ദുബൈ- ദുബൈ തന്നെ സംബന്ധിച്ച് ഭാഗ്യനഗരെന്ന് നടൻ അർജുൻ അശോകൻ. നേരത്തെ സിനിമയിൽ അത്ര അനുകൂലമല്ലാത്ത സാഹചര്യത്തിൽ ഒരു ബ്രേയ്‌ക്കെടുത്ത് കുടുംബത്തോടൊപ്പം ദുബായിൽ വന്നപ്പോഴാണ് രോമാഞ്ചം എന്ന ചിത്രത്തിലേക്ക് നടൻ സൗബിന് ഷാഹിറിൻ്റെ ക്ഷണം ലഭിച്ചത്. ആ ചിത്രത്തിലെ കഥാപാത്രം സിനിമാ ജീവിതത്തെ മാറ്റിമറിച്ചു. പിന്നീട് ഭാഗ്യം വിടാതെ പിന്തുടരുന്നുണ്ട്. കഴിഞ്ഞദിവസം ഇവിടെയെത്തിയത് നാട്ടില് വലിയൊരു പ്രൊജക്റ്റിൻ്റെ കാര്യം ചർച്ച ചെയ്തതാണ്. ഇന്നലെ അവർ വിളിച്ച് പറഞ്ഞു. ഇത് അച്ഛനോട്(ഹരിശ്രീ അശോകൻ) പറഞ്ഞപ്പോൾ , നീ ഇടയ്ക്കിടെ പോയിട്ട് വാ എന്നായിരുന്നു മറുപടിയെന്നും അദ്ദേഹം പറഞ്ഞു. വിഷ്ണു ശങ്കര് സംവിധാനം ചെയ്ത തൻ്റെ പുതിയ ചിത്രമായ സുനിത വളവിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു.
സുമതി വളവ് പേടിത്തൊണ്ടന്മാരായ നാട്ടുകാരുടെ കഥയാണ്. നേരമിരുട്ടിയാൽ ആരും പുറത്തിറങ്ങുകയോ ആ വളവ് കടക്കുകയോ ഇല്ല. ഹിറ്റാകാത്ത കേരളത്തിലെ ഏക ഗ്രാമം. ഏറ്റവും പേടിത്തൊണ്ടനായ അപ്പുവിനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ജീവിതത്തിലും ഞാൻ പേടിത്തൊണ്ടനായതുകൊണ്ട് കഥാപാത്രം പെട്ടെന്ന് ഉൾക്കൊള്ളാനായി. സാങ്കേതിക വിദ്യ ഒട്ടും വികാസിക്കാത്ത കാലത്ത് നടക്കുന്ന കഥയാണിത്. ആ നാടിനെ പുതിയ സാങ്കേതിക വിദ്യയിലൂടെ പുനസൃഷ്ടിച്ച് പഴയ സിനിമയുടെ സ്വഭാവം കൊടുത്തതാണ് സുമതി വളവിൽ സംവിധായകന് കാണിച്ചിരിക്കുന്ന മിടുക്ക്. ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഈ ഡയറക്ടേഴ്‌സ് ബ്രില്ല്യൻസാണ്. പരസ്പരമുള്ള വിശ്വാസമാണ് ചിത്രത്തെ മികച്ചതാക്കി മാറ്റിയത്. രോമാഞ്ചത്തിലെ അനാമിക ആദ്യം ഭാഗ്യമായി. പിന്നീട് ഭ്രമയുഗത്തിൽ ചാത്തനും തുടർന്ന് ഇപ്പോൾ സുമതിയും വന്നു. ഇനി ഏതൊക്കെ യക്ഷികളാണ് ബാക്കിയുള്ളതെന്ന് അറിയില്ല. ഇങ്ങനെ പോയാൽ സിനിമാ ജീവിതം എന്താകുമെന്ന് തമ്പുരാൻ മാത്രമേ അറിയൂ. നല്ല കഥാപാത്രങ്ങളും നല്ല കഥയുമാണെങ്കിൽ മറ്റൊന്നും നോക്കാതെ അഭിനയിക്കുമെന്നും അർജുൻ പറഞ്ഞു.
മാളികപ്പുറം പ്രേക്ഷകർക്ക് വേണ്ടി സുമതി വളവ് മാറ്റിയെഴുതി
മാളികപ്പുറത്തിന് കുടുംബപ്രേക്ഷകർ തൻ്റെ പിന്തുണയാണ് ഈ ചിത്രത്തിന് പ്രേരണയെന്ന് വിഷ്ണു ശശി ശങ്കര് പറഞ്ഞു. അത് കണക്കിലെടുത്ത് അമ്മമാർക്കും പ്രായമുള്ളവർക്കും കൊച്ചുകുട്ടികൾക്കുമെല്ലാം ഒരേസമയം രസിക്കുന്ന ചിത്രമായിരിക്കണമെന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ചിത്രം അവർക്ക് വേണ്ടി മാറ്റിയെഴുതി. സുമതിവളവിലെ നടന്ന യഥാർത്ഥ സംഭവവികാസങ്ങൾ സിനിമാറ്റിക്കായി ഒരുക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. കേരളത്തിലെ തിരുവനന്തപുരത്തെ മൈലമൂടിലെ അതേ പേരിലുള്ള ഒരു സ്ഥലവുമായി ബന്ധപ്പെട്ട നാടോടിക്കഥകളും യഥാർത്ഥ ജീവിത സംഭവങ്ങളും ഈ സിനിമയ്ക്ക് പ്രചോദനമായെന്നും വിഷ്ണു പറഞ്ഞു.
1980-കളുടെ അവസാനത്തിലും 90-കളിലും ഹിറ്റായ ചിത്രങ്ങൾ പോലുള്ളവ എഴുതണമെന്നതാണ് തൻ്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞു. കിരീടം പോലുള്ള ചിത്രമെഴുതുകയാണെങ്കിൽ അത് ഇന്നത്തെ തലമുറയ്ക്ക് സ്വീകാര്യമാകുംവിധം എങ്ങനെ മാറ്റിയെടുക്കാമെന്നതാണ് വെല്ലുവിളി. സുമതിവളവിൽ 1993 കാലഘട്ടം പുനരാവിഷ്‌കരിച്ചത് മണിച്ചിത്രത്താഴ് എന്ന ചിത്രം റഫാൻസായി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ മറ്റ് നടൻമാരായ ബാലു വർഗീസ്, ഗോപിക അനിൽ, ശ്രാവൺ മുകേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. തുടർന്ന് ചിത്രത്തിൻ്റെ പ്രീമിയർ ഷോയും അരങ്ങേറി. അത്യന്തം ത്രില്ലടിപ്പിക്കുന്ന പ്രേതകഥയാണ് സുമതി വളവെന്നാണ് കണ്ടവരുടെ അഭിപ്രായം.
വാട്ടർമാൻ ഫിലിംസ്, ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ യഥാക്രമം മുരളി കുന്നുംപുറത്ത്, ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച് നിർമ്മിച്ച സുമതി വളവ് കേരളത്തിലും ഗൾഫിലുമടക്കം വിവിധ കേന്ദ്രങ്ങളിൽ നാളെയാണ് റിലീസ്.
0 20 1 minute read