തൊഴിലാളികൾക്ക് ആശ്വാസമായി ‘ഫ്രിഡ്ജ് അൽ ഫരീജ്’
ദുബൈIവേനൽ ചൂടിൽ പുറംജോലി ചെയ്ത ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസത്തിന്റെ തണുപ്പ് പകർന്ന് ‘ഫ്രിഡ്ജ് അൽ ഫരീജ്’ പദ്ധതി. ദുബൈ എമിറേറ്റിലെ കെട്ടിട നിർമാണ മേഖലയിൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് തണുത്ത വെള്ളം, ജ്യൂസുകൾ, ഐസ്ക്രീമുകൾ, ലഘുഭക്ഷണങ്ങൾ എന്നിവ സൗജന്യമായി വിതരണം ചെയ്താണ് ഈ സംരംഭം ഇത്തവണയും ഹൃദയങ്ങൾ കീഴടക്കിയത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്, ഫുർജാൻ ദുബൈ, തഖ്ദീർ അവാർഡ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ജി.ഡി.ആർ.എഫ്.എ ആണ് ഈ ഉദാത്ത പദ്ധതി മുന്നോട്ടു കൊണ്ടുപോയത്.
വേനൽച്ചൂടിൽ തൊഴിലാളികൾ നേരിടുന്ന നിർജലീകരണവും ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഫ്രിഡ്ജ് അൽ ഫരീജ്’ നടപ്പാക്കിയത്. കഴിഞ്ഞ വർഷം വൻ സ്വീകാര്യത നേടിയ ഈ ക്യാമ്പെയ്ൻ, ഇത്തവണ 19,000-ത്തിലധികം തൊഴിലാളികളിലേക്ക് ആശ്വാസത്തിന്റെ കൈത്താങ് എത്തിച്ചു. പ്രത്യേകം ശീതീകരിച്ച വാഹനങ്ങളിലൂടെ ദുബൈയിൽ വിവിധ തൊഴിൽ മേഖലകളിൽ നേരിട്ടെത്തി, തൊഴിലാളികൾക്ക് ഈ സൗജന്യ സാധനങ്ങൾ വിതരണം ചെയ്തു.
“സമൂഹത്തിൽ ഐക്യവും സഹാനുഭൂതിയും വളർത്തുന്ന ഒരു മാതൃകയാണ് ഈ പദ്ധതി,” ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി. “തൊഴിലാളികളുടെ ക്ഷേമം ദുബൈ എപ്പോഴും മുൻനിരയിൽ നിർത്തുന്നു. ‘ഫ്രിഡ്ജ് അൽ ഫരീജ്’ ക്യാമ്പെയ്ൻ വലിയ സ്വീകാര്യത നേടിയതിന്റെ തുടർച്ചയാണ് ഈ വർഷവും ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രചോദനം,” അവർ കൂട്ടിച്ചേർത്തു.അൽ ബർശ സൗത്ത്, അർജാൻ, ദുബൈ സൗത്ത് തുടങ്ങിയ നിർമാണ മേഖലകളിൽ പദ്ധതി വ്യാപകമായി നടപ്പാക്കി. ജി.ഡി.ആർ.എഫ്.എയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ, തൊഴിലാളികളുടെ മുഖത്ത് പുഞ്ചിരി വിടർത്തി ഈ സാധനങ്ങൾ വിതരണം ചെയ്തു.ചൂടിനെ അതിജീവിച്ച് അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ഒരു തണുത്ത ആശ്വാസവും സ്നേഹത്തിന്റെ സ്പർശവുമായി ‘ഫ്രിഡ്ജ് അൽ ഫരീജ്’ ദുബൈയുടെ മാനുഷിക മുഖത്തിന്റെ മറ്റൊരു തിളക്കമായി മാറി



