Dubai: +971506749971, India: +919746311413, kmabbas@gmail.com

Blog

വിഴിഞ്ഞം

ദുബൈ വഴി

ഗൾഫ് കാഴ്ച
ദുബൈയിൽ നിന്ന് വിഴിഞ്ഞം വഴി ലോകത്തേക്ക്
കെ എം അബ്ബാസ്

ദുബൈ വളർച്ചയുടെ അടിസ്ഥാനം തുറമുഖങ്ങളായിരുന്നു.അബൂദബിക്ക് എണ്ണ വരുമാനം .ദുബൈക്ക് പ്രകൃതി വിഭവങ്ങൾ ഒന്നുമുണ്ടായിരുന്നില്ല .എന്നാൽ പായ്കപ്പലുകൾ അധികവും എത്തിയത് ദുബൈയിൽ .ദുബൈയുടെ കടലോരങ്ങൾ അത്തരത്തിലായിരുന്നു .ഇത് മനസിലാക്കി അന്നത്തെ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സയീദ് അൽ മക്‌തൂം തുറമുഖങ്ങൾ നിർമിക്കാൻ തീരുമാനിച്ചു .ജബൽഅലി മികച്ച സ്ഥലമായി ശൈഖ് റാശിദ് കണ്ടു .ഇന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാണ് .ജബൽ അലി കേന്ദ്രീകരിച്ചാണ് ദുബൈ സൗത്ത് വികാസങ്ങൾ ആസൂത്രണം ചെയ്തത് .ജബൽ അലി സ്വതന്ത്ര വ്യാപാര മേഖലയും ഉപനഗരവുമായി .മധ്യ പൗരസ്ത്യ ദേശത്തിന്റെ പുനഃകയറ്റുമതി ആസ്ഥാനമായി .വിദേശ രാജ്യങ്ങളിൽ നിന്ന് ധാരാളം ചരക്കു കപ്പലുകളെത്തി .ജബൽ അലിയിൽ ഇറക്കുന്ന കണ്ടയ്നറുകൾ റോഡിലൂടെ സഊദി,ഖത്വർ പോലുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ഇടതടവില്ലാതെ പോയി .ജബൽ അലിയിൽ വിശാലമായ സംഭരണ കേന്ദ്രങ്ങൾ .അബ്ദുല്ല പൊയിലിന്റെ മദീന അടക്കം സൂപ്പർമാർക്കറ്റ് ശൃംഖലകൾ വേരാഴ്ത്തിയത് ഇവിടെ .ലക്ഷക്കണക്കിന് മലയാളികളുടെ ആവാസസ്ഥലമായും ജബൽ അലി മാറി .
ഇത്രയും പറഞ്ഞത് ,തിരുവനന്തപുരത്തു വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പശ്ചാത്തലത്തിൽ .വലിയ കപ്പലുകൾക്ക് നങ്കൂരമിടാൻ പാകത്തിൽ ആഴത്തിലുള്ള തുറമുഖമാണ് .ഇവിടെ ഇടയ്ക്കിടെ മണൽ നീക്കം ചെയ്യേണ്ടി വരുന്നില്ല .വിഴിഞ്ഞം തുറമുഖം വഴി എണ്ണമറ്റ ചരക്കു കപ്പലുകൾ ഏഷ്യൻ രാജ്യങ്ങളിലെത്തും .തിരുവനന്തപുരം ലോക നഗരമാകും .കേരളമാകെ മറ്റൊരു ദുബൈ ആകും .ദേശീയ പാത വികസനം പൂർത്തിയാകുന്നതോടെ കേരളമാകെ ആഢംബര കെട്ടിടങ്ങൾ നിറഞ്ഞ “ശൈഖ് സായിദ് റോഡാ”കും .വല്ലാർപാടം കണ്ടയ്നർ ടെർമിനൽ കൊച്ചിയുടെ വികസനത്തിൽ വഹിച്ച പങ്കു ചെറുതല്ല .
ദുബൈയെയും ‘നമ്മുടെ’ കൊച്ചിയെയും താരതമ്യം ചെയ്യേണ്ട സമയമായി. രണ്ടും കടൽതീര നഗരങ്ങൾ. രണ്ടിടത്തും മെട്രോ റെയിൽ സേവനവും തുറമുഖവും രാജ്യാന്തര വിമാനത്താവളവും . യു എ ഇയുടെ തലസ്ഥാനം അബുദബി ആണെങ്കിൽ ദുബൈ വാണിജ്യ നഗരമാണ്. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം. പക്ഷേ ലോകം അറിയപ്പെടുന്ന വാണിജ്യ കേന്ദ്രം കൊച്ചി.
