മലയാളി ഡോക്ടർക്ക് ഷാർജ എക്സലൻസ് പുരസ്കാരം. കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡോ. സണ്ണി കുര്യനെയാണ് ഷാർജ ഉപഭരണാധികാരി മികവിന്റെ പുരസ്കാരം നൽകി ആദരിച്ചത്. ഈവർഷം എക്സലൻസ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട 17 പേരിലെ ഏക ഇന്ത്യക്കാരൻ ഡോ. സണ്ണി കുര്യനാണ്.
ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽഖാസിമിയാണ് ഈവർഷത്തെ ഷാർജ എക്സലൻസ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ആരോഗ്യരംഗത്തെ സംരംഭക മികവിനുള്ള അംഗീകാരമാണ് 36 വർഷമായി ഷാർജയിൽ സേവനമനുഷ്ഠിക്കുന്ന ശിശുരോഗവിദഗ്ധൻ കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡോ. സണ്ണി കുര്യന് അവാർഡ് നൽകിയത്. ഈവർഷത്തെ 17 അവാർഡ് ജേതാക്കളിലെ ഏക ഇന്ത്യക്കാരനായിരുന്നു ഇദ്ദേഹം.
തനിക്ക് ലഭിച്ച അംഗീകാരം മുഴുവൻ ഇന്ത്യക്കാർക്കും മലയാളികൾക്കുമുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് രണ്ടുതവണ ഇദ്ദേഹത്തിന്റെ സ്ഥാപനമായ സണ്ണീസ് ക്ലിനിക്കിനെ തേടി ഷാർജ ചേംബർ ഓഫ് കോമേഴ്സ് നൽകുന്ന എക്സലൻസ് അവാർഡ് എത്തിയിരുന്നു. ഇത്തവണ വ്യക്തിപരമായാണ് ആദരം. 2015 ൽ ഡോ. സണ്ണീസ് ക്ലിനിക്ക് ഒഴിവാക്കി. ശിശുരോഗ വിദ്ഗധനിൽ നിന്ന് ഷാർജ ഹെൽത്ത് കെയർ സിറ്റി കേന്ദ്രീകരിച്ച് വൃദ്ധജനങ്ങളെ പരിചരിക്കുന്ന ജീറിയാട്രിക്സ് മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. സണ്ണി വെൽനെസ് എന്ന പേരിൽ ആധുനിക വൈദ്യശാസ്ത്രവും ആയുർവേദമുൾപ്പെടെ പാരമ്പര്യചികിൽസാരീതികളും ചേർത്ത് ശുശ്രൂഷ നൽകുന്ന സ്ഥാപനം ആരംഭിച്ചു.
ഷാർജക്ക് പുറമെ മറ്റ് എമിറേറ്റുകളിലും ചികിൽസാകേന്ദ്രങ്ങളും ഫാർമസികളും സണ്ണി ഗ്രൂപ്പിന് കീഴിലുണ്ട്.
ഭാര്യ: ഡോ. മീര ഗോപി കുര്യൻ. മക്കൾ: ഡോ. ശ്വേത കുര്യൻ, ശിഖ കുര്യൻ. മുൻ ധനമന്ത്രി കെ.എം. മാണിയുടെ കൊച്ചുമകൻ പോൾ മരുമകനാണ്.
0 7 1 minute read