Dubai: +971506749971, India: +919746311413, kmabbas@gmail.com

National

ഡോ.ഷംഷീർ

25 ലക്ഷം ദിർഹം നൽകും

എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് ഡോ. ഷംഷീർ വയലിൽ; പരിക്കേറ്റവർക്കും കുടുംബാംഗങ്ങളെ നഷ്ടമായ ഡോക്ടർമാർക്കും 20 ലക്ഷം; ആകെ 2.5 മില്യൺ ദിർഹത്തിന്റെ സഹായ പാക്കേജ്

ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായ ദുരന്തം ഞെട്ടിപ്പിക്കുന്നതെന്നും മെഡിക്കൽ സമൂഹം ഒറ്റക്കെട്ടായി ദുരന്ത ബാധിതർക്ക് ഒപ്പമെന്നും മെഡിക്കൽ പഠന കാലത്തെ ഹോസ്റ്റൽ ജീവിതം ഓർമ്മിപ്പിച്ച് ഡോ. ഷംഷീർ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കും ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ (2.5 മില്യൺ ദിർഹത്തിന്റെ) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ. ബോയിംഗ് 787 വിമാനം ഇടിച്ചിറങ്ങി ജീവൻ നഷ്ടമായ എംബിബിഎസ് വിദ്യാർത്ഥികളായ ജയപ്രകാശ് ചൗധരി (ബാർമേർ, രാജസ്ഥാൻ), മാനവ് ഭാദു (ശ്രീ ഗംഗാ നഗർ, രാജസ്ഥാൻ), ആര്യൻ രജ്പുത് (ഗ്വാളിയോർ, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗർ, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീർ സാമ്പത്തിക സഹായം നൽകും. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്‍ടമായ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കും.

“വ്യക്തിപരമായി ആഘാതമേല്പിച്ച ദുരന്തം”

മെഡിക്കൽ പഠന കാലത്ത് ഏറെ കൂടിച്ചേരലുകൾ നടക്കുന്ന ഹോസ്റ്റലും മെസ്സും നടുക്കുന്ന ദുരന്തത്തിന് വേദിയായത് ഞെട്ടിപ്പിച്ചതായി ഡോ. ഷംഷീർ പറഞ്ഞു. ഹോസ്റ്റലിൽ നിന്നുള്ള അപകട ദൃശ്യങ്ങൾ കണ്ടപ്പോൾ മംഗലാപുരത്തെ കസ്തൂർബ മെഡിക്കൽ കോളേജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിലും സ്വന്തം മെഡിക്കൽ വിദ്യാഭ്യാസ സമയത്ത് സമാനമായ ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന ഓർമകളാണ് മനസിലെത്തിയത്. ഈ വിദ്യാർത്ഥികളും അവരുടെ ചുറ്റുപാടുകളും ഡോക്ടറെന്ന നിലയിൽ ഏറെ പരിചിതമാണ്. ഹോസ്റ്റലിലും മെസ്സിലുമുള്ള ക്ലിനിക്കൽ പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ, മെസിലെ മേശയ്ക്കു ചുറ്റുമുള്ള വർത്തമാനങ്ങൾ, ക്ഷീണിപ്പിക്കുന്ന ഷിഫ്റ്റിന് ശേഷമുള്ള ഹോസ്റ്റൽ മുറിയിലെ വിശ്രമം എന്നിവയുടെയൊക്കെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഡോക്ടർമാരുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കുന്ന ആ സാഹചര്യങ്ങളിലേക്ക് വൻ ദുരന്തം ഇരച്ചെത്തി ജീവൻ അപഹരിക്കുകയെന്നത് ഹൃദയഭേദകമാണ്. ആരോഗ്യ സേവനങ്ങൾ ആഗ്രഹിച്ച്, ലക്ഷ്യത്തിലേക്കെത്തും മുൻപ് വിട പറഞ്ഞ മെഡിക്കൽ വിദ്യാർത്ഥികളുടെ ആഗ്രഹങ്ങൾ സഫലമാക്കാനും അവരുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ നൽകാനുമാണ് സഹായം. സമാനമായ നിരവധി ദുരന്തങ്ങളിൽ കൈത്താങ്ങേകിയിട്ടുണ്ടെങ്കിലും അഹമ്മദാബാദിലെ മെഡിക്കൽ വിദ്യാർത്ഥികളുടെയും ഡോക്ടർമാരുടെയും അസാധാരണ സാഹചര്യം ദീർഘകാലമായി മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചതായും ഡോ. ഷംഷീർ അബുദാബിയിൽ പറഞ്ഞു.
ദുരന്തബാധിതരായ വിദ്യാർത്ഥികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന ബി.ജെ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷനുമായി ചേർന്ന് സഹായം ആവശ്യമായവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി റിതേഷ് കുമാർ ശർമ്മ അടക്കമുള്ള സാരമായി പരിക്കേറ്റവർക്കാണ് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കുക. കാലിന് ഗുരുതരമായ പരിക്കുകളോടെ മണിക്കൂറുകളോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ റിതേഷിനോപ്പം പരിക്കേറ്റ സുഹൃത്തുക്കളും അപകട നില തരണം ചെയ്തിട്ടുണ്ട്.
ഉച്ചഭക്ഷണ സമയത്ത് കോളേജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറിയ വിമാനം വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങളും ഡൈനിംഗ് ഹാളും തകർത്തിരുന്നു. ചിതറിക്കിടന്ന പുസ്തകങ്ങളും സാധനങ്ങളും പ്ലേറ്റുകളും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ചിത്രങ്ങളായി. വിദ്യാർത്ഥികളെയും ഡോക്ടർമാരുടെ കുടുംബങ്ങളെയും താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ് അധികൃതർ. താമസസ്ഥലം മാത്രമല്ല, സഹപാഠികളും പ്രിയപ്പെട്ട വസ്തുക്കളും വിലപ്പെട്ട രേഖകളും മെഡിക്കൽ വിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കും നഷ്ടമായി. വൈകാരിക പിന്തുണയ്‌ക്കൊപ്പം മെഡിക്കൽ സമൂഹം ഒറ്റക്കെട്ടായി ഇവർക്കും കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്ന സന്ദേശം നൽകാനാണ് ഡോ. ഷംഷീർ പിന്തുണയിലൂടെ ലക്ഷ്യമിടുന്നത്.
2010ലെ മംഗലാപുരം വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ഡോ. ഷംഷീർ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യുഎഇയിൽ ജോലിയും നൽകിയിരുന്നു. നിപ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ സഹായം നിർണ്ണായകമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button