സിനിമ സെൻസറിങ്ങിൽ ഇടപെട്ടില്ല-മന്ത്രി സുരേഷ്ഗോപി
ദുബൈl ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) എന്ന സിനിമയുടെ റിലീസ് സാധ്യമാക്കുന്നതിന് വേണ്ടി കേന്ദ്ര മന്ത്രി എന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് കേന്ദ്ര സഹ മന്ത്രിയും ചിത്രത്തിലെ നായകനുമായ സുരേഷ് ഗോപി പറഞ്ഞു. എന്നാൽ പൊതു സമൂഹം അറിയാത്ത രീതിയിൽ ഗുണപരമായ ചില ഇടപെടലുകൾ നടത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. യുഎഇയിൽ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രി എന്ന നിലയിൽ താൻ ഇടപെട്ടിരുന്നെങ്കിൽ അത് അഴിമതിയായി വ്യഖ്യാനിക്കപ്പെടുമായിരുന്നു . ഇതിന് മുൻപും ഒട്ടേറെ ചിത്രങ്ങളിൽ സെൻസർ ബോർഡിന്‍റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. അവർക്ക് ലഭിക്കാത്ത പരിഗണന മന്ത്രി അഭിനയിച്ച സിനിമ എന്ന നിലയിൽ ഈ ചിത്രത്തിന് ലഭിക്കണമെന്ന് ആരും പറയരുത്.
സിനിമയിൽ സെൻസറിങ് വേണമെന്ന് തോന്നിയിട്ടില്ല. 96 ഇടങ്ങളിൽ സെൻസറിങ് വേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ, രണ്ടിടത്ത് മാത്രമാണ് സെൻസറിങ് നടത്തിയത്. ഇതൊരു പ്രചാരണ സിനിമ അല്ല. ‘2021 ലാണ് തിരക്കഥാകൃത്തും സംവിധായകനുമായ പ്രവീൺ ഈ സിനിമയുടെ ആശയവുമായി എന്നെ സമീപിക്കുന്നത്. അന്നെനിക്ക് ഈ സിനിമ ആവശ്യമില്ലായിരുന്നുവെങ്കിലും കഥ വളരെ ഇഷ്ടപ്പെട്ടതുകൊണ്ട് സമ്മതിച്ചു. നാലോ അഞ്ചോ തവണ തിരക്കഥ വായിച്ചു. 2022 ഏപ്രിൽ 25ന് ഞാൻ രാജ്യസഭയിൽ നിന്ന് രാജിവയ്ക്കുകയും നവംബർ 7ന് ജെഎസ്കെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.’ സുരേഷ് ഗോപി അറിയിച്ചു