ദുബായ് താമസ കുടിയേറ്റ വകുപ്പ് ലോക തൊഴിലാളി ദിനം ആഘോഷിച്ചു
ദുബായ്: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വകുപ്പിന്റെ പ്രധാന കാര്യാലയത്തിലും എമിറേറ്റിലെ വിവിധ കമ്പനികളുടെ തൊഴിലിടങ്ങളിലും നടന്ന ആഘോഷങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പങ്കെടുത്തു. അൽ ജാഫ് ലിയ ഓഫീസിൽ നടന്ന പ്രധാന പരിപാടിയിൽ വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു. ഈ വർഷത്തെ ആഘോഷം കമ്മ്യൂണിറ്റി വർഷാചരണത്തിന്റെ ഭാഗമായി സഹിഷ്ണുത, ബഹുമാനം, സഹവർത്തിത്വം എന്നീ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിച്ചു.
ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ നിർദേശപ്രകാരം പ്രത്യേക ഫീൽഡ് ടീമുകൾ രൂപീകരിച്ച് വിവിധ കമ്പനികൾ സന്ദർശിച്ച് തൊഴിലാളികളോടൊപ്പം ഈ ദിനം ആഘോഷിച്ചു. ഈ കൂടിക്കാഴ്ചകൾ തൊഴിലാളികളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നതിനും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും പ്രാധാന്യം നൽകി . കൂടാതെ, എല്ലാ ജീവനക്കാർക്കും അവരുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് വകുപ്പിന്റെ ആശംസാ സന്ദേശം ടെക്സ്റ്റ് മെസ്സേജ് വഴി അയച്ചു.
“ജിഡിആർഎഫ്എ – ദുബായ്ക്ക് ഓരോ തൊഴിലാളിയുടെയും പങ്ക് വിലപ്പെട്ടതാണ്. ആയിരക്കണക്കിന് തൊഴിലാളികളുടെ പങ്കാളിത്തം മുൻകാല വിജയങ്ങളുടെ തുടർച്ചയാണ്,” എന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിനും ഐക്യബോധമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്. ദുബായിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന എല്ലാ തൊഴിലാളികൾക്കും ജിഡിആർഎഫ്എ ദുബായ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.