സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഓട്ടങ്ങൾ ഈ വർഷം
ദുബൈ |സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം സംബന്ധിച്ചു ആർ ടി എ സുപ്രധാന കരാറിൽ ഒപ്പു വെച്ചു . ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളിൽ വൈദഗ്ദ്ധ്യം നേടിയ പ്രമുഖ കമ്പനിയായ പോണി.ഐയുമായാണ് ധാരണയിലെത്തിയത് . ഓട്ടോണമസ് വാഹനങ്ങളുടെ പൈലറ്റ് പരീക്ഷണങ്ങൾ ആരംഭിക്കുന്നതിനാണിത്. ഈ വർഷം അവസാനം പരീക്ഷണങ്ങൾ ആരംഭിക്കും . 2026 ൽ പൂർണ്ണമായും ഡ്രൈവറില്ലാ വാണിജ്യ സേവനം ആരംഭിക്കും .ടൊയോട്ട, ജി എ സി, ബി എ ഐ സി തുടങ്ങിയ പ്രമുഖ ഓട്ടോണമസ് നിർമ്മാതാക്കളുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ഏഴാം തലമുറ ഓട്ടോണമസ് വാഹനങ്ങൾ പോണി.ഐ അടുത്തിടെ പുറത്തിറക്കിയിരുന്നു . വ്യത്യസ്ത റോഡുകളിലും കാലാവസ്ഥയിലും കൃത്യമായ നാവിഗേഷനും സുരക്ഷയും ഉറപ്പാക്കുന്നതിന് ലിഡാറുകൾ, റഡാറുകൾ, ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള സങ്കീർണ്ണമായ സെൻസറുകളുടെ പിന്തുണയോടെ വാഹനങ്ങൾ പ്രവർത്തിക്കുന്നത് . നൂതന നിർമിത ബുദ്ധി അൽഗോരിതങ്ങൾ ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു.റോബോടാക്സി മൊബിലിറ്റി സേവനങ്ങൾ വീചാറ്റ്, അലിപേ പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് സംയോജിപ്പിക്കുന്നതിന് ടെൻസെന്റ്, അലിബാബ തുടങ്ങിയ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുമായി കമ്പനി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.
ആർ ടി എ ചെയർമാൻ മതർ അൽ തായർ, പോണി.ഐയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡോ. ലിയോ വാങ് എന്നിവർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു .ആർടിഎയ്ക്ക് വേണ്ടി പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ ശ്രീ. അഹമ്മദ് ഹാഷിം ബഹ്രോസ്യാനും, പോണി.ഐയ്ക്ക് വേണ്ടി സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് ആൻ ഷിയുമാണ് ഒപ്പുവച്ചത്