കല്ലറ ഗോപന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചു.
നാലു പതിറ്റാണ്ടു കാലമായി സംഗീതലോകത്തിനു നൽകിയ സംഭാവനകൾ മാനിച്ച് നാടക ചലച്ചിത്ര പിന്നണി ഗായകൻ കല്ലറ ഗോപന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചു. ദുബായ് ഫോക് ലോർ തീയറ്ററിൽ നടന്ന വെള്ളി നക്ഷത്രമേ നിന്നെ നോക്കി എന്ന പരിപാടിയുടെ ഭാഗമായാണ് കല്ലറ ഗോപന് പുരസ്കാരം സമ്മാനിച്ചത്. പ്രശസ്ത ചിത്രകാരനും ശില്പിയുമായ നിസാർ ഇബ്രാഹിം രൂപകൽപന ചെയ്ത ശില്പം ഫ്ളീറ്റ് ലൈൻ ഷിപ്പിംഗ് ഉടമ പീറ്റർ മാത്യു കല്ലറ ഗോപന്റെ മകളും ഗായികയുമായ നാരായണി ഗോപന് കൈമാറി. മലയാള നാടകചരിത്രത്തെ ആസ്പദമാക്കി ഷാബു കിളിത്തട്ടിൽ സംവിധാനം ചെയ്ത വെള്ളി നക്ഷത്രമേ നിന്നെ നോക്കി എന്ന പരിപാടി അവതരണത്തിലെ പുതുമ കൊണ്ടു പ്രേക്ഷക പ്രശംസ നേടി. തമിഴ് സംഗീത നാടകത്തിലൂടെ കെ പി എ സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, കെ ടി മുഹമ്മദിന്റെ ഇത് ഭൂമിയാണ്, കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ കരുണ, ശാകുന്തളം തുടങ്ങി കലാനിലയത്തിന്റെ രക്തരക്ഷസ്സ് ഉൾപ്പടെ കോർത്തിണക്കി കൊണ്ടുള്ള വ്യത്യസ്തതയാർന്ന പരിപാടിയിൽ ഗായകൻ ജി ശ്രീറാം, ഡോ ഹിതേഷ് എന്നിവരും ഗാനങ്ങൾ ആലപിച്ചു.



