മ എന്ന മലപ്പുറം ഉല്‍സവം..
മലപ്പുറം ജില്ലാ മുസ്ലിം യുത്ത്‌ലീഗ് കമ്മിറ്റിയുടെ സാഹിത്യോല്‍സവം ജനുവരി മുപ്പത്തിയൊന്ന്, ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളില്‍ നടക്കുന്നു. ചന്ദ്രിക ദിനപത്രവും വാരികയും വഴി പതിറ്റാണ്ടുകള്‍ക്കു മുമ്പേ മുസ്ലിം ലീഗ് തുടക്കമിട്ട സംസ്‌ക്കാരിക മുന്നേറ്റത്തിന് പുതിയ കാലത്തിന്റെ മട്ടിലുള്ള തുടര്‍ച്ച ഒരുക്കുകയാണ് യൂത്ത് ലീഗ്. സ്‌നേഹം, പൈതൃകം, സാഹിത്യം എന്ന പ്രമേയത്തിലാണ് മലപ്പുറത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. ഈ സാഹിത്യോല്‍സവത്തിന്റെ നടത്തിപ്പില്‍ കെ.എം.സി.സി ഘടകങ്ങളാണ് മുഖ്യ പങ്കാളികള്‍. ആ നിലക്ക് നോക്കിയാല്‍ ജീവകാരുണ്യ, സാമൂഹിക സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറത്തുള്ള ഒരു സാസംസ്‌കാരിക തലത്തിലേക്ക് കെ.എം.സി.സിയുടെ ഇടപെടല്‍ കൂടിയാണ് ഈ സാഹിത്യോല്‍സവം വഴി സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ജീവകാരുണ്യം, രോഗീപരിചരണം, ഭവനനിര്‍മ്മാണം, സി.എച്ച് സെന്ററുകള്‍, ബൈത്തുറഹ്‌മ തുടങ്ങിയ ജനസേവനങ്ങളില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങിപ്പോകുന്നു എന്ന വിമര്‍ശം പലപ്പോഴായി പലരും ഉയര്‍ത്തിയതാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ സാഹിത്യോല്‍സവത്തിന്റെ ചെലവുകള്‍ വഹിച്ചുകൊണ്ട് ഏറെക്കുറെ എല്ലാ കെ.എം.സി.സി ഘടകങ്ങളും ഇതാ ഒരു സാസംസ്‌കാരിക ഉദ്യമത്തിനു മുതിരുകയാണ്. എന്റെ സുൃഹൃത്തുക്കള്‍ ഇക്കാര്യം തിരിച്ചറിയണമെന്നും ഈ പുതിയ തുടക്കത്തെ ആശീര്‍വദിക്കണമെന്നും അപേക്ഷിക്കുന്നു.
മുസ്ലിംലീഗ് ഒരു രാഷ്ട്രീയ കക്ഷിയാണ്, യുത്ത്‌ലീഗ് അതിന്റെ യുവനിരയും സമരഭടന്മാരുമാണ്, എന്തിനാണ് യൂത്ത്‌ലീഗ് ഒരു ലിറ്ററേചര്‍ ഫെസ്റ്റിവലിനു മുന്നിട്ടിറങ്ങണം, അത് ചെയ്യേണ്ടത് സാസ്‌കാരിക സംഘടനകളല്ലേ എന്ന് ചിന്തിക്കുന്നവര്‍ക്കിടയില്‍ പിന്തുണ തേടിയാണ് ഈ പരീക്ഷണവുമായി