എണ്ണ വരുമാനം ഇല്ലാഞ്ഞിട്ടും വികസനത്തിൽ ദുബൈ പറപറന്നു. അതിന്റെ ചിറകിൽ “ഒരു മാത്രയെങ്കിൽ ഒരു മാത്ര’യാകാൻ അനേക ലക്ഷം കേരളീയരും എത്തി.1971 ൽ, ദുബൈ ഉൾപ്പടെ ഏഴ് ഇമാറത്തുകൾ ചേർന്നുള്ള യു എ ഇ രൂപവത്കൃതമാകുന്നതിനു മുമ്പാണ് ജബൽ അലി തുറമുഖം ആരംഭിച്ചത് . അന്ന് സഊദി അറേബ്യഅടക്കം, മധ്യപൗരസ്ത്യ രാജ്യങ്ങളിൽ ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ അധികമില്ല. സഊദിക്കും മറ്റും വേഗത്തിൽ ഉത്പന്നങ്ങൾ എത്താൻ ജബൽഅലി തുറമുഖം ചാലു കീറി . ഇന്ത്യൻ അവശ്യ സാധനങ്ങൾ ഗൾഫ് കമ്പോളം പിടിച്ചെടുത്തത് അങ്ങിനെയാണ്. വാസ്തവത്തിൽ, ദുബൈ നഗരം ജബൽ അലി തുറമുഖത്തെയും റാശിദിയ രാജ്യാന്തര വിമാനത്താവളത്തെയും ചുറ്റിപ്പറ്റിയാണ് വളർന്നത്. ദുബൈ ഇന്ന് ലോക നഗരങ്ങളിൽ ഒന്നാണ്. പക്ഷേ ഈ പദവി നിലനിർത്താൻ വെല്ലുവിളികൾ ഏറെയാണ്. കാലത്തിനനുസരിച്ചു മാറേണ്ടതുണ്ട്. ലോക സമ്മേളനങ്ങൾ, പ്രദർശനങ്ങൾ എന്നിവക്ക് സൗകര്യങ്ങൾ വേണം. ശൈഖ് റാശിദിന്റെ മകനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ഇതെല്ലാം കണ്ടറിഞ്ഞു.മക്‌തൂം വിമാനത്താവളം വിഭാവനം ചെയ്തു .എക്സ്പോ സിറ്റയെന്ന വലിയ പ്രദർശന കേന്ദ്രവും. വരുമാനം മുഴുവൻ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ഉപയോഗിക്കുന്നു . ലോകത്തെ പൊക്കമുള്ള കെട്ടിടം, വലിയ മാൾ, ജബൽ അലിയിൽ തുറമുഖത്തിനു ഏറെ അകലെയല്ല .ഇന്ന് രാജ്യാന്തര സമ്മേളനങ്ങളുടെ പ്രധാന വേദി കൂടിയാണ് ദുബൈ. ആയിരക്കണക്കിന് ആളുകൾക്ക് ഒന്നിച്ചു കൂടാനുള്ള ഹോട്ടലുകളും സമ്മേളന ഹാളുകളും ധാരാളം. കഴിഞ്ഞ ദിവസങ്ങളിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ അറേബ്യൻ ട്രാവൽ മാർക്കറ്റ് നടന്നു. ലോക രാജ്യങ്ങളുടെ കൂറ്റൻ പവലിയനുകൾ സ്ഥാപിക്കപ്പെട്ടു. സഞ്ചാരികളെ ആകർഷിക്കാൻ അമേരിക്ക, റഷ്യ തുടങ്ങി മിക്ക രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ എത്തി. ആയിരക്കണക്കിന് ആളുകളാണ്
ഈ പ്രദർശനത്തിന് മാത്രമായി വന്നത് .കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരത്തിൽ സമ്മേളനങ്ങളും പ്രദർശനങ്ങളും ആയിക്കൂടേ?ആര് അടിസ്ഥാന സൗകര്യം ഒരുക്കും? ഭരണകൂടത്തിന്റെ കയിൽ പണമില്ല. സ്വകാര്യ പങ്കാളിത്തത്തോടെ ഇതൊക്കെ ആകാം. പക്ഷേ നിക്ഷേപകർക്ക് മുടക്കു മുതലെങ്കിലും തിരിച്ചു കിട്ടണം.
