ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള നിശ്ചയദാർഢ്യക്കാരായ കുട്ടികളുടെ വിദ്യാലയമായ അൽ ഇബ്തിസാമ റിഹാബിലിറ്റേഷൻ സെന്ററിൽ ‘കളർഫുൾ കമ്മ്യൂണിറ്റീസ്’ പദ്ധതിക്ക് തുടക്കമായി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും ഷാർജ ഇന്ത്യൻ അസോസിയേഷൻ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫയും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.നിശ്ചയ ദാർഢ്യ വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി യു.എസ് ആസ്ഥാനമായ പി.പി.ജി ഇൻഡസ്ട്രീസും അമിറ്റി യൂണിവേഴ്സിറ്റിയും സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘കളർഫുൾ കമ്മ്യൂണിറ്റീസ്’.
കുട്ടികളുടെ ജനനം മുതൽ കൗമാരം വരെയുള്ള വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന 18 മനോഹരമായ ചുവർ ചിത്രങ്ങളാണ് പി.പി.ജി യുടെ സഹകരണത്തോടെ അമിറ്റി യൂണിവേഴ്സിറ്റിയിലെ ആർക്കിടെക്റ്റ് വിദ്യാർത്ഥികൾ സ്കൂളിന്റെ മതിലുകളിൽ വരച്ചത്. പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. അമിറ്റി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. റാഫിദ് അൽഖദ്ദാർ, പി.പി.ജി മിഡിൽ ഈസ്റ്റ് ഡയറക്ടർ ജീൻ ഫ്രാൻസുവ ലമായിർ എന്നിവർ ആശംസകൾ അറിയിച്ചു.
പദ്ധതിയിൽ പങ്കാളികളായ പി.പി.ജി ഇൻഡസ്ട്രീസിനും അമിറ്റി യൂണിവേഴ്സിറ്റിക്കും ജനറൽ സെക്രട്ടറി ശ്രീപ്രകാശ് , ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി.പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച സലീഷ്, അബ്രഹാം സാമുവൽ, സക്കീന എന്നിവരെ ചടങ്ങിൽ അഭിനന്ദിച്ചു.
0 15 1 minute read