Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

നൈല ഉഷ

ഇഫ്താർ കിറ്റ് വിതരണം

സ്ത്രീ തൊഴിലാളി ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണവുമായി അക്കാഫ് അസോസിയേഷൻ വനിതകൾ

ദുബായ്: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി, അക്കാഫ് അസോസിയേഷന്റെ മെമ്പർ കോളജുകളിലെ വനിതാ മെമ്പർമാർ ദുബായ് സോനാപൂരിലെ വനിതാ തൊഴിലാളികൾ മാത്രം താമസിക്കുന്ന ലേബർ ക്യാമ്പിൽ നടത്തിയ ഇഫ്താർ കിറ്റുകൾ വിതരണം വേറിട്ടൊരു അനുഭവമായി. പ്രമുഖ സിനിമാ താരം നൈല ഉഷയാണ് നേതൃത്വം നൽകിയത്.
സ്ത്രീശക്തി, കരുണ, സഹാനുഭൂതി എന്നിവയ്ക്ക് മികവാർന്ന ഉദാഹരണമായി, പ്രവാസി ജീവിതത്തിന്റെ വെല്ലുവിളികൾ നേരിടുന്ന തൊഴിലാളികളോട് സ്നേഹവും പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് അക്കാഫിലെ മെമ്പർ കോളേജുകളിലെ വനിതാ മെമ്പർമാരാണ് ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകിയത്.
നൂർ ദുബായ് ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് സൗജന്യ നേത്ര പരിശോധനയും സംഘടിപ്പിച്ചിരുന്നു. കാഴ്ച പരിമിതിയുള്ളവർക്ക് സൗജന്യമായി കണ്ണടകളും വിതരണം ചെയ്തു. തുടർ ചികിത്സയും സർജറിയും ആവശ്യമുള്ളവർക്ക് അതിന് വേണ്ട സൗകര്യങ്ങളും സൗജന്യമായി തന്നെ ചെയ്തു കൊടുക്കുമെന്ന് നൂർ ദുബായ് അധികൃതർ അറിയിച്ചു.
സമൂഹത്തിൽ മാനവികതയുടെയും പരസ്പരസഹായത്തിന്റെയും സന്ദേശം നൽകുന്നതാണ് അക്കാഫ് അസോസിയേഷന്റെ കിറ്റ് വിതരണമെന്ന് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന ചലച്ചിത്ര താരം നൈല ഉഷ അഭിപ്രായപ്പെട്ടു.
വനിതാ ശക്തീകരണത്തിന്റെ ഭാഗമായാണ് അക്കാഫിലെ വനിതകൾ സ്ത്രീ ലേബർ ക്യാമ്പിലെത്തിയതെന്ന് ഇഫ്താർ ബോക്സ് 6 ന്റെ ജോയിന്റ് ജനറൽ കൺവീനർ ബീനാ ശശിശങ്കർ അറിയിച്ചു.
യു എ ഗവൺമെന്റ് പ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തവണ ഇഫ്താർ കിറ്റ് വിതരണം കുട്ടികൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രധാന്യം നൽകിക്കൊണ്ട് ഇഫ്താർ ബോക്സ്-6 സംഘടിപ്പിച്ചിട്ടുള്ളതെന്ന് അക്കാഫ് അസ്സോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ് അറിയിച്ചു.
അക്കാഫ് അസോസിയേഷൻ ലേബർ ക്യാമ്പുകളിൽ നടത്തിവരുന്ന ഇഫ്താർ ബോക്സ് – 6 എന്ന പേരിലുള്ള കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് വനിതാ ദിനത്തിലെ ഈ വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. മാർച്ച് ഒന്നിന് റമദാൻ ഒന്ന് മുതൽ ആരംഭിച്ച ലേബർ ക്യാമ്പുകളിലെ ഇഫ്താർ കിറ്റ് വിതരണം എട്ട് ദിവസം പിന്നിട്ടപ്പോഴേക്കും പതിനയ്യായിരത്തിലധികം കിറ്റുകൾ അൽ ഖൂസിലെയും, സോനാപൂരിലെയും വിവിധ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്തതായി ഇഫ്താർ ബോക്സ്- 6 ന്റെ ജനറൽ കൺവീനർ കെ വി ജോഷി, ജോയിന്റ് ജനറൽ കൺവീനർമാരായ ബീന ശശിശങ്കർ , നജീബ് ഹമീദ്, വേലായുധൻ എസ്, പി കെ ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു.
ഇക്കഴിഞ്ഞ ദിവസം അക്കാഫ് അസോസിയേഷൻ മെമ്പർമാരുടെ മക്കളടങ്ങിയ കുട്ടികളുടെ ഒരു വലിയ സംഘമാണ് കിറ്റ് വിതരണത്തിന് നേതൃത്വം നൽകിയത്.
ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി, ദുബായ് ഇസ്ലാമിക് അഫയേഴ്സ്, എന്നിവരുമായി സഹകരിച്ചാണ് ഇത്തവണയും അക്കാഫ് ഇഫ്താർ കിറ്റ് വിതരണം നടത്തുന്നത്. കൂടാതെ ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ പോലീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും വിവിധ കോളജ് അലുംനികളും , വെസ്റ്റ് സോൺ സൂപ്പർമാർക്കറ്റ് തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളും ഇഫ്താർ കിറ്റ് വിതരണവുമായി സഹകരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button