മംഗളൂരുവിൽ മണ്ണിടിഞ്ഞ് മൂന്ന്
കുട്ടികളുൾപ്പെടെ നാല് മരണം
മംഗളൂരു: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മംഗളൂരുവിൽ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലോടെ ദക്ഷിണ കന്നട മഞ്ഞനാടി മൊണ്ടെപ്പഡവിൽ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് മൂന്ന് പേരാണ് മരിച്ചത്. മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരകുട്ടികളായ ആര്യൻ (മൂന്ന്), ആയുഷ് (രണ്ട്) എന്നിവരാണവർ.
കാന്തപ്പ പൂജാരി, മകൻ സീതാറാം, സീതാറാമിന്റെ ഭാര്യ അശ്വിനി എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച കുട്ടികളുടെ മാതാവായ അശ്വിനിയുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കാന്തപ്പ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു.
നാട്ടുകാരും ദുരന്തനിവാരണ, അഗ്നിരക്ഷാസേനയും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി.
വ്യാഴാഴ്ച രാത്രിയുണ്ടായ മറ്റൊരു അപകടത്തിൽ പത്തു വയസ്സുകാരി മരിച്ചു. ദെർലക്കട്ടെക്കടുത്ത് ബെൽമ, കനകരയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് നൗഷാദിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്.
വീടിന് പിന്നിലുള്ള കുന്നിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മേൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫോട്ടോ:ഫാത്തിമ