മംഗളൂരു ആസ്ഥാനമായി വർഗീയ വിരുദ്ധ പൊലീസ് സേന
‘സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ‘
പരിധിയിൽ ദക്ഷിണ കന്നട, ഉഡുപ്പി,ശിവമോഗ ജില്ലകൾ
മംഗളൂരു:കർണാടകയുടെ തീരദേശ മേഖലകളിൽ ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവെപ്പിൽ രാജ്യത്ത് ആദ്യമായി സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (എസ്എഎഫ്) ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര വെള്ളിയാഴ്ച മംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു.മംഗളൂരുവിൽ ഈയിടെയുണ്ടായ മൂന്ന് കൊലപാതക പശ്ചാത്തലത്തിൽ വർഗീയ വിരുദ്ധ സേന
രൂപവത്കരിക്കും എന്ന് സർക്കാർ
പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണ കന്നട,ഉഡുപ്പി, ശിവമോഗ എന്നീ ജില്ലകൾ പരിധിയായാണ് എസ്എഎഫ് പ്രവർത്തിക്കുക.
മൂന്ന് ജില്ലകൾക്കും ഓരോന്ന് വീതമുള്ള മൂന്ന് കമ്പനികളിലായി 258 ഉദ്യോഗസ്ഥരാണ് ഈ സേനയിലുള്ളത്. ഓരോ കമ്പനിയിലും 78 ഉദ്യോഗസ്ഥർ വീതമുണ്ട്. ഡിഐജിപി, എസ്പി, ഡിവൈഎസ്പി, അസിസ്റ്റന്റ് കമാൻഡന്റ്, ഇൻസ്പെക്ടർ, ആർപിഐ, എസ്ഐ, സിഎച്ച്സി, സിപിസി, എപിസി തുടങ്ങി വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ എസ്എഎഫിൽ ഉൾപ്പെടുത്തും, ഇത് പൊതു ക്രമം നിലനിർത്തുന്നതിന് ശക്തമായ മൾട്ടി-ടയർ പ്രതികരണ സംവിധാനം ഉറപ്പാക്കുന്നു.
ഈ സംരംഭം സുരക്ഷ വർധിപ്പിക്കുക മാത്രമല്ല, മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുകയും ചെയ്യുമെന്ന് പരമേശ്വര പറഞ്ഞു. മംഗളൂരുവിൽ ഞാൻ കഴിഞ്ഞ തവണ നടത്തിയ സന്ദർശന വേളയിൽ വർഗീയ വിരുദ്ധ വിഭാഗം സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കന്നടയിലെ ജനങ്ങൾക്ക് സമ്പന്നമായ പാരമ്പര്യത്തിൽ വേരൂന്നിയ വ്യത്യസ്തമായ ചിന്താഗതിയും തൊഴിൽ സംസ്കാരവുമുണ്ട്. എന്നാൽ വർഗീയ വിദ്വേഷം ജില്ലയുടെ സമാധാനത്തിനും ഐക്യത്തിനും ഭീഷണിയാണ് .വർഗീയ വിദ്വേഷം നിയന്ത്രിക്കാനും ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഒരു പ്രത്യേക ആക്ഷൻ ഫോഴ്‌സ് സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
ജില്ല ചുമതലയുള്ള മന്ത്രി ദിനേശ്
ഗുണ്ടുറാവു,നിയമസഭ സ്പീക്കർ
മംഗളൂരു എംഎൽഎ യു.ടി.ഖാദർ,
ഡിജി- ഐജിപി എം എ സലീം, ഐജിപി വെസ്റ്റേൺ റേഞ്ച് അമിത് സിംഗ്, മംഗളൂരു പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി, ദക്ഷിണ കന്നട എസ്പി ഡോ. അരുൺ കുമാർ, എം.എൽ.സിമാരായ ഇവാൻ ഡിസൂസ, എം.എൽ.സിയും വിദ്യാഭ്യാസ വിചക്ഷണനുമായ മഞ്ജുനാഥ് ഭണ്ഡാരി, ഡെപ്യൂട്ടി കമ്മീഷണർ മുല്ലൈ മുഹിലൻ എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തു.
*
മംഗളൂരുവിൽ സ്പെഷ്യൽ
ആക്ഷൻ ഫോഴ്സ് ആഭ്യന്തര
മന്ത്രി ഡോ.ജി.പരമേശ്വര ഉദ്ഘാടനം ചെയ്യുന്നു.നിയമസഭ
സ്പീക്കർ യു.ടി.ഖാദർ, മന്ത്രി ദിനേശ് ഗുണ്ടുറാവു , ഡിജിപി എം.എ.സലിം എന്നിവർ
സമീപം