എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനവും പ്രദര്‍ശനവും അല്‍ ഐനിൽ തുടങ്ങി: പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ചു
അൽ ഐൻ I യുഎഇയിൽ ഏറ്റവും വലിയ കാര്‍ഷിക പ്രദര്‍ശനങ്ങളിൽ ഒന്നായ ‘എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനവും പ്രദര്‍ശനവും 2025’ അല്‍ഐനിലെ അഡ്‌നോക് സെന്ററില്‍ ആരംഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോർട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനം യുഎഇയുടെ കാര്‍ഷിക പാരമ്പര്യവും വളര്‍ച്ചയും നവീന ആശയങ്ങളും അടയാളപ്പെടുത്തുന്നതാണ്. ഭരണാധികാരികളും കാര്‍ഷിക വിദഗ്ധരും നിക്ഷേപകരും വിദ്യാർഥികളും അടക്കം കാര്‍ഷിക പ്രദര്‍ശനത്തിൽ പങ്കെടുക്കുന്നു. സമ്മേളനത്തിന്റെ ആദ്യ ദിവസം ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാൻ, യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹക്ക് അടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കാർഷിക വിദ്ഗ്ധരും വിദ്യാർത്ഥികളും ഭാഗമായി.
ഈ മാസം 31 വരെ നടക്കുന്ന എക്സിബിഷനിൽ വിവിധ മന്ത്രാലയങ്ങൾ, മുൻനിര കോർപ്പറേറ്റ് കമ്പനികൾ, യൂണിവേഴ്സിറ്റികൾ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ ഭാഗമാകും. കാർഷിക വികസനം വേഗത്തിലാക്കുന്നതിനും സുസ്ഥിര കൃഷി രീതികള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ആശയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. നാലു ദിവസങ്ങളിലായി നിരവധി സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. വിദഗ്ദ്ധർ നയിക്കുന്ന പാനൽ ചർച്ചകളും എക്സിബിഷന്റെ ഭാഗമായുണ്ട്.
ലുലു ഗ്രൂപ്പും മികച്ച എക്സിബിറ്റർ പ്രദർശനം എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്കും കർഷകർക്കും പിന്തുണ വ്യക്തമാക്കുന്ന പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. യുഎഇയിലെ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി സാധ്യത ലഭ്യമാക്കുന്നതിനായി നാഷ്ണൽ അഗ്രികൾച്ചറൽ സെന്ററുമായി ലുലു ഗ്രൂപ്പ് പുതിയ ധാരണാപത്രം ഒപ്പുവച്ചു. യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹക്കിന്റെ സാന്നിദ്ധ്യത്തിൽ നാഷണൽ അഗ്രികൾച്ചർ സെന്റർ ഡയറക്ടർ സുൽത്താൻ സലാം അൽ ഷംസി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ലുലു സിഇഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ എന്നിവരും ചടങ്ങിൽ ഭാഗമായി.
സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ അബുദാബിയിലെ വിദ്യാർത്ഥികളുടെ ഫാമിൽ നിന്നുള്ള ഉത്പങ്ങൾക്ക് പിന്തുണ നൽകാനും ലുലു സ്റ്റോറുകളിൽ കൂടുതൽ വിപണി സാധ്യത നൽകാനും ധാരണയായി. ഇത് കൂടാതെ, യുഎഇയിൽ നിന്നുള്ള കൂടുതൽ പ്രാദേശിക ഉത്പന്നങ്ങളും ലുലു അവതരിപ്പിച്ചു. ഓസ്ട്രിച്ച് ഒയാസിസ് എഗ്സ്, ഡേറ്റ്സ്, മാരിനേറ്റഡ് മീറ്റ്, ചിക്കൻ തുടങ്ങിയ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്. മെയ് 31വരെയാണ് എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനവും പ്രദര്‍ശനവും.