Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ആറ്

വയസ്

ഇമാറാത്തിന് ആറുവയസ്സുകാരന്റെ സംഗീതാഭിവാദ്യം
ദുബൈ : 54- മത് യു എ ഇ ദേശീയ ദിനത്തിന്റെ ആഘോഷാരവങ്ങൾ ഉയരുമ്പോൾ, താൻ വളരുന്ന പോറ്റമ്മ നാടിന് സ്നേഹപൂർവ്വം ഒരു സംഗീത സമ്മാനം നൽകുകയാണ് ആറു വയസ്സുകാരനായ മാസ്റ്റർ മുഹമ്മദ് അബ്ബാസ് എന്ന കുരുന്നു ബാലൻ. യുഎഇയുടെ 54-ാമത് ദേശീയ ദിനത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് ഈ കൊച്ചു കലാകാരൻ ആലപിച്ച ‘അൽ ഇമാറത്തു ഇസ്സത്ത്’ എന്ന അറബിക് സംഗീത ആൽബം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ബാല്യത്തിന്റെ നിഷ്കളങ്കതയും, ജന്മസിദ്ധമായ സ്വരമാധുര്യവും ഒത്തിണങ്ങിയ ഈ ഗാനശില്പം, യുഎഇ എന്ന മഹത്തായ രാജ്യത്തിനും അവിടുത്തെ ഭരണാധികാരികൾക്കുമായി സമർപ്പിച്ചിരിക്കുകയാണ് ഈ കുരുന്ന് . ഇത് മൂന്നാം വർഷമാണ് ഈ പ്രതിഭ യുഎഇയുടെ ദേശീയ ദിനത്തിന് ആദരവുകൾ നേർന്ന് ഗാനം ആലപിക്കുന്നത്.
കഴിഞ്ഞ ദിവസം ദുബൈ നടന്ന ചടങ്ങിൽ ഷംസുദ്ദീൻ നെല്ലറ ആൽബത്തിന്റെ റിലീസ്‌ നിർവ്വഹിച്ചു. മുഹമ്മദ്‌ അബ്ബാസിന്റെ പിതാവ് മുഹമ്മദ്‌ അലി കന്യാന, ഷാഫി അൽ മുർഷിദി ഹോപ്പ്, റിയാസ് കിൽട്ടൻ, ഒ.പി ഷാജി, റഫീഖ് അൽ മായാർ, ബഷീർ ബെല്ലോ, ഫാറൂഖ് അമാനി, മുഹമ്മദ്‌ സാലിഹ്, അസീസ് മണമ്മൽ,ഹക്കീം വാഴക്കാല, സബീബ്, ടി.പി സൈതലവി, ഫിറോസ് പയ്യോളി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ആൽബത്തിന്റെ വരികൾ രചിച്ചത് സിദ്ദീഖ് സങ്ങദി മിത്തൂറാണ്. സംഗീത സംവിധാനം നിർവഹിച്ചത് മുഹമ്മദിന്റെ പിതാവും മാപ്പിളപ്പാട്ട് രചയിതാവുമായ മുഹമ്മദ് അലി കന്യാനാണ്. ആയിരത്തിലധികം മദ്ഹ് ഗാനങ്ങൾ രചിച്ചിട്ടുള്ള പിതാവിന്റെ കലാപാരമ്പര്യത്തിന്റെ തണലിലാണ് ഈ കുഞ്ഞു ഗായകന്റെ സംഗീതയാത്ര പിച്ചവെക്കുന്നത്
വെറും രണ്ടര വയസ്സു മുതൽ സംഗീതത്തിന്റെ ലോകത്ത് വിസ്മയം തീർത്തു തുടങ്ങിയ മുഹമ്മദ് അബ്ബാസ്, ഈ ഇളം പ്രായത്തിനുള്ളിൽ അറബി, ഇംഗ്ലീഷ്, മലയാളം, കന്നഡ, ഉറുദു എന്നീ ഭാഷകളിലായി മുപ്പതോളം ഗാനങ്ങൾ പാടി പുറത്തിറക്കിയിട്ടുണ്ട്. ഏത് ഭാഷയിലുള്ള വരികളും കേട്ടു പഠിച്ച്, അക്ഷരശുദ്ധിയോടെ കാണാതെ പാടാനുള്ള മുഹമ്മദിന്റെ സിദ്ധി ശ്രദ്ധേയമാണ്. മലയാളത്തെ നെഞ്ചിലേറ്റുന്ന ഈ കുരുന്ന് ഗായകൻ ആലപിച്ചവയിൽ ഏറെയും മദ്ഹ് മാപ്പിളപ്പാട്ട് ഗാനങ്ങളാണ്.
കാസർകോട് – കർണാടക അതിർത്തി ഗ്രാമമായ കന്യാന സ്വദേശികളാണ് ഈ കുടുംബം. കഴിഞ്ഞ 23 വർഷമായി ദുബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന പിതാവ് മുഹമ്മദ് അലിക്കും കുടുംബത്തിനുമൊപ്പം ബർദുബായിലാണ് മുഹമ്മദ് അബ്ബാസ് താമസിക്കുന്നത്. പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും കലയെ സ്നേഹിക്കുന്ന പിതാവിന്റെ പ്രോത്സാഹനമാണ് മുഹമ്മദ് അബ്ബാസ് എന്ന കൊച്ചു ഗായകന്റെ വളർച്ചയ്ക്ക് പിന്നിലെ ഊർജ്ജം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button