ജില്ലാ യുത്ത്‌ലീഗ് പ്രസിഡണ്ട് ഷരീഫ് കുറ്റൂര്‍ എന്നെ സമീപിച്ചത്. ഇപ്പോള്‍ എല്ലാവരും ആ ആശയത്തെ ഏറ്റെടുത്തിരിക്കുന്നു. പുതിയ കര്‍മ്മപഥങ്ങളിലേക്ക് യൂത്ത് ലീഗ് പ്രവേശിക്കുന്നു എന്നതും കേരളത്തില്‍ ഇപ്പോള്‍ വ്യാപകമായ ലിറ്ററേച്ചര്‍ ഫെസ്റ്റുകളുടെ മാതൃകയില്‍ മലപ്പുറത്തിന്റെ സ്‌നേഹവും പൈതൃകവും സാഹിത്യവും ആഘോഷിക്കുന്ന വേദികള്‍ ഒരുങ്ങുന്നു എന്നതും നല്ലൊരും സംഗതിയായും ഇതു വിജയിപ്പിക്കാനുള്ള യൂത്ത്‌ലീഗ് സുഹൃത്തുക്കളുടെ പരിശ്രമത്തില്‍ ഭാഗമാകാനും എനിക്ക് ആവേശം തോന്നി. ഫെസ്റ്റിവലിലെ പ്രധാന ഇനമായ അന്തർ ദേശീയ പുസ്തകമേള എന്റെ മകന്‍ അമീന്റെ പേരില്‍ സ്‌പോണ്‍സര്‍ ചെയ്യുമോ എന്ന താല്‍പര്യം സംഘാടകര്‍ ഉന്നയിച്ചപ്പോള്‍ ഞാനതേല്‍ക്കുകയും ചെയ്തു.
എന്റെ മകന്‍ അമീന്‍ പുസ്തകങ്ങളെയും വായനയെയും ഏറെ സ്‌നേഹിച്ചിരുന്നു. അവന്‍ വായിച്ചിരുന്ന പുസ്തങ്ങള്‍ ഇപ്പോഴും എന്റെ ബുക്ക് ഷെല്‍ഫിലുണ്ട്. നീത്‌ഷേ മുതല്‍ പൗലോ കൊയ്‌ലോ വരെയുള്ളവരായിരുന്നു അവന്റെ പ്രിയരപ്പെട്ട എഴുത്തുകാര്‍. തത്വചിന്തയും വിദേശ സാഹിത്യങ്ങളും അവനു പ്രിയപ്പെട്ടവയായിരുന്നു. പൗലോ കൊയ്‌ലോയുടെ ആല്‍കമിസ്റ്റ് എന്നെക്കൊണ്ട് നിര്‍ബന്ധിച്ചു വായിപ്പിച്ചത് ഓര്‍ത്തുപോകുന്നു ഞാന്‍. അവന്റെ പേരില്‍ ഒരു പുസ്തകമേള എന്ന ആശയം യൂത്ത് ലീഗ് സുഹൃത്തുക്കള്‍ അവതരിപ്പിച്ചപ്പോള്‍ പുസ്തങ്ങളെ സ്‌നേഹിച്ച എന്റെ മകനുള്ള ഒരു മരണാനന്തര ബഹുമതിയായി എനിക്കത് തോന്നി. അങ്ങനെയാണ് യുത്ത്‌ലീഗിന്റെ സാഹിത്യോല്‍സവത്തിലെ പുസ്തക മേളയ്ക്ക് മകന്‍ അമീന്റെ പേര് ചാര്‍ത്തിക്കിട്ടിയത്. സ്‌നേഹവും പൈതൃകവും സാഹിത്യവും കൊണ്ടാടുന്ന ഈ ഉല്‍സവം ഒരു മാറ്റം കുറിക്കട്ടെ, ഈ സാംസ്‌കാരിക ചലനത്തില്‍ കൂടെ നില്‍ക്കാന്‍ കഴിഞ്ഞതിലുള്ള എന്റെ ചാരിതാര്‍ത്ഥ്യം ഇവിടെ കുറിച്ചിടട്ടെ, ഫുജൈറയിലെ ചില ഉത്തരവാദിത്തങ്ങള്‍ കാരണം അവിടെ എത്തിച്ചേരാന്‍ കഴിയില്ലല്ലോ എന്ന സങ്കടത്തോടെ…ഡോ.പുത്തൂർ റഹ്‌മാൻ