ്യരോടുള്ള നന്ദിയും ഈ ഗ്രന്ഥത്തിൽ ഹൃദയസ്പർശിയായ ഭാഷയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.
ഗൽഫാർ മുഹമ്മദലി, ഡോ. ആസാദ് മൂപ്പൻ, ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, വി.ഒ. സെബാസ്റ്റ്യൻ, ഡോ. ടി. അഹമ്മദ്, എം.ആർ. മുഹമ്മദ്കുഞ്ഞി, ഡോ. സണ്ണി കുര്യൻ എന്നിവർ ഡോ. മുഹമ്മദ് കാസിമുമായുള്ള ആത്മബന്ധത്തെയും അദ്ദേഹത്തിന്റെ ജീവിതമൂല്യങ്ങളെയും കുറിച്ച് സംസാരിച്ചു.തുടർന്ന് ഡോ. മുഹമ്മദ് കാസിം മറുപടി പ്രസംഗം നടത്തി.
സമീർ കാസിം സ്വാഗതവും ഡോ.ഇജാസ് ഖാദർ നന്ദിയും പറഞ്ഞു
ഡോ.മുഹമ്മദ് കാസിം: ലഘു ചരിത്രം
തൃശ്ശൂരിൽ നിന്ന് ആരംഭിച്ച് ഗൾഫ് നാടുകളിലെ ആരോഗ്യ-സാമൂഹിക മേഖലകളിൽ സജീവസാന്നിധ്യമായി മാറിയ വ്യക്തിത്വമാണ് ഡോ. മുഹമ്മദ് കാസിം. പാലിയത്താഴത്ത് മുഹമ്മദ് സാഹിബിന്റെയും ആയിശുമ്മയുടെയും മകനായി കുറുമ്പിലാവ് ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം.കുറുമ്പിലാവ് ഗവ. എൽ.പി. സ്കൂളിലും സ്വാമി ബോധാനന്ദ ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ പഠനത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി. വിദേശത്തെ ഉന്നത പഠനത്തിനായി ഓസ്ട്രിയയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് വിയന്നയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
1974-ൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ അദ്ദേഹം ചേറ്റുവ എം.ഇ.എസ് ഹോസ്പിറ്റലിലൂടെയാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.വൈകാതെ തന്നെ പ്രവാസലോകത്തേക്ക് ചുവടുവെച്ച അദ്ദേഹം ഒമാൻ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ സർക്കാർ-സ്വകാര്യ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചു.
കേവലം ഒരു ഡോക്ടർ എന്നതിലുപരി മികച്ചൊരു സംരംഭകൻ കൂടിയാണ് അദ്ദേഹം. അൽ ഷിഫ മെഡിക്കൽ & അൽ റൗദ ഹെൽത്ത് കെയർ,മെഡ് സെവൻ ഗ്രൂപ്പ് ഇന്ത്യ,ഹോട്ടൽ സൗത്ത് റീജൻസി,സ്കൈ ബോയ് റിയൽ എസ്റ്റേറ്റ് അടക്കമുള്ള സ്ഥാപനങ്ങളുടെ ചെയർമാനാണ് അദ്ദേഹം.വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലും ഡോക്ടറുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്. കേച്ചേരിയിലെ സാന്ത്വനം റിഹാബിലിറ്റേഷൻ, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ, ചെന്ത്രാപ്പിന്നിയിലെ നഹ്ജുറഷാദ് അറബിക് കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഭരണ-സഹായ രംഗങ്ങളിൽ അദ്ദേഹം സജീവമാണ്.കൂടാതെ, പ്രവാസ ലോകത്തെ സംഘടനകളിലും അദ്ദേഹം കരുത്തുറ്റ നേതൃത്വം നൽകുന്നു.പുറം ദുബൈയുടെ ഫൗണ്ടർ പ്രസിഡണ്ട്,ഏജസ് ഗ്രൂപ്പ് ജിദ്ദയുടെ പ്രസിഡണ്ട്, എ.കെ.എം.ജി. ദുബൈ, ദുബൈ ഡോക്ടേഴ്സ് ഫോറം പ്രസിഡണ്ട് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിക്കുന്നു.
മനുഷ്യസ്നേഹത്തിനും സേവനത്തിനുമായി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആദരം.തൈബ ഗാർഡന്റെ പ്രഥമ ഗാർഡിയൻ പുരസ്കാരം, രണ്ടുതവണ ദുബൈ ഖിസൈസ് പോലീസിന്റെ പ്രത്യേക അവാർഡ്,ഷഹാദ തബ്ഷീർ എക്സലൻസ് പുരസ്കാരം, മഅ്ദിൻ അക്കാദമി അവാർഡ് തുടങ്ങി ഒട്ടനവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.അനാർക്കലിയാണ് ഭാര്യ. സമീർ കാസിം, തസ്നീം എന്നിവരാണ് മക്കൾ വർഷങ്ങളായി ദുബൈയിലാണ് ഇവർ



