അനീതിയുടെ ചുങ്കക്കവാടം
ദേശീയ പാത അതോറിറ്റിയുടെ ആർത്തി കേരളത്തിൽ വരുത്തിവെയ്ക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല.കാസർകോട് ചെറുവത്തൂരിൽ ഒരു തൊഴിലാളി പാത വികസനത്തിനിടെ മണ്ണിടിഞ്ഞു മരിച്ചു.നിർമാണചെലവ് കുറയ്ക്കാൻ അശാസ്ത്രീയ പ്രവൃത്തിക്ക് അനുമതി നൽകിയതാണ് അടിസ്ഥാന കാരണം.പലയിടങ്ങളിലും പാത പൂർത്തിയാകുന്നതിന് മുമ്പ് ടോൾ ഗേറ്റ് സ്ഥാപിക്കാൻ തിടുക്കമുണ്ട്.ആരിക്കാടി കടവത്ത് അന്യായ ചുങ്കക്കവാട നിർമാണം തകൃതി.പെരിയയിൽ വരേണ്ട ചുങ്കക്കവാടമാണ്.അവിടെ പാത നിർമാണം പൂർത്തിയാകാൻ വൈകുമെന്ന് കണ്ട് ദേശീയ പാത അതോറിറ്റി നനഞ്ഞിടം കുഴിക്കുന്നു.ആരിക്കാടിയിൽ ചുങ്കക്കവാടം വന്നാൽ മംഗലാപുരം-കാസർകോട് റൂട്ടിൽ രണ്ട് ചുങ്കക്കവാടമാകും.ദിവസവും ആയിരക്കണക്കിനാളുകൾ ഈ റൂട്ടിൽ സഞ്ചരിക്കുന്നു.കാസർകോട്,കുമ്പള പട്ടണങ്ങളിലെ വാണിജ്യ,വ്യവസായ സ്ഥാപനങ്ങളെ ബാധിക്കും.ഇപ്പോൾ തന്നെ കാസർകോട് ഭാഗത്തുനിന്നുള്ളവർക്ക് കുമ്പള പട്ടണത്തിലേക്ക് വാഹനത്തിലെത്താൻ വളഞ്ഞു പിടിക്കണം.ചുങ്കക്കവാടം വന്നാൽ കുമ്പള പട്ടണം തന്നെ ഇല്ലാതാകും.ആരിക്കാടിക്കു വടക്കു ഭാഗത്തുള്ളവർ വേറെ സാധ്യത തേടും. കടവത്ത് ദേശീയപാതയിൽ ടോൾഗേറ്റ് സ്ഥാപിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നത്തിന് കൂടി കാരണമാകും.തീര ദേശമാണ്.അമിത നിർമാണം ഈ പ്രദേശത്തിന് താങ്ങാനാകില്ല. കാസർകോട് ജില്ലയിലെ രാഷ്ട്രീയകക്ഷികളും ജനപ്രതിനിധികളും ഇതിനെതിരെ ഒറ്റക്കെട്ട്.മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫിൻറെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്..പാർലമെൻ്റംഗം രാജ്മോഹൻ ഉണ്ണിത്താൻ,എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്,അഡ്വ.സി എച്ച് കുഞ്ഞമ്പു എന്നിവരൊക്കെ പ്രക്ഷോഭത്തിൻ്റെ മുൻനിരയിലുണ്ട്. ദേശീയ പാത വികസന അതോറിറ്റിക്ക് പക്ഷേ കുലുക്കമില്ല. ആരിക്കാടിയിൽ ടോൾഗേറ്റ് സ്ഥാപിക്കുന്നത് നീതിയുക്‌തമല്ലെന്ന് ഏവരും ചൂണ്ടിക്കാട്ടുന്നു.തലപ്പാടിയിൽ ടോൾഗേറ്റ് നിലവിലുണ്ട്”തലപ്പാടി-ചെങ്കള റീച്ചിൽ മറ്റൊരു ടോൾഗേറ്റ് സ്ഥാപിക്കുന്നത് ശരിയല്ല.ദേശീയ പാത അതോറിറ്റി യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇവിടെ ടോൾഗേറ്റ് സ്ഥാപിക്കാൻ നീക്കം നടത്തുന്നത്”സ്ഥലം എം എൽ എ എ കെ എം അഷ്റഫ് പറഞ്ഞു.ഇന്ത്യയിൽ 60 കിലോമീറ്റർ ഇടവിട്ടാണ് ടോൾഗേറ്റ് വിഭാവനം ചെയ്തിരിക്കുന്നത്.ഇവിടെ മാത്രം 25 കിലോമീറ്ററിനകത്ത് ആവുകയാണ്.ഇരിക്കുന്നതിനു മുന്നേ കാല് നീട്ടുകയാണ് അധികൃതർ.പണി പൂർത്തിയായ റീച്ചുകളിൽ ടോൾ പിരിവ് തുടങ്ങണമെന്നത് കേന്ദ്ര സർക്കാർ നയമെന്ന് ദേശീയ പാത അതോറിറ്റി.തലപ്പാടിയിൽ ബി ഒ ടി അടിസ്ഥാനത്തിലാണെന്നും ആരിക്കാടിയിലേത് താത്കാലികമാണെന്നും കണ്ണൂർ ഇംപ്ലിമെൻ്റേഷൻ ഡയറക്ടർ ഉമേഷ് കെ ഗാർഗ് ന്യായീകരിക്കുന്നു.കലക്ടർ കെ ഇമ്പശേഖർ ഇടപെട്ട് നിർമാണം ഇപ്പോൾ നിർത്തിവെച്ചിട്ടുണ്ട്.ഉടൻ പുനരാരംഭിക്കാൻ സാധ്യതയുണ്ട്.ഇതേ വരെ ജനങ്ങൾക്കു വലിയ പ്രയാസമില്ലാത്ത തരത്തിൽ ഊരാളുങ്കൽ(കരാർ കമ്പനി) ദേശീയ പാത നിർമാണം നടത്തിയിട്ടുണ്ട്.
ദേശീയപാത 66ൽ തലപ്പാടി മുതൽ ചെങ്കള വരെ 39 കിലോമീറ്ററിലാണ് ആറുവരിപ്പാത.
1780.485 കോടി ചെലവിലാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ പ്രസ്ഥാനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പദ്ധതിയുടെ കരാർ ഏറ്റെടുത്ത് വിജയകരമായും സമയബന്ധിതമായും പൂർത്തീകരിക്കുന്നു.
39 കിലോമീറ്റർ റീച്ചിൽ രണ്ട് മേൽപ്പാലങ്ങളും 4 വലിയ പാലങ്ങളും 4 മൈനർ പാലങ്ങളും 21 അണ്ടർ പാസുകളും 10 നടപ്പാലങ്ങളും 2 ഓവർ പാസുകളും നിർമ്മാണം പൂർത്തിയാക്കി.
കാസർകോട് നഗരത്തിലെ ഒറ്റത്തൂണുകളിലെ ഫ്ലൈഓവർ ദക്ഷിണേന്ത്യയിൽ തന്നെ വലുതാണ്.
.കെ എം അബ്ബാസ്
0 213 1 minute read