പ്രകൃതിയുടെ എല്ലാ പിന്തുണയും കൊച്ചിക്കുണ്ട്. ദുബൈക്ക് കനാൽ ഉണ്ടായിരുന്നില്ല. തിരക്കേറിയ ശൈഖ് സായിദ് റോഡിനടിയിൽ രണ്ടു വർഷത്തിനകം കനാൽ തയ്യാർ. ഇന്ന് ഇതിന്റെ കരകളിൽ വൻ നിക്ഷേപങ്ങൾ വരുന്നു. മലയാളികളും പണമിറക്കുന്നു. എന്നാൽ കൊച്ചിയിൽ കനാൽ നിർമിക്കേണ്ടതില്ല. പ്രകൃതി അനുഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒന്നു ശുചീകരിക്കാൻ പോലും കേരളീയ സമൂഹം തയാറല്ല. എന്തു വികസനത്തെയും തുരങ്കം വെക്കാൻ കുറച്ചാളുകൾ കച്ചകെട്ടിയുണ്ട്. പരിസ്ഥിതി സംരക്ഷണ സന്ദേശം മുതലെടുത്ത് നിക്ഷേപകരെ ദ്രോഹിക്കാനിറങ്ങും. അവരും ജീവിതോപാധിക്ക് ആശ്രയിക്കുന്നത് മണൽ നഗരങ്ങളെ. നാട്ടിൽ എത്തുന്ന നിക്ഷേപകരോട് പുച്ഛം,എതിർപ്പ്. കൊച്ചിയിൽ ലുലുബോൾഗാട്ടി രാജ്യാന്തര സമ്മേളന കേന്ദ്രവും ഗ്രാൻഡ് ഹയാത് ഹോട്ടലും പണിത എം എ യൂസുഫലി, പതുക്കെ സമൂഹത്തിന്റെ ആ സമീപനത്തെ മറികടന്നു . നഷ്ടം വന്നാലും വേണ്ടില്ല, നമ്മുടെ നാട്ടിലും ഇത്തരം സൗകര്യങ്ങൾ വേണമെന്ന ആഗ്രഹത്തിലാണ് പണമൊഴുക്കിയത്.
ലോകത്തെ വൻ നഗരങ്ങളിൽ നടക്കുന്ന രാജ്യാന്തര സമ്മേളനങ്ങൾ യൂസുഫലി മുഖേന ഇനി കൊച്ചി കായൽ തീരത്തും എത്തും. ലുലു കൺവൻഷൻ സെന്ററിൽ .ലുലു കൺവൻഷൻ സെന്ററും ഹോട്ടലും ചേർത്ത് 13 ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ട്. ഒരേസമയം പതിനായിരം പേർക്കു വരെ ഭക്ഷണം നൽകാനും കഴിയും. 1500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. മൂന്നു ഹെലിപാഡുകളുണ്ട്. കൺവൻഷൻ സെന്ററിലെ ലിവ എന്ന ഹാളിന് 26,000 ചതുരശ്രയടിയും വേമ്പനാട് എന്ന ഹാളിന് 19,000 ചതുരശ്രയടിയുമാണു വിസ്തീർണം. രാഷ്ട്ര തലവൻമാർക്കു താമസിക്കാനുള്ള വില്ലകളും പ്രസിഡൻഷ്യൽ സ്യൂട്ടും മറ്റും അതിന്റെ ഭാഗമാണ്. .ദുബൈ പോർട്ട് വേൾഡ് കണ്ടയ്നർ ടെർമിനൽ, മെട്രോ റെയിൽ എന്നിവയ്ക്കൊപ്പം കൊച്ചിക്കു മറ്റൊരു പൊൻതൂവൽ. സംസ്ഥാന ഭരണകൂടവും എം എ യൂസുഫലി, രവിപിള്ള, പി എൻ സി മേനോൻ, ഡോ. ആസാദ് മൂപ്പൻ, ഡോ ഷംഷീർ വയലിൽ തുടങ്ങിയ പ്രവാസി സമ്പന്നരും കൈകോർത്താൽ കേരളമാകെ എളുപ്പം ദുബൈ പോലെയാകും. അതിന് ആദ്യം വേണ്ടത് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറലാണ്. വരട്ടുതത്വ വാദം ഇനി അഭികാമ്യമല്ല. പൂച്ച വെളുത്തതായാലും കറുത്തതായാലും എലിയെ പിടിച്ചാൽ മതി. ചൈന അങ്ങിനെയാണ് പട്ടിണി മാറ്റിയത്. സ്വകാര്യ മൂലധനം ആണ് ലോകത്തെ ഭരിക്കുന്നത്. അതിനെ സമൂഹത്തിനു കൂടി ഗുണകരമാകുന്ന വിധം ഉപയോഗപ്പെടുത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button