ദുബൈ l പൊതുജനങ്ങളുമായി നേരിട്ടുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് ഏറ്റവും വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് സംഘടിപ്പിക്കുന്ന ‘ക്ലോസർ ടു യു’ ഇനിഷ്യേറ്റീവിന് ഗ്ലോബൽ വില്ലേജിൽ തുടക്കമായി. 2026 ജനുവരി 5ന് ആരംഭിച്ച ഈ ജനകീയ സംരംഭം ഫെബ്രുവരി 5 വരെ തുടരും.
ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് വിനോദത്തിനൊപ്പം തന്നെ ദുബായിലെ ഔദ്യോഗിക വിസാ സേവനങ്ങളും ഏറ്റവും പുതിയ സ്മാർട്ട് സർക്കാർ സേവനങ്ങളും ഒരേ പ്ലാറ്റ്ഫോമിൽ പരിചയപ്പെടാം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ഇന്ററാക്ടീവ് പ്ലാറ്റ്ഫോമിൽ ജിഡിആർഎഫ്എ ദുബായുടെ വിവിധ സേവനങ്ങളെക്കുറിച്ച് നേരിട്ടറിയാനും ആവശ്യമായ നടപടികൾ ലളിതമായി പൂർത്തിയാക്കാനും അവസരമുണ്ട്.
വിസ പുതുക്കൽ, എൻട്രി പെർമിറ്റുകൾ, ഗോൾഡൻ വിസ, വർക്ക് പെർമിറ്റ്, ഐഡന്റിറ്റി–നാഷണാലിറ്റി സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ കുട്ടികൾക്കായുള്ള പാസ്പോർട്ട് കൺട്രോൾ, 04 പ്ലാറ്റ്ഫോം, റെഡ് കാർപെറ്റ് കോറിഡോർ, ഹാപ്പിനസ് കാർഡ് തുടങ്ങിയ പ്രത്യേക സേവനങ്ങൾ പരിചയപ്പെടാനും ഇവിടെ നിന്ന് സാധിക്കുമെന്ന് ജി ഡി ആർ എഫ് എ മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
ദിവസവും വൈകിട്ട് 4 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ ജിഡിആർഎഫ്എ ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും സൗകര്യമുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിലൂടെ ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും ഏ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
കുടുംബങ്ങളെയും കുട്ടികളെയും ആകർഷിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത പരിപാടിയിൽ ‘സ്പിൻ ആൻഡ് വിൻ’ പോലുള്ള വിനോദപരമായ പ്രവർത്തനങ്ങൾ, വിജ്ഞാനപ്രദമായ ഗെയിമുകൾ, ഇന്ററാക്ടീവ് പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം, ദിവസേന അപ്രതീക്ഷിത സമ്മാനങ്ങളും ആഴ്ചതോറും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വമ്പൻ സമ്മാനങ്ങളും നൽകുന്നുണ്ട്.
ഗ്ലോബൽ വില്ലേജിലെത്തുന്ന വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ‘ക്ലോസർ ടു യു’ ഇനിഷ്യേറ്റീവ്,സർക്കാർ സേവനങ്ങളിലേക്കുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുകയും അവരുടെ സന്തോഷവും ജീവിതനിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലേക്ക് ഒരു പ്രധാന ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.
0 7 1 minute read



