ലബനനിൽ വധ ഭീഷണി നേരിട്ടു -ഖലഫ് അൽ ഹബ്തൂർ
ദുബൈ |ലബനനിൽ നിക്ഷേപത്തിൽ നിന്നു പിൻമാറാൻ കാരണം വധ ഭീഷണിയാണെന്ന് ഇമറാത്തി വാണിജ്യ പ്രമുഖൻ ഖലഫ് അൽ ഹബ്തൂർ സമൂഹ മാധ്യമത്തിൽ വ്യക്‌തമാക്കി .സുരക്ഷാ കാരണങ്ങളാൽ ലബനനിലെ നിക്ഷേപ പദ്ധതികളിൽ നിന്ന് പിൻമാറിയതായി ഈ ആഴ്ച അൽ ഹബ് തൂർ അറിയിച്ചിരുന്നു . കഴിഞ്ഞ വർഷമാണ് വധഭീഷണി ഉണ്ടായത് . ലബനനിൽ നിന്ന് ടെലിവിഷൻ ചാനൽ തുടങ്ങാനായിരുന്നു പദ്ധതി .അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ് ഖലഫ് . കൊല്ലുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം വെളിപ്പെടുത്തി .സമൂഹ മാധ്യമത്തിൽ ഒരു അജ്ഞാത അക്കൗണ്ടിൽ നിന്നാണ് വധ ഭീഷണി എത്തിയത് . ലബനനിൽ ഇതിനെതിരെ ഒരു കേസ് ഫയൽ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചു. കോടതിയിൽ വിജയിച്ചു -അദ്ദേഹം പറഞ്ഞു.
“എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒരു അടികൊണ്ടുള്ള ഭീഷണിയല്ല . അങ്ങനെയാണെങ്കിൽ അത് പ്രശ്നമല്ല. പക്ഷേ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി,” ബുഡാപെസ്റ്റിലെ തന്റെ ഉടമസ്ഥതയിലുള്ള ഒരു ഹോട്ടലിൽ നിന്ന് സൂം വഴി റോയിട്ടേഴ്സിനോട് അദ്ദേഹം പറഞ്ഞു.
ലബനനിൽ ഒരു വലിയ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള ആഗ്രഹം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അൽ ഹബ്തൂർ എല്ലാ പദ്ധതികളും റദ്ദാക്കുകയാണെന്ന് അറിയിച്ചത് . “സുരക്ഷയുടെയും സ്ഥിരതയുടെയും അഭാവം അനുഭവപ്പെട്ടു . സമീപഭാവിയിൽ സ്ഥിതി പുരോഗമിക്കുന്ന ഒരു ചക്രവാളവും കണ്ടില്ല ”ലബനനിലെ തന്റെ എല്ലാ സ്വത്തുക്കളും നിക്ഷേപങ്ങളും വിൽക്കാനും പദ്ധതിയിടുന്നു. തന്റെ കുടുംബത്തോടും ഗ്രൂപ്പിന്റെ മാനേജർമാരോടും അവിടേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് .
“ഈ തീരുമാനങ്ങൾ ശൂന്യതയിൽ എടുത്തതല്ല, മറിച്ച് ശ്രദ്ധാപൂർവ്വം പഠിച്ചതിന്റെയും അവിടത്തെ സ്ഥിതിഗതികൾ ആഴത്തിൽ നിരീക്ഷിച്ചതിന്റെയും ഫലമായാണ് ഉണ്ടായത്,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരിയിലെ കണക്കനുസരിച്ച്, ഹബ്തൂർ ഗ്രൂപ്പിന്റെ ലബനനിലെ നിക്ഷേപം ഏകദേശം 100 കോടി ഡോളറായിരുന്നു. ലെബനൻ ബാങ്കിംഗ് സംവിധാനത്തിനുള്ളിൽ നിക്ഷേപിച്ച ഫണ്ടുകൾ, ഹിൽട്ടൺ ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സുമായി ബന്ധപ്പെട്ട ആഡംബര ഹോട്ടലുകൾ, ഒരു ഷോപ്പിംഗ് മാൾ, ഹബ്തൂർ ലാൻഡ് എന്ന് വിളിക്കപ്പെടുന്ന 100,000 ചതുരശ്ര മീറ്റർ വിനോദ കേന്ദ്രം, മറ്റ് പ്രോപ്പർട്ടി സംരംഭങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഈ നിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നു.ആ രാജ്യത്ത് നിക്ഷേപം പിൻവലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമോ എന്ന് ചോദിച്ചപ്പോൾ, സുരക്ഷയും സംരക്ഷണവും നൽകാൻ കഴിയുമെങ്കിൽ “തീർച്ചയായും ഞാൻ തിരിച്ചു പോകും” എന്ന് അൽ ഹബ്തൂർ പറഞ്ഞു.
0 2 1 minute read