ലോക നിക്ഷേപ സംഗമം ഷാർജയിൽ
ഷാർജlലോക നിക്ഷേപ സമ്മേളനത്തിന് ഷാർജ ആതിഥ്യം വഹിക്കും.ഇതു സംബന്ധിച്ച കരാറിൽ “വൈപ്പ”യും യു എ ഇ നിക്ഷേപ മന്ത്രാലയവും ഒപ്പുവെച്ചു. 29-ാമത് ലോക നിക്ഷേപ സമ്മേളനമാണ് ഷാർജ എക്‌സ്‌പോ സെൻ്ററിൽ ഒക്ടോബർ 22 മുതൽ 24 വരെ നടക്കുക.ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ഫോറമാണ് മേൽനോട്ടം വഹിക്കുക. ഉത്തരവാദിത്ത, സുസ്ഥിര നിക്ഷേപത്തിനുള്ള മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ എമിറേറ്റിൻ്റെ പദവി ഉയർത്തപ്പെടുമെന്ന് യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽസുവൈദി പറഞ്ഞു.“ ആഗോള നിക്ഷേപത്തെ രൂപപ്പെടുത്തുന്നതിൽ യുഎഇയുടെ പ്രതിബദ്ധതയാണ് ഷാർജയിൽ നടക്കുന്ന ലോക നിക്ഷേപ സമ്മേളനം പ്രതിഫലിപ്പിക്കുന്നത്. വേൾഡ് അസോസിയേഷൻ ഓഫ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ഏജൻസികളുമായും (വൈപ്പ) യുഎഇ നിക്ഷേപ മന്ത്രാലയവുമായും സഹകരിച്ച് ഷാർജ എഫ്‌ഡിഐ ഓഫീസാണ് സൗകര്യമൊരുക്കുക.
ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്) ചെയർപേഴ്‌സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽസുവൈദി, വേൾഡ് ഇൻവെസ്റ്റ്‌മെന്റ് കോൺഫറൻസിന്റെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ ഡോ. ജെയിംസ് ഷാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഒരു “ഹോസ്റ്റ് എഗ്രിമെന്റ്” വഴിയാണ് ഈ അന്താരാഷ്ട്ര സഹകരണം ഔദ്യോഗികമാക്കിയത്. യുഎഇ നിക്ഷേപ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി അബ്ദുൾറഹ്മാൻ അൽഹാവി,ഷാർജ ഇൻവെസ്റ്റ് സിഇഒ മുഹമ്മദ് ജുമ അൽ മുഷാറഖ്,വൈപയുടെ യുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഇസ്മായിൽ എർസാഹിൻ എന്നിവർ പങ്കെടുത്തു.അന്താരാഷ്ട്ര ബിസിനസ്സ് കമ്മ്യൂണിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇവൻ്റുകളിൽ ഒന്നാണ് ഫോറം.വൈപ്പയുടെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് സംഘടിപ്പിച്ചത്. ഉന്നതതല സെഷനുകൾ, മന്ത്രിതല യോഗങ്ങൾ, അംബാസഡർമാരും നിക്ഷേപ ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ചകൾ എന്നിവ നടക്കും